ബംഗളൂരു: മതാന്ധതയ്ക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പോരാടി ഒടുവിൽ ശത്രുക്കളാൽ വെടിയേറ്റു മരിച്ച എം.എം കൽബുർഗിയെന്ന കന്നഡ സഹിത്യകാരന്റെ മരണം ദേശീയ തലത്തിലടക്കമുണ്ടാക്കിയ വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. അസഹിഷ്ണുതക്കെതിരെ രാജ്യത്തെ എഴുത്തുകാരും സനിമാപ്രവർത്തകരും ശാസ്ത്രജ്ഞരുമൊക്കെ പ്രതികരിച്ചു തുടങ്ങിയതും കൽബുർഗി വധത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ കൽബുർഗിയുടെ രക്തസാക്ഷിത്വത്തിന് സ്വന്തം നാടായ കർണാടകയിൽ ചെറുതായെങ്കിലും ഫലമുണ്ടാവുന്നു. കടുത്ത എതിർപ്പിനിടയിലും അന്ധവിശ്വാസ നിരോധന ബിൽ കർണാടകയിൽ കൊണ്ടുവരാൻ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ആലോചിച്ചു വരികയാണ്.

ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ടെലിവിഷൻ ചാനലുകളിലെ ജ്യോതിഷപരിപാടികൾ നിരോധിക്കാൻ കർണാടക സർക്കാർ ഒരുങ്ങുകയാണ്. ഇതുസംബന്ധിച്ച് പ്രത്യകേചട്ടം തയ്യറാക്കാൻ സർക്കാർ ആലോചിച്ചുവരികയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ അറിയിച്ചു. രാവിലെ മുതൽ സംപ്രേഷണംചെയ്യന്ന ജ്യോതിഷ പരിപാടികളിലൂടെ, മൂഢത്വവും യുക്തിരഹിതമായ വസ്തുതകളുമാണ് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സവർണന്റെ എച്ചിൽ ഇലയിൽ ദലിതൻ കിടന്ന് ഉരുളുന്ന ആചാരമായ 'മഡേ സ്‌നാന' അടക്കമുള്ളവ പ്രോത്സാഹിപ്പിക്കുന്നതിനു പിന്നിലുള്ള താത്പര്യം പിന്നാക്കസമുദായങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർണാടകത്തിലെ പ്രമുഖ ടി.വി. ചാനലുകളിൽ രാവിലെ ജ്യോതിഷസംബന്ധമായ പരിപാടികൾ സംപ്രേഷണംചെയ്തു വരുന്നുണ്ട്. പല പരിപാടികളും ആളുകളെ വഴിതെറ്റിക്കുകയാണ്. വർഷങ്ങളായി അനുഷ്ഠിച്ചുവരുന്ന ആചാരങ്ങൾ തെറ്റിക്കുന്നതിനും ഇത്തരം പരിപാടികൾ കാരണമായിത്തീരുന്നുണ്ട്. ഇതുസംബന്ധിച്ച് നിരവധി പരാതികളുയർന്ന സാഹചര്യത്തിലാണ് പരിപാടി നിരോധിക്കാൻ സർക്കാർ ഒരുങ്ങുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

അന്ധവിശ്വാസ നിരോധന ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് സംഘപരിവാർ ശക്തികൾ ഉയർത്തുന്നത്. ജോ്യതിഷം എന്നത് തീർത്തും ശാസ്ത്രീയമായ പദ്ധതിയാണെന്നും മോദി സർക്കാർ അധികാരത്തിലേറ്റശേഷം ഇത് പല സർവകലാശാലകളുടെയും സിലബസിൽ വരെ ഉൾപ്പെടുവിച്ചിട്ടുണ്ടെന്നുമാണ് വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകൾ പറയുന്നത്.

ജ്യോതിഷികളിൽ ഒരു വിഭാഗംവരുന്ന കള്ള നാണയങ്ങളെ തുറന്നുകാട്ടാം എന്നല്ലാതെ സമ്പൂർണ നിരോധനം വന്നാൽ തങ്ങൾ എതിർക്കുമെന്ന് കർണാടകയിലെ ബിജെപി നേതാക്കൾ പറയുന്നു. കഴിഞ്ഞ ദിവസം മുന്മുഖ്യമന്ത്രി യദൂരിയപ്പ ഇത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നാണ് പ്രതികരിച്ചത്.

അതേസമയം കർണാടക സർക്കാറിന്റെ നീക്കം മാതൃകാപരമാണെന്നും ഇന്ത്യ മുഴൂവൻ ഇത് വ്യാപിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി ഇന്ത്യൻ യുക്തിവാദി സംഘമടക്കമുള്ള പ്രമുഖ സംഘടനകൾ രംഗത്തത്തെിയിട്ടുണ്ട്. ദേശീയ ചാനലായ സി.എൻ.എൻഐ.ബി.എൻ ഇതു സംബദ്ധിച്ച് കഴിഞ്ഞ ദിവസം വിശദമായ ചർച്ച നടത്തിയിരുന്നു. ജ്യോതിഷവും ജ്യോതിശാസ്ത്രവുമായി യാതൊരു ബന്ധമില്ലെന്നും ഇതൊരു അന്ധവിശ്വാസം മാത്രാമാണെന്നും ഡോ. ഭാർഗവയെപ്പോലുള്ള പ്രമുഖ ശാസ്ത്രജ്ഞർ ചർച്ചയിൽ പങ്കെടുത്ത് വ്യക്തമാക്കി.

മാത്രമല്ല വിദേശ രാജ്യങ്ങളിൽ പലയിടത്തും ജ്യോതിഷം പോലുള്ളവ പ്രാക്ടീസ് ചെയ്യുന്നവർ 'ഇത് വെറും വിനോദത്തിന് മാത്രമുള്ളതാണെന്ന' നിയമപരമായ ബോർഡു വയ്ക്കാൻ ബാധ്യസ്ഥരാണെന്നതും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

ഏറ്റവും രസാവഹം എറ്റവും പ്രബുദ്ധമെന്ന് പറയുന്ന കേരളത്തിൽ ഇതു സംബന്ധിച്ച ഒരു ചർച്ചയും നടക്കുന്നില്ല എന്നതാണ്. നേരത്തെ സന്തോഷ് മാധവന്റെ അറസ്റ്റിനെ തുടർന്ന് നിരവധി കള്ള സിദ്ധന്മാർ പിടിയിലായതോടെ അന്ധവിശ്വാസ നിർമ്മാർജന ബിൽ കേരളത്തിൽ കൊണ്ടുവരണമെന്ന ആവശ്വം ഉയർന്നെങ്കിലും അത് എവിടെയും എത്തിയില്ല. ഈയിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇത്തരമൊരു കാര്യത്തെക്കുറിച്ച് സംസാരിച്ചുവെങ്കിലും തുടർ നടപടികൾ ഒന്നുമുണ്ടായില്ല.