ബംഗളുരു: ജാതി-മത സമവാക്യങ്ങൾക്ക് വളരെയേറെ പ്രാധാന്യമുള്ള സംസ്ഥാനമാണ് കർണാടക. പ്രത്യേകിച്ചും ദളിത് വോട്ടുകൾക്ക്. ജനസംഖ്യയുടെ 20 ശതമാനത്തോളം ദളിതുകളുള്ള കർണാടകയിൽ, ദളിത് വോട്ടുകൾ 100 മണ്ഡലങ്ങളിലെങ്കിലും വിജയസാധ്യത നിർണയിക്കും. ഭരണംപോലും പിടിക്കാൻ കെൽപ്പുള്ള ഈ വോട്ട് ബാങ്കിനെയാണ് കോൺഗ്രസ് ഇക്കുറിയും ആശ്രയിക്കുന്നത്. ഭരണവിരുദ്ധ വികാരം കൂടി വരുമ്പോൾ ദളിതുകൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ ബിജെപിയും മുന്നേറുന്നു.

പട്ടികജാതിക്കാർക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള 36 മണ്ഡലങ്ങളാണ് കർണാടകയിലുള്ളത്. ദളിത് വോട്ടുകൾ പൂർണമായി ഒരു ഭാഗത്തേയ്ക്ക് പോകുന്ന രീതി കർണാടകയിൽ പതിവില്ലെങ്കിലും പരമാവധി ദളിത് വോട്ടുകൾ ഭിന്നിക്കാതെ സ്വന്തം പാളയത്തിലെത്തിക്കാനാണ് കോൺഗ്രസ്സിന്റെയും ബിജെപിയുടെയും ശ്രമം. ദളിത് വോട്ടുകൾ എങ്ങോട്ടെന്നത് തിരഞ്ഞെടുപ്പുകളുടെ സ്വഭാവം നിശ്്ചയിക്കുന്ന രീതിയില്ലെങ്കിലും, പരമാവധി സമാഹരിക്കാൻ ഇരുമുന്നണികളും കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ട്.

കോൺഗ്രസിന്റെ മുതിർന്ന നേതാവ് മല്ലികാർജുന ഖാർഗെ പ്രതിനിധാനം ചെയ്യുന്ന ദളിത് വിഭാഗങ്ങളിലാണ് കോൺഗ്രസ്സിന്റെ പ്രതീക്ഷ. എന്നാൽ, ദളിതിലെ പ്രബലവിഭാഗമായ മഡിഗകൾ കോൺഗ്രസ്സിനെതിരാണ്. സംവരണം നിശ്ചയിക്കുന്നതിനായി ഏർപ്പെടുത്തിയ ജസ്റ്റിസ് എ.ജെ. സഹാശിവ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാത്തതിനാൽ അവർ നിലവിലെ സർക്കാരിനെതിരാണ്. ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത് മഡിഗകളെയാണ്. എന്നാൽ, ഈ വിഭാഗത്തിൽ പിടിമുറുക്കാൻ ജനതാദൾ എസ്സും ബിഎസ്‌പിയും ശക്തമായി രംഗത്തുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 50 ശതമാനത്തോളം ദളിത് വോട്ടുകൾ കോൺഗ്രസ്സിനെയാണ് പിന്തുണച്ചതെന്ന് സി.എസ്.ഡി.എസിന്റെ പഠനത്തിൽ പറയുന്നു. ബിജെപിക്ക് 20 ശതമാനത്തോളം വോട്ടാണ് ലഭിച്ചത്. എന്നാൽ, 2008-ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ ദളിതുകൾ കാര്യമായി സഹായിച്ചു. 36 സംവരണ മണ്ഡലങ്ങളിൽ 22-ഉം അന്ന് ബിജെപിക്ക് ലഭിച്ചു. 2013-ലെ തിരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് നിലമെച്ചപ്പെടുത്തുകയും ചെയ്തു.

36 സംവരണ സീറ്റുകൾ ഉള്ളതിന് പുറമെ, 60 സീറ്റുകളിലെങ്കിലും ദളിത് വോട്ടുകൾക്ക് ജയപരാജയങ്ങളെ സ്വാധീനിക്കാനുള്ള ശേഷിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സദാശിവ കമ്മീഷൻ നടപ്പിലാക്കാത്തതിനെതിരേയുള്ള ജനവികാരം സിദ്ധാരാമയ്യ സർക്കാരിനെ പ്രതികൂലമെന്നാണ് ബിജെപി വിലയിരുത്തൽ.

സംസ്ഥാനത്തെ 101 ദളിത് വിഭാഗങ്ങളെ നാല് വിഭാഗങ്ങളാക്കി തിരിച്ച് സംവരണം നിശ്ചയിക്കണമെന്നതാണ് കമ്മിഷന്റെ പ്രധാന ശുപാർശ. ഈ ശുപാർശ നടപ്പാക്കാൻ മടിക്കുന്നതാണ് ദളിതുകളെ സിദ്ധാരാമയ്യ സർക്കാരിൽനിന്ന് അകറ്റുന്നത്.