ന്യൂഡൽഹി: കർണ്ണാടക നിയമസഭയിൽ നാളെ ബിഎസ് യെദൂരിയപ്പ ഭൂരിപക്ഷം തെളിയിക്കണം. വൈകിട്ട് നാലുമണിക്ക് വിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടത്താനാണ് സുപ്രീംകോടതി ഉത്തരവ്. വോട്ടെടുപ്പ് തിങ്കളാഴ്ച നടത്തണമെന്ന ബിജെപിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. രഹസ്യ ബാലറ്റെന്ന നിർദ്ദേശവും തള്ളി. യെദൂരിയപ്പ മുഖ്യമന്ത്രിയായി ചുമതയേറ്റതുമായി ബന്ധപ്പെട്ട ഹർജിയിൽ അതിനിർണ്ണായക തീരുമാനമാണ് സുപ്രീംകോടതി എടുത്തത്. യെദൂരിയപ്പയെ മുഖ്യമന്ത്രിയായി നിമയിച്ച ഗവർണ്ണറുടെ തീരുമാനം സുപ്രീംകോടതി റദ്ദാക്കാൻ വിസമ്മതിച്ചു. ഗവർണ്ണറുടെ നടപടിയിൽ പിന്നീട് നിയമപ്രശ്‌നങ്ങൾ നോക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

പ്രോടൈം സ്പീക്കറാകും വിശ്വാസ വോട്ട് എങ്ങനെ നടത്തണമെന്ന് തീരുമാനിക്കുക. ആഗ്ലോ ഇന്ത്യൻ അംഗത്തെ നിയമിക്കാനുള്ള യെദുരിയപ്പയുടെ നീക്കവും കോടതി തള്ളി. കുതിരക്കച്ചവടം തടയാൻ നാളെ തന്നെ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രി യെദൂരിയപ്പയോട് സുപ്രീംകോടതി ആവശ്ടപ്പെടുകയായിരുന്നു. ഇതോടെ കർണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ നാളെ അന്തിമ ചിത്രം തെളിയും. യെദൂരിയപ്പ ഭൂരിപക്ഷം തെളിയിച്ചാൽ മുഖ്യമന്ത്രിയായി അദ്ദേഹം തുടരും. അല്ലാത്ത പക്ഷം സർക്കാർ വീഴും. തുടർന്ന് കോൺഗ്രസിന്റെ പിന്തുണയോടെ ജെഡിഎസ് നേതാവ് കുമാരസ്വാമിക്ക് മുഖ്യമന്ത്രിയാകാനും കഴിയും. ഗവർണ്ണർ ആരെ ക്ഷണിച്ചാലും ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണ്. സഭയിൽ ഭൂരിപക്ഷം തെളിയിക്കുകയാണ് നല്ലതെന്നും കോടതി വിശദീകരിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പും പിമ്പുമുള്ള സഖ്യം വ്യത്യസ്തമാണെന്നും കോടതി വിശദീകരിച്ചു. നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന കോടതി നിർദ്ദേശത്തെ ബിജെപിയും കോൺഗ്രസും ആദ്യം എതിർത്തില്ല. പിന്നീട് ബിജെപി ഇതിനെ എതിർത്തു. എന്നാൽ നാളെ തന്നെ വോട്ടെടുപ്പ് വേണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി ഉറച്ചു നിന്നു. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ ചൂടേറിയ വാദപ്രതിവാദങ്ങൾ നടന്നു. നേരത്തെ പിന്തുണയ്ക്കുന്നവരുടെ പേരുകൾ കോടതിക്ക് നൽകേണ്ട കാര്യമില്ലെന്ന് മുകുൾ റോത്തകി വാദിച്ചിരുന്നു. ബിജെപി വലിയ ഒറ്റക്കക്ഷിയാണെന്നും സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും ബിജെപിയുടെ അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു. സർക്കാരിയ റിപ്പോർട്ടും ബൊമ്മ കേസ് വിധിയും പരാമർശിച്ചായിരുന്നു വാദം. കോൺഗ്രസ് ദൾ സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണ്. 95 ശതമാനം ആളുകളും തിരഞ്ഞെടുത്തത് ബിജെപിയെയാണെന്നും വാദമുണ്ട്.

ജെ.ഡി.എസും, കോൺഗ്രസും എംഎൽഎമാരുടെ ഒപ്പും മുഴുവൻ പട്ടികയും നൽകിയിട്ടുണ്ട്. ബിജെപി നൽകിയ കത്തിൽ എംഎൽഎമാരുടെ ഒപ്പില്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഗവർണർ വിളച്ചതെന്ന് കോടതി ചോദിക്കുകയും ചെയ്തു. മനു അഭിഷേക് സിങ്വി, കബിൽ സിബൽ, പി.ചിദംബരം, ശാന്തിഭൂഷൺ, രാം ജഠ്മലാനി, മുകുൾ റോത്തഗി, പി.വി വേണുഗോപാൽ തുടങ്ങി വൻ അഭിഭാഷക നിരയാണ് കോടതിയിലുള്ളത്. നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷമില്ലാതെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിയമിക്കാനുള്ള നയവുമായി പുതിയ സർക്കാർ മുന്നോട്ടു പോവുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്തുള്ള ഹർജിയും സുപ്രീം കോടതി പരിഗണിച്ചു. ഇതെല്ലാം പരിഗണിച്ചാണ് കോടതി ഉത്തരവ്. ബി.എസ്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സുപ്രീംകോടതി റദ്ദാക്കിയില്ലെങ്കിൽ സംസ്ഥാനത്ത് കുതിരക്കച്ചവടത്തിനുള്ള നീക്കം ശക്തമാകമെന്നായിരുന്നു വിലയിരുത്തൽ.. ഇത് മുന്നിൽക്കണ്ട് കോൺഗ്രസ്, ജനതാദൾ-എസ് എംഎ‍ൽഎ.മാരെ നഗരത്തിൽനിന്ന് മാറ്റി.

നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും കേവലഭൂരിപക്ഷത്തിന് ബിജെപി.ക്ക് എട്ട് അംഗങ്ങളുടെ കുറവുണ്ട്. ഇതിനായി കോൺഗ്രസ്, ജനതാദൾ-എസ് എം..എൽ.എ.മാരെ സ്വന്തം പാളയത്തിലെത്തിക്കാനാണ് അവർ നീക്കംനടത്തുന്നത്. ഖനിവ്യവസായി ജനാർദനറെഡ്ഡിയുടെ സുഹൃത്ത് ബി. ശ്രീരാമുലിവിനെയാണ് ദൗത്യമേൽപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. എന്നാൽ, കോൺഗ്രസ്, ജെ.ഡി.എസ്. എംഎ‍ൽഎ.മാരെ റിസോർട്ടിലും ഹോട്ടലിലുമായി പാർപ്പിച്ചതോടെ നീക്കങ്ങൾ മന്ദഗതിയിലായി. ജനതാദളിൽനിന്നും കോൺഗ്രസിൽനിന്നുമായി 14 എംഎ‍ൽഎ.മാരെ ബിജെപി. പിന്തുണയ്ക്കായി സജ്ജമാക്കിയിട്ടുണ്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് മുൻപുതന്നെ ഇവരുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് പാർട്ടി നേതാക്കൾ അവകാശപ്പെടുന്നത്. ഇരു പാർട്ടികളിൽനിന്നുമായി ഏഴ് എംഎ‍ൽഎ.മാർ രാജിക്ക് തയ്യാറാകുമെന്നും സൂചനയുണ്ട്.