ന്യൂഡൽഹി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ആശ്വസിക്കാവുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് സി- ഫോർ നടത്തിയ സർവേ റിപ്പോർട്ടിൽ പറയുന്നത്. കോൺഗ്രസ് തന്നെ അധികാരത്തിൽ എത്തുമെന്നും മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തന്നെ വേണമെന്നുമാണ് സർവേ ഫലങ്ങളിൽ പറയുന്നത്. കോൺഗ്രസും ബിജെപിയും നില മെച്ചപ്പെടുത്തുമ്പോൾ ജനതാദൾ എസ് പിന്നിലേക്ക് പോകുമെന്നാണ് സർവേയിൽ നൽകുന്ന സൂചന.

മാർച്ച് ഒന്നുമുതൽ 25 വരെ 154 നിയമസഭാ മണ്ഡലങ്ങളിലെ 22,357 വോട്ടർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. നഗരമേഖകളിലെ 326 പ്രദേശങ്ങൾ, ഗ്രാമീണമേഖലകളിലെ 977 കേന്ദ്രങ്ങൾ എന്നിവകൂടാതെ 2368 പോളിങ് ബൂത്തുകളും അടിസ്ഥാനപ്പെടുത്തിയാണ് സർവ്വേ ഫലം തയ്യാറാക്കിയിട്ടുള്ളതെന്നാണ് സി-ഫോർ പറയുന്നു.

സി-ഫോർ സർവേ അനുസരിച്ച് കോൺഗ്രസ് 46 ശതമാനം വോട്ട് വിഹിതത്തോടെ 126 സീറ്റുമായി അധികാരം നിലനിർത്തും. 2013 ൽ 122 സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. ഇത്തവണ ബിജെപിയും നില മെച്ചപ്പെടുത്തുമെന്നാണ് സർവേ പറയുന്നത്. 31 ശതമാനം വോട്ട് വിഹിതം നേടുന്ന ബിജെപി 70 സീറ്റുകളിൽ വിജയിക്കും. 2013ൽ 40 സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചിരുന്നത്. അതേസമയം ജനതാദൾ എസിന് ഇത്തവണ വോട്ടുവിഹിതത്തിലും സീറ്റെണ്ണത്തിലും വലിയ കുറവ് വരുമെന്നാണ് സി-ഫോർ സർവേ പറയുന്നത്.

ജനതാദൾ എസ് 16 ശതമാനം വോട്ടാണ് ഇത്തവണ നേടുക. 2013 ൽ 40 സീറ്റ് നേടിയ സ്ഥാനത്ത് ഇത്തവണ ലഭിക്കുക 27 സീറ്റ് മാത്രമാകും. മറ്റുള്ളവർക്ക് ഒരു സീറ്റുമാത്രമാണ് പ്രവചിച്ചിരിക്കുന്നത്.

സർവേയിൽ പങ്കെടുത്ത പുരുഷന്മാരിൽ 44 ശതമാനവും സ്ത്രീകളിൽ 48 ശതമാനവും കോൺഗ്രസിന് വോട്ട് ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. ബിജെപിക്ക് 33 ശതമാനം പുരുഷന്മാരും 29 ശതമാനം സ്ത്രീകളും വോട്ട് ചെയ്യുമെന്ന് പറഞ്ഞു. 17 ശതമാനം പുരുഷന്മാരും എട്ട് ശതമാനം സ്ത്രീകളും ജനതാദൾ എസിന് വോട്ട് ചെയ്യും. 18 മുതൽ 50 വയസിന് മുകളിൽ ഉള്ള വോട്ടർമാരിൽ വരെ കോൺഗ്രസിനാണ് മുൻതൂക്കമെന്നും സർവേയിൽ പറയുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിലെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയെയാണ് ആളുകൾക്ക് കൂടുതൽ താൽപര്യം. 46 ശതമാനം ആളുകളും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നു. ബിജെപി മുഖ്യമന്ത്രിയായി ഉയർത്തി കാട്ടുന്ന മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് 26 ശതമാനം ആളുകൾ മാത്രമാണ് പിന്തുണ നൽകിയത്. ജനതാദൾ എസിന്റെ എച്ച്.ഡി. കുമാര സ്വാമിക്ക് 13 ശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

നിലവിലെ കോൺഗ്രസ് ഭരണത്തിൽ 21 ശതമാനം ആളുകൾ പൂർണ തൃപ്തി രേഖപ്പെടുത്തി. 54 ശതമാനം ആളുകളും ചെറിയ പ്രശ്നങ്ങളുണ്ടെങ്കിലും സന്തുഷ്ടരാണ്. 25 ശതമാനം ആളുകൾ ഭരണത്തിൽ അതൃപ്തരാണ്. സർവേയിൽ പങ്കെടുത്ത ബിപിഎൽ പട്ടികയിലുള്ള 65 ശതമാനം ആളുകളും കോൺഗ്രസ് ഭരണത്തിൽ തൃപ്തരാണ്. 64 ശതമാനം കർഷകരും, ദളിതരിൽ 74 ശതമാനവും കോൺഗ്രസിനെ പിന്തുണയ്ക്കുന്നു.