ബംഗലൂരു: ബിജെപിയുടെ ദേശീയ നിലപാടിന് വിരുദ്ധമായി കർണാടകയിലെ ബിജെപി സർക്കാർ. സംസ്ഥാനത്തിന് മാത്രമായി ഒരു പതാക സാധ്യമാണോ എന്ന് പരിശോധിക്കാൻ കർണാടക സർക്കാർ ഒമ്പതംഗ കമ്മിറ്റി രൂപവത്കരിച്ചു. ഔദ്യോഗിക പതാക രൂപീകരിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കണമെന്നാണ് ആവശ്യം. കമ്മിറ്റി മുന്നോട്ട് വയ്ക്കുന്ന ശുപാർശകൾക്ക് നിയമപരമായ അനുമതി ലഭിച്ചാൽ ജമ്മുവിന് പിന്നാലെ സ്വന്തമായി പതാകയുള്ള ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാവും കർണാടക.

നിലവിൽ ഉപയോഗിക്കുന്ന ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാക സംസ്ഥാനത്തിന്റെ ഔദ്യോഗിക പതാകയായി പ്രഖ്യാപിക്കണമെന്നുള്ള നിർദ്ദേശം നേരത്തെ ഉയർന്നുവന്നിരുന്നു. എന്നാൽ ഈ നിർദ്ദേശം അംഗീകരിച്ചിട്ടില്ലെന്ന് സർക്കാർ കർണാടക ഹൈക്കോടതിയെ അറിയിച്ചു. നാനാത്വത്തിൽ ഏകത്വമെന്ന രാജ്യത്തിന്റെ തത്വത്തോട് ചേരുന്നതും എന്നാൽ സംസ്ഥാനത്തിന് പ്രത്യേക തിരിച്ചറിയൽ നൽകുന്നതുമായ പതാകയാവും ഔദ്യോഗിക പതാകയായി പരിഗണിക്കുകയെന്നാണ് കമ്മിറ്റിയുടെ പ്രതികരണം.

കർണാടകയ്ക്ക് സ്വന്തമായി പതാക രൂപം നൽകാനുള്ള തീരുമാനം സംസ്ഥാന നിയമസഭയിൽ മുന്നോട്ടുവച്ചപ്പോൾ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും എതിർപ്പുകൾ ഉയർന്നിരുന്നു. സംസ്ഥാനത്തിന് മാത്രമായി പതാകയ്ക്ക് രൂപം നൽകിയാൽ ദേശീയ പതാകയുടെ പ്രാധാന്യം നഷ്ടപ്പെടുമെന്നും ഏകസ്വരമെന്ന തത്വത്തെ അത് ബാധിക്കുകയും ചെയ്യുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി ഗോവിന്ദ് എം കജ്രോൾ ചൂണ്ടിക്കാട്ടി.

ഈ തീരുമാനം സമീപ ഭാവിയിൽ ജനങ്ങളുടെ മനസ്സിൽ ഇടുങ്ങിയ വർഗ്ഗീയ ചിന്താഗതി സൃഷ്ടിക്കുമെന്നും കജ്രോൾ സൂചിപ്പിച്ചു. മുൻ കർണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ഡി വി സദാനന്ദ ഗൗഡയും ഈ നീക്കത്തെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ ഒറ്റ രാജ്യമാണെന്നും ഒരു രാജ്യത്തിന് രണ്ട് പതാകയെന്ന തീരുമാനത്തെ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ സംസ്ഥാനങ്ങൾക്ക് സ്വന്തമായി പതാക രൂപീകരിക്കാനുള്ള അവകാശം രാജ്യത്തിന്റെ നിയമം അനുശാസിക്കുന്നുണ്ടെന്നാണ് സർക്കാരിന്റേയും സർക്കാർ നിയോഗിച്ച കമ്മിറ്റിയുടേയും വാദം. സംസ്ഥാനങ്ങളുടെ ഔചിത്യത്തിനനുസരിച്ചുള്ള ഫ്ളാഗ് കോഡ് തിരഞ്ഞെടുക്കാനുള്ള അനുമതി ഉണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു.