ബെംഗളൂരു: രാജ്യത്തിന്റെ ഐടി തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ബംഗളൂരു കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് വേറിട്ടൊരു വഴിയിലൂടെയാണ്. യുവാക്കൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നേക്കുമെന്ന സൂചനകൾ വന്നതോടെ അവർക്കായി പുതിയ 'ഓഫറുകൾ' പുറത്തെടുത്തിരിക്കുകയാണ് വ്യാപാരികൾ. രാഷ്ട്രീയപാർട്ടികളുടെ ആഹ്വാനമല്ല ഇതൊന്നും. മറിച്ച് കടക്കാർ തന്നെയാണ് യുവാക്കളെ ആകർഷിക്കാൻ ഇറങ്ങിയത്. വോട്ടെടുപ്പ് പുരോഗമിക്കുകയാണ് കർണാടകയിൽ. രണ്ടുമണിയോടെ പോളിങ് ശതമാനം 45 ശതമാനം പിന്നിട്ടു. വൈകുന്നേരം ആകുമ്പോഴേക്കും പോളിങ് കൂടുമെന്ന പ്രതീക്ഷയാണ് എല്ലാ രാഷ്ട്രീയ കക്ഷികളും പങ്കുവയ്ക്കുന്നത്.

ഇതിനിടെ സെലിബ്രിറ്റികളുടെ വോട്ടുചെയ്യലും ചർച്ചയായി. സീനിയർ ക്രിക്കറ്റ് താരങ്ങളായ ദ്രാവിഡും കുടുംബസമേതമെത്തിയ അനിൽ കുംബ്‌ളെയും ചലച്ചിത്ര താരങ്ങളുമെല്ലാം ഉച്ചയ്ക്കുമുന്നേ വോട്ടുചെയ്തു. രാഷ്ട്രീയ നേതാക്കളും രാവിലെ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടുചെയ്യാനെത്തിയ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി യദിയൂരപ്പയും കോൺഗ്രസ് മുഖ്യമന്ത്രിയായ സിദ്ധരാമയ്യയും വാക്‌പോരിലൂടെയും വോട്ടെടുപ്പുദിനത്തിൽ വാർത്തയിൽ ഇടംപിടിച്ചു. ലോകത്താകമാനം ആരാധകരുള്ള യോഗാചാര്യൻ ശ്രീശ്രീ രവിശങ്കറും സമ്മതിദാനാവകാശം വിനിയോഗിച്ചു

പലയിടത്തും വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയപ്പോൾ ഉച്ചയ്ക്ക് ഒരു മണി വരെ രേഖപ്പെടുത്തിയത് 33 ശതമാനം പോളിങ് ആണ്. എന്നാൽ പിന്നീട് പോളിങ് വേഗം കൂടി. ബംഗളൂരു നഗര ജില്ലയിലെ പോളിങ് നിരക്ക്, സംസ്ഥാന ശരാശരിയേക്കാൾ കുറവാണ്. ഇതു മുൻകൂട്ടിക്കണ്ടാണ് ചില കടയുമകൾ ഓഫറുകളുമായി എത്തിയത്. ഉച്ചയ്ക്ക് 12 വരെ ബംഗളൂരു നഗര മേഖലയിൽ 18 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാമനഗര, ബെംഗളൂരുവിലെ ചാമരാജ്‌പേട്ട്, ഹെബ്ബാൾ എന്നിവിടങ്ങളിലെ ബൂത്തുകളിൽ വോട്ടിങ് യന്ത്രത്തിലെ പ്രശ്‌നം കാരണം വൈകിയാണ് വോട്ടിങ് പുനഃസ്ഥാപിക്കാനായത്.

ചിലയിടങ്ങളിൽ സംഘർഷം; വോട്ടുചെയ്ത് താരങ്ങൾ

ധാർവാഡിലെ കാരാഡിഗുഡ്ഡയിൽ പോളിങ് ഓഫിസർമാർ വോട്ടർമാരോട് കോൺഗ്രസ് സ്ഥാനാർത്ഥി വിനയ് കുൽകർണിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ബിജെപി ബൂത്തിനു മുന്നിൽ പ്രകടനം നടത്തി. വിജയനഗർ ഹംപിനഗറിൽ കോൺഗ്രസ് പ്രവർത്തകരുമായുള്ള സംഘർഷത്തെ തുടർന്ന് ബിജെപി നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാസനിലെ ഹൊളെ നരസീപുരയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ബി.പി. മഞ്ചെഗൗഡയ്ക്ക് കല്ലേറിൽ പരുക്കേറ്റു. ജെഡിഎസ് നേതാവ് എച്ച്.ഡി. രേവണ്ണ മലൽസരിക്കുന്ന മണ്ഡലമാണിത്. മുഖത്തു നിന്നു ബുർഖ മാറ്റാൻ വിസമ്മതിച്ചതിനെ തുടർന്നു ബെളഗാവിയിൽ വനിതാ വോട്ടറെ പോളിങ് ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് ഇവരെ ക്‌ളോസ്ഡ് മുറിയിൽ കയറ്റി വനിതാ പൊലീസ് പരിശോധിച്ച ശേഷം വോട്ടുചെയ്യാൻ അനുവദിച്ചു. പലയിടത്തും മെഷിൻ പണിമുടക്കിയതും തലവേദനയായി.

മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയിലെ സിദ്ധരാമനഹുണ്ഡിയിലും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ് യെഡിയൂരപ്പ ശിവമൊഗ്ഗയിലെ ശിക്കാരിപുരയിലും ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി രാമനഗരയിലും വോട്ടു ചെയ്തു. മൈസൂരു കിരീടാവകാശി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ കന്നിവോട്ടു രേഖപ്പെടുത്തി. കർണാടക തിരഞ്ഞെടുപ്പ് ഐക്കണും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ രാഹുൽ ദ്രാവിഡ് ഇന്ദിരാനഗറിൽ സമ്മതിദാനം രേഖപ്പെടുത്തി. ക്രിക്കറ്റ് താരം അനിൽ കുംബ്ലെ കുടുംബസമേതം എത്തിയാണ് വോട്ടുചെയ്ത്. ലിംഗായത്ത് പരമാചാര്യനും തുമക്കൂരു സിദ്ധഗംഗാ മഠാധിപതിയുമായ ശിവകുമാര സ്വാമിജി മഠത്തിനു സമീപത്തെ ബൂത്തിൽ സ്വാമിജിമാർക്കൊപ്പമെത്തി വോട്ടു ചെയ്തു. 111 വയസ്സുണ്ട് ശിവകുമാര സ്വാമിജിക്ക്. ഇക്കുറി തിരഞ്ഞെടുപ്പിൽ ഏറെ നിർണായകമാകുക ലിംഗായത്തുകാരുടെ സ്വാധീനമാണ്.

കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ, കേന്ദ്രമന്ത്രിമാരായ സദാനന്ദ ഗൗഡ, അനന്ത്കുമാർ ഹെഗ്‌ഡെ, ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവെഗൗഡ, കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ. ജോർജ്, ബിജെപി നേതാവും എംപിയുമായ രാജീവ് ചന്ദ്രശേഖർ, ശോഭാ കരന്തലാജെ, ശ്രീ ശ്രീ രവിശങ്കർ, തുടങ്ങിയവരും വോട്ടു രേഖപ്പെടുത്തിയവരിലുണ്ട്. ഇതിനിടെ ജയം ഉറപ്പാണെന്നു പറഞ്ഞ് സത്യപ്രതിജ്ഞാ തീയതിവരെ പ്രഖ്യാപിച്ച് യദിയൂരപ്പയും ഇതിനെ കളിയാക്കി സിദ്ധരാമയ്യയും രംഗത്തെത്തിയതും പോളിങ് ദിനത്തിൽ ചർച്ചയായി.

തിരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡേഴ്‌സും ഇത്തവണ സജീവമാണ്. മംഗളൂരു സൗത്ത് മണ്ഡലത്തിൽ കൂട്ടമായെത്തിയാണ് ഇവർ വോട്ട് രേഖപ്പെടുത്തിയത്. ബെൽത്തങ്ങാടിയിൽ വോട്ടു ചെയ്യാനെത്തിയ അണ്ണെ ആചാര്യ (70) എന്നയാൾ ഹൃദയാഘാതത്തെ തുടർന്നു കുഴഞ്ഞുവീണു മരിച്ചു. തിരഞ്ഞെടുപ്പ് ജോലിയിലായതിനാൽ ഒട്ടേറെ ബിഎംടിസി ബസ് സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. ഓല, ഊബർ കാബ് സർവീസുകളും വളരെ കുറവാണ്.

എക്‌സിറ്റ് പോൾ ഫലങ്ങൾ കാത്ത് ഇന്ത്യ

അതേസമയം, എല്ലാവരും കാത്തിരിക്കുന്നത് ഇന്ന് വൈകീട്ട് വോട്ടെടുപ്പ് തീർന്നാലുടൻ പ്രഖ്യാപിക്കപ്പെടുന്ന എക്‌സിറ്റ് പോൾ ഫലങ്ങളാണ്. കോൺഗ്രസ് ഇവിടെ ജയിക്കുമെന്നാണ് ഫലങ്ങളെങ്കിൽ അത് മോദിക്കെതിരെ ഇന്ത്യ നീങ്ങുന്നു എന്നതിന്റെ സൂചനയാവുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മറിച്ചാണെങ്കിൽ കോൺഗ്രസിന്റെ അസ്തമനമാവുമെന്ന് മറുവിഭാഗവും.

രാവിലെ ഏഴു മുതൽ തുടങ്ങിയ പോളിങ് വൈകിട്ട് ആറു വരെയാണ്. വോട്ടെടുപ്പ് അവസാനിക്കുന്നതിനു പിന്നാലെ എക്‌സിറ്റ് പോൾ ഫലങ്ങളെത്തും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ഗതി പ്രവചിക്കാൻ വഴിയൊരുക്കുന്നതാകും തിരഞ്ഞെടുപ്പു വിധിയെഴുത്തെന്നാണു വിലയിരുത്തൽ. അതിനാലാണ് ഈ എക്‌സിറ്റ്‌പോളിനെ എല്ലാവരും സാകൂതം കാത്തിരിക്കുന്നത്.

രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാൽ 222 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ്. ഒരു നാമനിർദ്ദേശ സീറ്റ് ഉൾപ്പെടെ 225 സീറ്റുകളാണ് കർണാടകയിലുള്ളത്. ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ നിന്നു തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയ സംഭവത്തെത്തുടർന്ന് ആർആർ നഗറിലെ വോട്ടെടുപ്പ് 28ലേക്കു മാറ്റി, ഇവിടെ 31നാണു വോട്ടെണ്ണൽ. ജയനഗർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പ്രചാരണത്തിനിടെ മരിച്ചതിനാൽ അവിടെയും തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

മുൻ തിരഞ്ഞെടുപ്പിനേക്കാൾ 12 ശതമാനം കൂടുതൽ വോട്ടർമാർ

4.9 കോടി പേരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുക. 2013നേക്കാൾ 12 ശതമാനം അധികം വോട്ടർമാരാണ്. ആറു മേഖലകളിലായി സംസ്ഥാനത്ത് ആകെ 2654 സ്ഥാനാർത്ഥികളാണു മത്സരിക്കുക. ഒന്നര ലക്ഷത്തിലേറെ വോട്ടിങ് യന്ത്രങ്ങളാണ് ഒരുക്കിയത്. എല്ലാ ബൂത്തുകളിലും വോട്ടുരസീത് (വിവിപാറ്റ്) യന്ത്രങ്ങളും ഉണ്ട്. ബെംഗളൂരുവിൽ ഏഴിടത്ത് എം3 മോഡൽ വോട്ടിങ് യന്ത്രം പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ഉപയോഗിക്കുന്നു്. യന്ത്രത്തിൽ എന്തെങ്കിലും ക്രമക്കേടു നടന്നാൽ തിരിച്ചറിയാൻ ഉപകരിക്കുന്ന മോഡൽ വിജയമായാൽ വരുന്ന തിരഞ്ഞെടുപ്പിൽ വ്യാപകമായി ഉപയോഗിച്ചേക്കും. ആകെ 56,695 പോളിങ് സ്റ്റേഷനുകൾ. ഇതിൽ 450 എണ്ണം പൂർണമായും വനിതകളുടെ നിയന്ത്രണത്തിലാണ്. ഇതിനെ പിങ്ക് സ്റ്റേഷനുകളായും പ്രഖ്യാപിച്ചു. മൂന്നര ലക്ഷത്തിലേറെ പോളിങ് ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്.

മസാലദോശയും ഫ്രീ ഡാറ്റയും നൽകി ആകർഷിച്ച് ഹോട്ടലുടമകൾ

ഫ്രീയായി മസാലദോശ, ഫിൽറ്റർ കോഫി, ഇന്റർനെറ്റ് ഡേറ്റ തുടങ്ങിയ ഓഫറുകൾ വച്ചാണ് യുവാക്കളെ ബംഗളൂരു തിരഞ്ഞെടുപ്പിലേക്ക് ആകർഷിക്കുന്നത്. വോട്ട് ചെയ്തു മഷിയടയാളം കാണിച്ചാൽ ഇവയൊക്കെ ഇന്നു സൗജന്യമാണ് എന്നാണ് പ്രഖ്യാനം. എല്ലായ്‌പ്പോഴും പോളിങ്ങിൽ പിന്നിലുള്ള ബെംഗളൂരുവിൽ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ വ്യാപാര സ്ഥാപനങ്ങളും വിവിധ സംഘടനകളും ഇത്തരം തന്ത്രങ്ങളാണ് പയറ്റുന്നത്.

നൃപതുംഗ റോഡിലെ നിസർഗ ഹോട്ടലാണ് വോട്ടർ തിരിച്ചറിയൽ കാർഡും വിരലിലെ മഷിയടയാളവും കാണിക്കുന്ന കന്നി വോട്ടർമാർക്കു സൗജന്യദോശ വാഗ്ദാനം ചെയ്തത്. മറ്റു വോട്ടർമാർക്ക് ഫിൽറ്റർ കോഫിയും. സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന ഒരുകൂട്ടം കോളജ് വിദ്യാർത്ഥികൾ ഇത്തരമൊരാശയം മുന്നോട്ടുവച്ചെന്ന് ഹോട്ടലുടമ കൃഷ്ണരാജ് പറയുന്നു. ബംഗളൂരുവിലെ പ്രമുഖ ഹോട്ടൽശൃംഖല വാസുദേവ് അഡിഗയും ഇന്നു വോട്ടർമാർക്കു സൗജന്യ കോഫി വാഗ്ദാനം ചെയ്തു.

വോട്ടവകാശം വിനിയോഗിക്കുന്നവർക്കു രാജാജി നഗർ സെക്കൻഡ് സ്റ്റേജിലെ സൈബർ കഫേ ഉടമ ഇന്നു സൗജന്യമായി ഇന്റർനെറ്റും നൽകും. ഇതിനു പുറമെ വോട്ടർമാർക്ക് അടുത്ത ബിബിഎംപി തിരഞ്ഞെടുപ്പുവരെ മറ്റുപല കിഴിവുകളും ഓഫറുണ്ട്. കന്നി വോട്ടർമാർ ഉൾപ്പെടെ പുതിയ തലമുറ തിരഞ്ഞെടുപ്പിനോടു മുഖംതിരിക്കുന്ന സാഹചര്യത്തിൽ അവരെ സമ്മതിദാനം വിനിയോഗിക്കാൻ പ്രേരിപ്പിക്കുക ലക്ഷ്യമിട്ടാണ് ഈ ഓഫറുകൾ. ബെംഗളൂരുവിലെ മറ്റു ചില വ്യാപാര സ്ഥാപനങ്ങളും സലൂണുകളും ആശുപത്രികളും വരെ സമാന വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.