- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരാറുകാരൻ ജീവനൊടുക്കിയ കേസ്: വിവാദങ്ങൾക്കിടെ രാജി പ്രഖ്യാപിച്ച് കർണാടക മന്ത്രി ഈശ്വരപ്പ; രാജിക്കത്ത് വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് കൈമാറും; തീരുമാനം, സന്തോഷിന്റെ മരണത്തിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ
ബംഗളൂരു: കർണാടകയിൽ ബില്ലുകൾ മാറാൻ മന്ത്രി കമ്മിഷൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് കരാറുകാരൻ ജീവനൊടുക്കിയ കേസിൽ അന്വേഷണം തുടരുന്നതിനിടെ കർണാടക മന്ത്രി കെ എസ് ഈശ്വരപ്പ രാജി പ്രഖ്യാപിച്ചു. ശക്തമായ സമ്മർദങ്ങൾക്കൊടുവിലാണ് രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് ബസവരാജ് ബൊമ്മയ്ക്ക് കൈമാറും.
മന്ത്രി ഈശ്വരപ്പയ്ക്ക് എതിരെ ഉടൻ നടപടിയില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് നേരത്തെ പറഞ്ഞിരുന്നു. പ്രാഥമിക അന്വേഷണം പൂർത്തിയാകാതെ തീരുമാനമെടുക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. പ്രതിഷേധങ്ങൾ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയെന്ന നിലപാടാണ് ഈശ്വരപ്പയും സ്വീകരിച്ചിരുന്നത്. എന്നാൽ, കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ ഈശ്വരപ്പ രാജി തീരുമാനത്തിലെത്തുകയായിരുന്നു.
സംസ്ഥാനവ്യാപക പ്രതിഷേധങ്ങൾക്ക് വഴിമാറിയിട്ടും മന്ത്രി ഈശ്വരപ്പയ്ക്ക് എതിരെ ഉടൻ നടപടി വേണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. മുതിർന്ന നേതാവിനെതിരെ കൃത്യമായ തെളിവുകൾ ഇല്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കേന്ദ്രനേതൃത്വത്തിന്റെ സമ്മർദ്ദമില്ലെന്നും പ്രാഥമിക അന്വേഷണം പൂർത്തിയാകും വരെ നടപടിയുണ്ടാകില്ലെന്നുമാണ് മുഖ്യമന്ത്രി ബൊമ്മയ് വ്യക്തമാക്കിയത്.
കരാറുകാരൻ ജീവനൊടുക്കിയ കേസിൽ കർണാടക ഗ്രാമവികസനമന്ത്രി കെ.എസ്.ഈശ്വരപ്പയ്‌ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റത്തിനു കേസെടുത്തിരുന്നു. മരിച്ച സന്തോഷ് പാട്ടീലിന്റെ സഹോദരന്റെ പരാതിയിൽ മന്ത്രിയുടെ 2 സഹായികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആത്മഹത്യ പ്രേരണ കുറ്റം (ഐ.പി.സി 306 വകുപ്പ്) ചുമത്തിയാണ് ബിജെപി മന്ത്രിക്കും സഹായികളായ ബസവരാജു, രമേശ് എന്നിവർക്കുമെതിരെ ഉഡുപ്പി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കരാർ പ്രവൃത്തിക്ക് 40 ശതമാനം കമ്മിഷൻ മന്ത്രിയും സഹായികളും ആവശ്യപ്പെട്ടതായി പരാതി ഉന്നയിച്ച സന്തോഷ് പാട്ടീലിനെ ചൊവ്വാഴ്ച രാവിലെ ഉഡുപ്പിയിലെ ഹോട്ടൽ മുറിയിൽ വിഷംകഴിച്ചു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന് ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണെന്ന് സൂചിപ്പിച്ചുള്ള സന്ദേശം സന്തോഷ് സുഹൃത്തിന് അയച്ചിരുന്നു.
കരാറുകാരൻ സന്തോഷിനെ അറിയില്ലെന്നാണ് മന്ത്രി ഈശ്വരപ്പ ആവർത്തിച്ചു പറഞ്ഞത്. എന്നാൽ ഈശ്വരപ്പയുമായി സന്തോഷ് കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. 4 കോടിയുടെ ബില്ല് പാസാകാൻ നാൽപ്പത് ശതമാനം കമ്മീഷൻ മന്ത്രി ഈശ്വരപ്പ ആവശ്യപ്പെട്ടുവെന്നായിരുന്നു സന്തോഷിന്റെ വെളിപ്പെടുത്തൽ. മന്ത്രിക്ക് എതിരെ കേന്ദ്രഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിനെ കണ്ട് പരാതി നൽകാനുള്ള തയ്യാറെടുപ്പിലായിരുന്നു സന്തോഷ്.
ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയായ സന്തോഷ് ബിജെപി നേതാക്കൾ വഴി കേന്ദ്രമന്ത്രിയുടെ സമയം തേടിയിരുന്നു. ചൊവ്വാഴ്ച ഡൽഹിക്ക് തിരിക്കാൻ ടിക്കറ്റ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദുരൂഹസാഹചര്യത്തിൽ ഉഡുപ്പിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ നേരിട്ട് കണ്ട് പരാതി നൽകാൻ സമയം തേടിയതിന് പിന്നാലെയാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് കുടുംബം വ്യക്തമാക്കി. ആത്മഹത്യയെന്നാണ് പൊലീസ് റിപ്പോർട്ടെങ്കിലും കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ആത്മഹത്യാപ്രേരണാ കുറ്റത്തിന് മന്ത്രിക്ക് എതിരെ കേസെടുത്തിരുന്നു.
അടിയന്തര ഇടപെടൽ തേടി രാഷ്ട്രപതിയെ സമീപിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. അറസ്റ്റ് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിക്കാനാണ് തീരുമാനം. സുതാര്യമായ അന്വേഷണം നടക്കുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയതിനെ തുടർന്ന് സന്തോഷിന്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി. വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
അതിനിടെ, കമ്മിഷൻ അഴിമതി പുറത്തുകൊണ്ടുവരാൻ 15 ദിവസത്തിനകം സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ 6 മന്ത്രിമാർക്കും 20 സാമാജികർക്കും എതിരെയുള്ള രേഖകൾ പുറത്തുവിടുമെന്നു കർണാടക കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ അറിയിച്ചു. മെയ് 25 മുതൽ കരാർ പണികൾ നിർത്തി പ്രതിഷേധിക്കുമെന്നും വ്യക്തമാക്കി. ഈശ്വരപ്പയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് ഗവർണർക്കു നിവേദനം നൽകിയിരുന്നു. സമ്മർദമേറുമ്പോഴും രാജി വയ്ക്കില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്.
ബെളഗാവിയിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് 4 കോടി രൂപയുടെ ബില്ലുകൾ മാറാൻ മന്ത്രി 40% കമ്മിഷൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് സന്തോഷ് പ്രധാനമന്ത്രിക്ക് ഉൾപ്പെടെ കത്തയച്ചിരുന്നു. തുടർന്ന് 80 - 90 തവണ ബില്ലുമാറാനായി ഈശ്വരപ്പയെ സന്ദർശിച്ചെങ്കിലും ഫലമുണ്ടായില്ല. മരിക്കുന്നതിനു മുൻപ് സന്തോഷ് അയച്ച് വാട്‌സാപ് സന്ദേശത്തിൽ ഇക്കാര്യം പറയുന്നുണ്ട്. ഹിന്ദുവാഹിനി എന്ന സംഘടനയുടെ ദേശീയ സെക്രട്ടറിയായ സന്തോഷ് നേരത്തേ ഈശ്വരപ്പയുടെ അടുത്ത അനുയായി ആയിരുന്നെന്നും കേസിൽ മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കൾ പറഞ്ഞു.
(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)
ന്യൂസ് ഡെസ്ക്