- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര സർക്കാർ ഉത്തരവിന് പുല്ലുവില കൽപ്പിച്ച് കർണാടക സർക്കാർ; അന്തർ സംസ്ഥാന യാത്രകൾക്ക് പുതുക്കിയ മാർഗ്ഗ നിർദ്ദേശം വന്നെങ്കിലും അതിർത്തിയിൽ നിയന്ത്രണം കടുപ്പിച്ച് കുടക് ജില്ലാ ഭരണകൂടം; ബംഗളുരുവിലിലും മൈസൂരും അടക്കം ജോലി ചെയ്യുന്ന മലയാകൾ തിരിച്ചു പോകാനാകാതെ പ്രതിസന്ധിയിൽ
തലശേരി: അന്തർസംസ്ഥാന യാത്രകൾക്കും മറ്റും കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗ്ഗ നിർദ്ദേശം വന്നെങ്കിലും കേരളത്തിൽ നിന്നും കുടകിലേക്കുള്ള യാത്രക്കാർക്ക് ഇളവ് നൽകാതെ കുടക് ജില്ലാ ഭരണകൂടം അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കുന്നു. ഇതു കാരണം തലശേരി മേഖലയിൽ നിന്നും ബംഗ്ളൂര്, വീരാജ് പേട്ട മൈസൂര് മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി വ്യാപാരികളും ഐ .ടി പ്രൊഫഷനലുകളും നാട്ടിൽ തന്നെ തിരിച്ചു പോവാനാകാതെ കുടുങ്ങിയിരിക്കുകയാണ്. തലശേരി, പാനൂർ മേഖലയിൽ നിന്നും വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ഓണാ അവധിക്കാലത്ത് നാട്ടിലെത്തിയത്. എന്നാൽ ഇവർക്ക് തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ.
കർണാടകയിൽ മൂന്നാഴ്ചയോളമായി തുടരുന്ന വാരാന്ത്യ ലോക്ക് ഡൗൺ തുടരുന്നതോടൊപ്പം നിയന്ത്രണങ്ങളും അതേപടി തുടരുന്ന അവസ്ഥയാണ്.
രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ആർ ടി പി സി ആർ പരിശോധന നടത്താതെ തന്നെ രാജ്യത്തെവിടേയും യാത്ര ചെയ്യാമെന്നതായിരുന്നു കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗ്ഗ നിർദ്ദേശം. മാർഗ്ഗനിർദ്ദേശം വന്നിട്ടും കുടക് ജില്ലാ ഭരണകൂടം ഇത് നടപ്പിലാക്കാൻ തയ്യാറായില്ല. പുതിയ മാർഗ്ഗ നിർദ്ദേശം വന്നതിനെത്തുടർന്ന് ശനിയാഴ്ച മാക്കൂട്ടം ചുരം പാത വഴി കർണ്ണാടകത്തിലേക്ക് പോകാനായി നൂറുകണക്കിന് യാത്രക്കാരാണ് അതിർത്തി ചെക്ക്പോസ്റ്റിൽ എത്തിയത്. ഇവരെ ശനി , ഞായർ ദിവസങ്ങളിൽ തുടരുന്ന വാരാന്ത്യ ലോക്ഡൗണിന്റെ പേരിൽ അതിർത്തിയിൽ തടഞ്ഞു വെച്ചു. രണ്ട് ഡോസ് വാക്സിന് പുറമെ കോവിഡില്ലെന്ന ആർ ടി പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റുമായി എത്തിയവരേയും കടത്തി വിട്ടില്ല.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപേർ കേന്ദ്രസർക്കാറിന്റെ കഴിഞ്ഞ ദിവസത്തെ ഇളവ് പ്രതീക്ഷിച്ച് എത്തിയിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരുമായി കുടുംബസമേതം എത്തിയവർക്കും വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും എല്ലാം ഇവിടെ എത്തി തിരിച്ചു പോകേണ്ടിവന്നു. രണ്ട് ആരോഗ്യ പ്രവർത്തകർ, മൂന്ന് റവന്യു ജീവനക്കാർ , നാല് പൊലീസുകർ, വനംവകുപ്പ് ജീവനക്കാർ ഉൾപ്പെടെ പത്തോളം ജീവനക്കാരെയാണ് അതിർത്തിയിൽ പരിശോധനയ്ക്കായി കുടക് ജില്ലാ ഭരണകൂടം നിർത്തിയിരിക്കുന്നത്.
മൂന്നാഴ്ച്ച മുന്മ്പ് ഉറക്കിയ ഉത്തരവ് പ്രകാരം കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് 72 മണിക്കൂറിന് മുൻപ് എടുത്ത് കോവിഡ് ഇല്ലെന്ന ആർ ടി പി സി ആർ സർട്ടിഫിക്കറ്റും ചരക്ക് വാഹനജീവനക്കാർക്ക് ഏഴ് ദിവസത്തിനുള്ളിൽ എടുത്ത ആർ ടി പി സി ആർ ഫലവുമാണ് നിർബന്ധമാക്കിയിരുന്നത് . തിങ്കളാഴ്ച്ച മുതൽ വെള്ളിയാഴ്ച്ച വരെ രാവിലെ ആറുമുതൽ വൈകിട്ട് എഴുവരെ മാത്രമാണ് പ്രവേശനാനുമതിയും ഉണ്ടായിരുന്നത്. കർണ്ണാടകത്തിൽ നിന്നും മാക്കൂട്ടം ചുരം പാത വഴി കേരളത്തിലേക്ക് ഉള്ളതും കേരളത്തിൽ നിന്നും കുടക് വഴി കർണ്ണാടകത്തിലേക്കുമുള്ള എല്ലാ ബസ് സർവ്വീസുകളും 30 വരെ നിരോധിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാറിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബസ് സർവ്വീസിനും അനുമതി ലഭിച്ചിട്ടില്ല.
എന്നാൽ അത്യാഹിതം സംഭവിച്ച് അതിർത്തി കടന്ന് ആശുപത്രികളിൽ എത്തേണ്ടവർക്കും മാരക രോഗങ്ങൾക്ക് ചികിത്സ നേടുന്നവർക്കും നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് അനുവദിച്ചിട്ടുണ്ട് . ഇത്തരം യാത്രക്കാർക്കും അവർക്കൊപ്പം ഉള്ളവർക്കും ചെക്ക് പോസ്റ്റിൽ തന്നെ ആന്റിജൻ പരിശോധനയ്ക്കുള്ള സംവിധാനം ഉണ്ടായിരുന്നു. ഇത്തരക്കാരുടെ പരിശോധനാ ഫലം ചെക്ക് പോസ്റ്റിൽ വെച്ച് ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനുള്ള സംവിധാനവും ഉണ്ട്. ബംഗളൂരു വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടവർക്ക് ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ യാത്രാ ടിക്കറ്റ് കാണിച്ചാൽ അനുമതി നൽകുന്നുണ്ട്. പരിക്ഷയുള്ള വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് കാണിച്ചും യാത്ര ചെയ്യാനുള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ വിദ്യാർത്ഥികൾക്ക് പരീക്ഷയൊഴികെ മറ്റ് ആവശ്യങ്ങൾക്കൊന്നും അനുമതി നൽകുന്നുമില്ല.
കുടകിൽ വിവിധ തൊഴിലുകൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളും വ്യാപാരികളും ബംഗളൂരു മൈസൂരു ഭാഗങ്ങളിലേക്ക് പോകേണ്ടവരുമാണ് ഇവിടുത്തെ കടുത്ത നിയന്ത്രണം മൂലം കഷ്ടത്തിലായിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ യാത്ര മാർഗ്ഗ നിർദ്ദേശ പ്രകാരം ചുരം പാത വഴിയുള്ള യാത്രക്ക് അനുമതി ആവശ്യം വിവിധ കോണുകളിൽ നിന്നും ശക്തമായി ഉയരുകയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്