ഹൈദരാബാദ്: 500 കിലോമീറ്ററിലേറെ ബസ് യാത്ര-കർണാടകയിലെ കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർ വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെത്തിയത് റോഡുമാർഗ്ഗമായിരുന്നു. ശതകോടീശ്വരന്മാരായിരുന്നു ബസിലെ പല എംഎൽഎമാരും. ചാർട്ടേഡ് വിമാനം കിട്ടില്ലെന്നുറപ്പായതോടെയായിരുന്നു രണ്ടു ബസുകളിലായി എംഎൽഎമാരെ കുമാരസ്വാമി ഹൈദരാബാദിലെത്തിച്ചത്. ഒരു മണിക്കൂറിനുശേഷം ഒരു സ്ലീപ്പർ ബസ് കൂടിയെത്തി. യാത്ര എട്ടു മണിക്കൂർ. അവിടെ എത്തിയപ്പോൾ തന്നെ സുപ്രീംകോടതി വിധിയെത്തി. പിന്നെ ഒന്നും ആലോചിച്ചില്ല. ബംഗളുരൂവിലേക്ക് തിരിച്ചു മടങ്ങി.

അതും 200 കാറുകളുടെ അകമ്പടിയോടെ. ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനുള്ള അടുപ്പം മൂലമാണ് എംഎൽഎമാരെ ഇവിടെയെത്തിച്ചത്. മുഖ്യ പ്രതിപക്ഷകക്ഷി കോൺഗ്രസ് ആയതിനാൽ രാഷ്ട്രീയസാഹചര്യം അനുകൂലം. ജെഡിഎസ് പക്ഷത്തുനിന്നു കക്ഷിനേതാവ് എച്ച്.ഡി.കുമാരസ്വാമി ഒഴികെയുള്ള എംഎൽഎമാരെ നോവോടെൽ ഹോട്ടലിലും കോൺഗ്രസ് എംഎൽഎമാർ, കെപിജെപി അംഗം ആർ.ശങ്കർ, സ്വതന്ത്രൻ എച്ച്.നാഗേഷ് എന്നിവരുൾപ്പെടെയുള്ളരെ താജ് കൃഷ്ണ ഹോട്ടലിലുമാണു പാർപ്പിച്ചത്.

വൈകിട്ടെത്തിയ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഹോട്ടലിൽ വച്ചു കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. കർശന സുരക്ഷയാണ് എംഎൽഎമാർക്ക് ഒരുക്കിയത്. ചില തെലങ്കാന നേതാക്കളൊഴികെ ആർക്കും പ്രവേശനം അനുവദിച്ചില്ല. എംഎൽഎമാർ കാര്യമായി പുറത്തിറങ്ങിയതുമില്ല. ബിജെപിയുടെ കുതിരക്കച്ചവടത്തെ ഭയന്നായിരുന്നു ഇത്. ദൾ അംഗങ്ങൾ തങ്ങിയ ഹോട്ടലിലേക്കു കാര്യമായ മാധ്യമശ്രദ്ധ എത്തിയില്ല. ഇവിടെ സുരക്ഷയ്ക്കു ബൗൺസർമാരെ അണിനിരത്തിയിരുന്നു. എല്ലാം ബിജെപിയിൽ നിന്നും എംഎൽഎമാരെ അകറ്റി നിർത്താനുള്ള തന്ത്രം. ഇത് വിജയിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് വിശ്വാസ വോട്ടെടുപ്പിനായി എംഎൽഎമാരുടെ തിരിച്ചു മടക്കം.

എംഎൽഎമാരിൽ ആനന്ദ് സിങ് മാത്രമാണു തങ്ങൾക്കൊപ്പമില്ലാത്തതെന്നു കോൺഗ്രസ് പറയുന്നു. ഇദ്ദേഹത്തെ ബിജെപി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ആദായനികുതി വകുപ്പിനെയും ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നു സിദ്ധരാമയ്യയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ആരോപിച്ചു. ഇതിന് സമാനമായി പതിനഞ്ചോളം പേരെ അടർത്തിയെടുക്കാനായിരുന്നു ബിജെപിയുടെ പദ്ധതി. വിശ്വാസ വോട്ടെടുപ്പിന് ഇന്ന് തീയതി നിശ്ചയിച്ചതോടെ എല്ലാം മാറിമറിഞ്ഞു. ബിജെപിക്ക് എംഎൽഎമാരെ സ്വാധീനിക്കാൻ മതിയായ സമയം ഇല്ലാതെ പോയി. ഇത് കോൺഗ്രസിനും ദള്ളിനും കരുത്തായി മാറി.

കോൺഗ്രസ് ജെഡിഎസ് സഖ്യത്തിലെ 14 അംഗങ്ങൾ രാജിവയ്ക്കുകയോ വിപ് ലംഘിച്ച് അയോഗ്യരാവുകയോ ചെയ്യുകയാണെങ്കിൽ മാത്രമേ വിശ്വാസ വോട്ടെടുപ്പിൽ ബിജെപി ജയിക്കൂ. വോട്ടെടുപ്പിൽ നിന്ന് ഇവർ വിട്ടു നിൽക്കുന്നു. അപ്പോൾ അംഗബലം 107 ആവും . 104 കേവലഭൂരിപക്ഷമാകും. യദ്യൂരപ്പയ്ക്ക് വിജയിക്കാം. രണ്ടു സ്വതന്ത്രരും ബിജെപിക്ക് ഒപ്പം നിൽക്കുന്നു. ബിജെപിയുടെ ബലം 106 ആവുന്നു. പിന്നെ എതിരാളികളിൽ 12 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുന്നു. അപ്പോൾ പത്തു പേർ വിട്ടു നിന്നാൽ മതിയാവും. യദ്യൂരപ്പയ്ക്ക് തുടരാം. എന്നാൽ ഇതെല്ലാം സ്വപ്‌നത്തിലെ കണക്കുകൾ മാത്രമാണെന്ന് വിലയിരുത്തുന്നു. എതിരാളികളിൽ 14 പേർ സത്യപ്രതിജ്ഞ ചെയ്യാതിരിക്കുന്നത്. അപ്പോഴും ബിജെപിക്ക് കേവലഭൂരിപക്ഷമാകും.

എല്ലാ സാധ്യതകളും എല്ലാവരും പരിഗണിക്കുന്നുണ്ട്. പ്രവർത്തകരോട് വൈകിട്ട് ആഹ്‌ളാദപ്രകടനത്തിന് ഒരുങ്ങിക്കൊള്ളാനാണ് യെദ്യൂരപ്പയുടെ നിർദ്ദേശം. തികഞ്ഞ ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിക്കുന്നു. ചേരിമാറാമെന്ന് ആരും കരുതരുതെന്ന് ഡികെ ശിവകുമാറും സിദ്ധരാമയ്യയും എംഎൽഎമാരെ ഓർമ്മിപ്പിക്കുന്നു. അഭിമാനത്തിന്റെ പ്രശ്നമാണെന്ന് എച്ച് ഡി കുമാരസ്വാമിയും പറയുന്നു. അങ്ങനെ കർണ്ണാടകയിൽ എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല. അപ്പോഴും സുപ്രീംകോടതിയുടെ ഇടപെടലിലൂടെ ബിജെപിയുടെ സാധ്യതകൾ കുറഞ്ഞുവെന്ന് തന്നെയാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

അതിനിടെ കർണാടകത്തിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിധാൻ സൗധയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ ആറുമുതൽ രാത്രി 12 വരെയാണ് നിരോധനാജ്ഞ. ശനിയാഴ്ച വൈകീട്ട് നാലിനാണ് വിശ്വാസ വോട്ടെടുപ്പ്. കർണാടകയിൽ കെ.ജി ബൊപ്പയ്യയെ പ്രൊടേം സ്പീക്കറായി തിരഞ്ഞെടുത്ത ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ബൊപ്പയ്യയുടെ നിയമനം ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ന് രാത്രി തന്നെ പരിഗണിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിന് വേണ്ടി അഡ്വക്കറ്റ് ദേവദത്ത് കാമത്ത് ആണ് സുപ്രീംകോടതിയിൽ ഹാജരായത്. ഹർജി ശനിയാഴ്ച രാവിലെ 10.30 ന് പരിഗണിക്കും.

പ്രോടേം സ്പീക്കറായി മുതിർന്ന എംഎ‍ൽഎയെ ആണ് നിയമിക്കേണ്ടതെന്നും മുതിർന്ന എംഎ‍ൽഎ കോൺഗ്രസ് പാർട്ടിയിലാണുള്ളതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. യെദ്യൂരപ്പയുടെ വലം കൈയും ആർഎസ്എസ് പ്രവർത്തകനുമായ ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചത് നാളത്തെ വിശ്വാസ വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നും കോൺഗ്രസും-ജെ.ഡി.എസും ഹർജിയിൽ ആരോപിച്ചു. രാത്രിയിലെത്തിയ ചില അഭിഭാഷകർക്ക് സുരക്ഷാ ഉദ്യോഗസ്ഥർ അനുമതി നിഷേധിച്ചതിൽ പ്രതഷേധിച്ച് കോടതി പരസിരത്ത് അധികൃതരുമായി വാക്കേറ്റവുമുണ്ടായി. നാളെ വൈകുന്നേരം നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് യെദ്യൂരപ്പയുടെ താത്കാലിക സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. തുടർന്നായിരുന്നു മുൻ സ്പീക്കറും വീരാജ്പേട്ട് എംഎ‍ൽഎയുമായ കെ.ജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ചത്