ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അഭിപ്രായ സർവേയുടെ ഫലങ്ങൾ പുറത്ത്. അടുത്ത മാസം നടക്കുന്ന വോട്ടെടുപ്പ് പൂർത്തിയായി ഫലം പ്രഖ്യാപിക്കുമ്പോൾ തൂക്ക്‌സഭയായിരിക്കുമെന്നാണ് ഇന്ത്യ ടുഡേ-കർവി സർവേ പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയും കേവല ഭൂരിപക്ഷം നേടില്ല. ഭരണകക്ഷിയായ കോൺഗ്രസായിരിക്കും ഏറ്റവും വലിയ ഒറ്റക്കക്ഷി.

ബിജെപി വോട്ട് വിഹിതത്തിൽ നേട്ടമുണ്ടാക്കുമെങ്കിലും, ഭരണം പിടിക്കാൻ അതുപോരെന്നാണ് സർവേ പ്രവചനം.35 ശതമാനം വോട്ടർമാരാണ് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് സർവേയിൽ പറഞ്ഞത്. 27919 പേരെയാണ് അഭിമുഖം നടത്തിയത്.തിരഞ്ഞെടുപ്പ് നടക്കുന്ന 224 അംഗ നിയമസഭയിൽ 112 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. കോൺഗ്രസ് 90 മുതൽ 101 സീറ്റ് വരെ നേടും. മുഖ്യ പ്രതിപക്ഷമായ ബിജെപി 78 മുതൽ 86 സീറ്റുകൾ വരെ നേടുമെന്നും അഭിപ്രായ സർവേ ചൂണ്ടിക്കാട്ടുന്നു.

2013 ൽ 37 ശതമാനം വോട്ട് നേടി കോൺഗ്രസ് 122 സീറ്റുകൾ നേടിയിരുന്നു.ദേവ ഗൗഡയുടെ ജനതാദൾ എസ് ആയിരിക്കും കർണാടകത്തിലെ കിങ് മേക്കർ. ബിഎസ്‌പിയുമായി സഖ്യത്തിൽ മത്സരിക്കുന്ന ജനതാദൾ എസ് 34- മുതൽ 43 സീറ്റുകൾ വരെ നേടി നിർണായക ശക്തിയാകുമെന്നാണ് കരുതുന്നത്.

വോട്ടിങ് ഷെയറിൽ കോൺഗ്രസും ബിജെപിയും തമ്മിൽ രണ്ടു ശതമാനത്തിന്റെ വ്യത്യാസമാണ് ഉള്ളത്. കോൺഗ്രസിന് 37 ഉം ബിജെപിക്ക് 35 ഉം ജെഡിഎസ്-ബിഎസ്‌പി സഖ്യത്തിന് 19 ഉം ശതമാനം വോട്ടുകൾ ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.

കോൺഗ്രസിനെ അപേക്ഷിച്ച നിലവിൽ സീറ്റുകളിൽ നിന്ന് ബിജെപി നില മെച്ചപ്പെടുത്തുമെങ്കിലും ഭരണം തിരിച്ച് പിടിക്കാനാവില്ലെന്നാണ് കണക്കാക്കുന്നത്. നിലവിൽ കോൺഗ്രസിന് 122 ഉം ബിജെപിക്ക് 43 ഉം ജെഡിഎസിന് 29 ഉം സീറ്റുകളാണ് ഉള്ളത്. ബാക്കിയുള്ള സീറ്റുകൾ സ്വതന്ത്രർക്കും ചെറുപാർട്ടികൾക്കുമാണ്. ഒരു മാസം മുമ്പാണ് അഭിപ്രായ സർവേ നടത്തിയത്.

സർവേയിൽ പങ്കെടുത്ത 45 ശതമാനം പേർ സിദ്ധരാമയ്യ സർക്കാർ അടുത്ത അഞ്ചുവർഷത്തേക്ക് ഭരിക്കണമെന്ന് അഭിപ്രായപ്പെട്ടു.44 ശതമാനം ഹിന്ദുക്കളും 65 ശതമാനം മു്സ്ലീങ്ങളും കോൺഗ്രസ് വീണ്ടും അധികാരത്തിലേറണമെന്ന് പറഞ്ഞു.ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ തങ്ങൾ കോൺഗ്രസിന് അനുകമായി വോട്ടു ചെയ്യുമെന്നാണ് സിദ്ധരാമയ്യ ഉൾപ്പെടുന്ന കുറുബ വിഭാഗത്തിലെ 55 ശതമാനം പക്ഷം.37 ശതമാനം വോക്കലിംഗക്കാരും 37 ശതമാനം ലിംഗായത്തുകളും, 36 ശതമാനം ബ്രാഹ്മണസമുദായക്കാരും സിദ്ധരാമയ്യയ്ക്ക് അനുകൂലമാണ്.53 ശതമാനം ദളിതരും, 48 ശതമാനം എഡിഗകളും കോൺഗ്രസിനാണ് വോട്ടുചെയ്യുക.കൂട്ടുകക്ഷി സർക്കാരാണ് വരുന്നതെങ്കിൽ ജനതാദൾ എസ് കോൺഗ്രുമായി സഖ്യമുണ്ടാക്കണമെന്ന് 39 ശതമാനം പേരും, ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന് 29 ശതമാനം പേരും അഭിപ്രായപ്പെട്ടു.