ബെംഗളൂരു: ദേശവിരുദ്ധരോടും ഭീകരരോടും രാജ്യം ഒരു ദയവും കാട്ടേണ്ടതില്ലെന്നും അവരെ അനുകൂലിക്കുന്നുവരെ പോലും ശിക്ഷിക്കാൻ നടപടിയുണ്ടാവണമെന്നും കർണാടക ഗവർണർ. മുംബൈ ഭീകരാക്രമണ കേസിൽ രാജ്യം തൂക്കിലേറ്റിയ പാക്ക് ഭീകരൻ അജ്മൽ കസബിന്റെ ചരമ വാർഷികം ആചരിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് കർണാടക ഗവർണർ വാജുഭായ് വാല ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ സുരക്ഷ സുപ്രധാനമെന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു പരാമർശം വന്നിരിക്കുന്നത്. രാജ്യത്തെ വിറപ്പിച്ച മുംബൈ ഭീകരാക്രമണത്തിനിടെ ജീവനോടെ പിടിയിലായ ഏക ഭീകരനാണ് അജ്മൽ കസബ്. വിചാരണയ്ക്കുശേഷം ഇയാളെ പിന്നീട് തൂക്കിലേറ്റുകയായിരുന്നു. യുപിഎ സർക്കാരിന്റെ വലിയ കൈയടി കിട്ടിയ സംഭവമായിരുന്നു അത്.

ഇത്തരം സംഭവങ്ങളിൽ തീവ്രവാദികളെയും ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നും വാല ആവശ്യപ്പെട്ടു. നിരപരാധികളുടെ ജീവനെടുത്ത കസബിന്റെ വിചാരണ പൂർത്തിയാക്കി അയാൾക്ക് തൂക്കുകയർ നൽകാൻ കാലതാമസം നേരിട്ടതായും വാജുഭായ് വാല ചൂണ്ടിക്കാട്ടി.

ഇത്തരക്കാരുടെ കേസുകൾ പരിഗണിക്കുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കണം. മാത്രമല്ല, ഇത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക നിയമനിർമ്മാണവും നടത്തണം. ഭീകരരോട് യാതൊരുവിധ ദയയും കാട്ടേണ്ട കാര്യമില്ല. ഭീകരരെ തൂക്കിലേറ്റുന്ന വാർത്തകൾ പത്രമാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും വാല ആവശ്യപ്പെട്ടു.