ന്യൂഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി ബിജെപി നേരത്തെ അറിഞ്ഞതായി ആരോപണം. തെരഞ്ഞെടുപ്പ് തീയ്യതി കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് ട്വീറ്റ് ചെയ്തത്. ഇക്കാര്യം കർണാടക തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി കമ്മീഷൻ വിളിച്ച വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരാണ് ആരോപണം ഉന്നയിച്ചത്.

ബിജെപി ഐടി സെൽ മേധാവി തെരഞ്ഞെടുപ്പ് തീയതി ട്വീറ്റ് ചെയ്തിരുന്നുവെന്നും കമ്മീഷന്റെ പ്രഖ്യാപനത്തിനു മുൻപാണ് ട്വീറ്റ് പുറത്തുവന്നതെന്നും മാധ്യമ പ്രവർത്തകർ ആരോപിച്ചു. കർണാടകയിൽ വോട്ടെടുപ്പ് മെയ് 12-നും ഫലപ്രഖ്യാപനം മെയ് 18-നും നടക്കുമെന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്. മാളവ്യയുടെ ട്വീറ്റ് പുറത്തു വന്നപ്പോൾ തന്നെ ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ആളുകൾ രംഗത്തെത്തി. ഇതോടെ മാളവ്യ വിവാദ ട്വീറ്റ് റദ്ദാക്കി. എന്നാൽ ഇതേക്കുറിച്ച് തുടരെ ചോദ്യങ്ങൾ വന്നതോടെ താൻ ടൈംസ് നൗ ചാനൽ കണ്ടാണ് തീയതികൾ ട്വീറ്റ് ചെയ്തത് എന്ന വിശദീകരണവുമായി മാളവ്യ രംഗത്തെത്തി.

ഇതേസമയം തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്ന മാധ്യമപ്രവർത്തകർ ഇക്കാര്യം കമ്മീഷണർ മുൻപാകെ ഉന്നയിക്കുകയും തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഇക്കാര്യം പരിശോധിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

കർണാടകയിൽ മെയ്‌ 12-നാണ് വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ്‌ 15ന് ഫലപ്രഖ്യാപനം നടക്കും. ഏപ്രിൽ 24-നായിരിക്കും നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 25ന് കമ്മീഷൻ സൂക്ഷ്മ പരിശോധന നടത്തും. ഏപ്രിൽ 27 വരെ പത്രികകൾ പിൻവലിക്കാൻ അവസരമുണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു.