തിനായിരത്തോളം വ്യാജ വോട്ടർ ഐഡി കാർഡുകൾ കണ്ടെടുത്ത കർണാടകയിലെ ആർആർ നഗറിലെ തിരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ശേഷിക്കെ, ഇക്കാര്യത്തെക്കുറിച്ച അന്വേഷണം നടത്തി തീരുമാനം പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർ ചന്ദ്രഭൂഷൺ കുമാറിനെ ബെംഗളൂരുവിലേക്ക് അയച്ചു. ഇന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് കർണാടകയിൽനിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.

ആർആർ നഗറിലെ ജലഹള്‌ളിയിലുള്ള ഫ്‌ളാറ്റിൽനിന്ന് ചൊവ്വാഴ്ചയാണ് പതിനായിരത്തോളം വ്യാജ കാർഡുകൾ പിടിച്ചെടുത്തത്. വോട്ടർപട്ടികയിൽ പേരുചേർത്ത ഫോം ആറിന്റെ ആയിരത്തിലേറെ കൗണ്ടർഫോയിലുകളും പിടിച്ചെടുത്തിരുന്നു. തിരഞ്ഞെടുപ്പിൽ വൻതോതിൽ കൃത്രിമം കാട്ടാനായി ഉണ്ടാക്കിയവയാണ് ഈ കാർഡുകളെന്ന ആരോപണം ബിജെപിയും കോൺഗ്രസ്സും ഉയർത്തിയിരുന്നു. സിറ്റിങ് കോൺഗ്രസ് എംഎൽഎ എൻ മുനിരത്‌നയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെടുന്ന ലഘുലേഖകളും ഇവിടെ പരിശോധന നടത്തിയ ഫ്‌ളൈയിങ് സ്‌ക്വാഡ് പിടിച്ചെടുത്തു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന ആരോപണവുമായി ബിജെപിയും ജനതാദൾ എസ്സും രംഗത്തെത്തി. എന്നാൽ, ഈ കെട്ടിടത്തിന്റെ ഉടമ ബിജെപി നേതാവായ മഞ്ജുള നഞ്ജമാരിയാണെന്ന് വെളിപ്പെട്ടതോടെ സംശയത്തിന്റെ ചൂണ്ടുവിരൽ ബിജെപിക്കുനേരെയായി. വ്യാജ കാർഡുകൾ കണ്ടെടുത്ത ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്നത് രാകേഷ് എന്ന ബിജെപി പ്രവർത്തകനാണെന്നും വ്യക്തമായി. ഇതോടെ, പ്രതിരോധത്തിലായിരുന്ന കോൺഗ്രസ് അതിശക്തമായി തിരിച്ചടിച്ചു.

വ്യാജ കാർഡുകൾ കണ്ടെടുത്ത സംഭവത്തെ അതീവ ഗൗരവമായാണ് തിരഞ്ഞെടപ്പ് കമ്മീഷൻ കാണുന്നതെന്ന് അധികൃതർ അറിയിച്ചു. ഡപ്യൂട്ടി തിരഞ്ഞെടുപ്പ് ക്മ്മീഷണർ ചന്ദ്ര ഭൂഷൺ കുമാറിനോട് സംഭവസ്ഥലത്തെത്തി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞടുപ്പ് ഓഫീസർ സഞ്ജീവ് കുമാർ പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ് മാറ്റിവെക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

9896 വ്യാജ ഐഡി കാർഡുകളും വോട്ടർ പട്ടികയിൽ പേരുചേർക്കാനുള്ള അപേക്ഷയുടെ സീൽ പതിപ്പിച്ച 6342 കൗണ്ടർ ഫോയിലുകളും സീൽ പതിപ്പിക്കാത്ത 20,700 കൗണ്ടർ ഫോയിലുകളുമാണ് ഫ്‌ളാറ്റിൽനിന്ന് കണ്ടെടുത്തതെന്ന് സഞ്ജീവ് കുമാർ പറഞ്ഞു. ഇതിനൊപ്പം അഞ്ച് ലാപ് ടോപ്പുകളും മൂന്ന് സിറോക്‌സ് കോപ്പിയറുകളും ഒമ്പത് മൊബൈൽ ഫോണുകളും പാൻ കാർഡുകളും ഡ്രൈവിങ് ലൈസൻസുകളും പിടിച്ചെടുത്തു. കണ്ടെടുത്ത വോട്ടർ കാർഡുകൾ ഓരോ ഘട്ടങ്ങളിലായി ജനങ്ങളിൽനിന്ന് ശേഖരിച്ചവയാണെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.