കണ്ണൂർ: കേരളത്തിൽ കോവിഡ് വ്യാപനം അതിശക്തമായ സാഹചര്യത്തിൽ അതിർത്തികൾ കൊട്ടിയടച്ച് കുടക് ഭ്രണകൂടം. കേരളത്തിൽ നിന്നുള്ള യാത്രക്കാരും ചരക്ക് വാഹനങ്ങളും കർണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് കുടക് ജില്ലാ ഭരണ കൂടം ഏർപ്പെടുത്തിയ നിയന്ത്രണം അതിശക്തമാക്കിയിട്ടുണ്ട്. ഇതുവരെ തുടർന്നിരുന്നു നിയന്ത്രണങ്ങൾ 13 വരെ നീട്ടിയതായി കുടക് ജില്ലാ കലക്ടർ അറിയിച്ചു.

രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് അന്തർ സംസ്ഥാന യാത്രയ്ക്ക് നിയന്ത്രണങ്ങൾ എല്ലാം നീക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാറിന്റെ ഉത്തരവ് വന്നെങ്കിലും കുടകുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലടക്കം രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കുടക് ജില്ലാ ഭരണകൂടം ഒരു മാസത്തോളമായി തുടരുന്ന നിയന്ത്രണങ്ങൾ ഈ മാസം 13 വരെ തുടരാൻ തീരുമാനിച്ചത്. കേരളത്തിൽ നിന്നും കുടികിലേക്കുള്ള യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും ബസ് സർവ്വീസീനും എർപ്പെടുത്തിയ നിയന്ത്രണമാണ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയത്. നേരത്തെ ഓഗസ്റ്റ് 31 വരെയായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

കേന്ദ്ര സർക്കാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ നീങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലുള്ള നിയന്ത്രണങ്ങൾ നീട്ടിക്കൊണ്ട് കടക് അസിസ്റ്റന്റ് കമ്മീഷണൻ ചാരുലതാ സോമൻ കഴിഞ്ഞ ദിവസം പുതിയ ഉത്തരവിറക്കി. നിലവിൽ തുടരുന്ന രത്രികാല കർഫ്യുവും , വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ കൊവിഡില്ലാ സർഫിക്കറ്റും, ചരക്ക് വാഹനതൊഴിലാളികൾക്ക് ഏഴു ദിവസത്തിനുള്ളിൽ എടുത്ത ആർ ടി പി സി ആർ സർട്ടിഫിക്കറ്റുമാണ് വേണ്ടത്. ഈ നിയന്ത്രണങ്ങൾക്കൊപ്പം കേരളത്തിൽ നിന്നും എത്തുന്നവർക്ക് ഏഴുദിവസത്തെ നിർബന്ധിത ഹോം ക്വാറന്റീനും കർശനമാക്കിയിട്ടുണ്ട്.

13 വരെ കുടകിൽ നിന്നും കേരളത്തിലേക്കും കേരളത്തിൽ നിന്നും കുടകിലേക്കുമുള്ള എല്ലാ ബസ് സർവ്വീസുകൾക്കുമുള്ള യാത്രാ നിരോധനവും ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ്ണ ലോക്ഡൗണും തുടരും. നിബന്ധനങ്ങൾ പാലിച്ചുകൊണ്ട് വെള്ളിയാഴ്‌ച്ച് വൈകിട്ട് അഞ്ചുമണിവരെ മാക്കൂട്ടം വഴിയുള്ള പ്രവേശനത്തിന് അനുമതിയുണ്ടാവും . എന്നാൽ ക്വാറന്റീൻ നിർബന്ധിതമാക്കിയത് ഇതുവഴിയുള്ള നിത്യ യാത്രക്കാർക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്.

കുടികിലേക്ക് തൊഴിലാളികളും വ്യാപാരികളും ഉൾപ്പെടെ വലിയൊരു വിഭാഗം മലയാളികൾ ദിനം പ്രതി യാത്രചെയ്ത് ജോലി സ്ഥലത്ത് എത്തുന്നവരാണ്. തോട്ടം മേഖലയിലെ തൊഴിലാളികളിൽ ഭൂരിഭാഗവും പേരട്ട, കൂട്ടുപുഴ ഉൾപ്പെടെ മലയോരമേഖലയിൽ നിന്നുള്ളവരാണ്. നിർബന്ധിത ക്വാറന്റീൻ തങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവർ പറയുന്നത്.

ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ എത്തേണ്ടവർക്കും മാരക രോഗങ്ങൾക്ക് ചികിത്സ നേടുന്നവർക്കും നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇത്തരം യാത്രക്കാർക്കും അവർക്കൊപ്പം ഉള്ളവർക്കും ചെക്ക് പോസ്റ്റിൽ തന്നെ ആന്റിജൻ പരിശോധനയ്ക്കുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട് . ഇവരുടെ പരിശോധനാ ഫലം ചെക്ക് പോസ്റ്റിൽ വെച്ച് ബന്ധപ്പെട്ടവരെ അറിയിക്കും. വാരാന്ത്യ ലോക്ക്ഡൗൺ സമയത്ത് പരീക്ഷയെഴുതാൻ പോകേണ്ട വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് കാണിച്ചും ബംഗളൂരുവിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് ടിക്കറ്റ് കാണിച്ചാലും യാത്രാനുമതി നൽകുമെന്ന് കുടക് ജില്ലാഭരണകൂടം അറിയിച്ചു.