കാസർഗോഡ്: കർണ്ണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചർച്ചകൾ കൂടുതലും കാസർഗോട്ടാണ്. ബംഗളൂരു -ശാന്തി നഗർ എംഎൽഎ.യും മലയാളിയുമായ എൻ.എ. ഹാരിസിന് ഇത്തവണ സ്ഥാനാർത്ഥിത്വം ലഭിക്കുമോ? കോൺഗ്രസ്സ് ഇതുവരെ പ്രഖ്യാപിച്ച 218 മണ്ഡലങ്ങളിലേയും പട്ടികയിൽ ഹാരിസിന്റെ പേര് ഉൾപ്പെടുത്തി കാണാത്തതാണ് കാസർഗോട്ടുകാരെ ആശങ്കയിലാഴ്‌ത്തിയത്. ഇനി ആറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ മാത്രമേ പ്രഖ്യാപിക്കാനുമുള്ളൂ.

കാസർഗോഡ് ചന്ദ്രഗിരി കീഴൂരിലെ പരമ്പരാഗത കോൺഗ്രസ്സുകാരനായ എൻ.എ. മുഹമ്മദിന്റെ മകനാണ് ഹാരിസ്. അതുകൊണ്ടു തന്നെ ഈ കുടുംബത്തിൽ നിന്നും ഹാരിസ് കർണ്ണാടക രാഷ്ട്രീയത്തിൽ സജീവമായതും കോൺഗ്രസ്സ് നേതാവുമായതെല്ലാം കാസർഗോഡുകാർക്ക് ഏറെ ഉപകാര പ്രദമായിരുന്നു. ബംഗളൂരുവിൽ മലയാളികൾ നേരിട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എല്ലാം മാറ്റി വെച്ച് മുന്നിട്ടിറങ്ങുന്ന നേതാവായിരുന്നു ഹാരിസ്. എന്നാൽ ഹാരിസിന് വിനയായത് യൂത്ത് കോൺഗ്രസ്സ് സിറ്റി പ്രസിഡണ്ടായ മകൻ മുഹമ്മദ് നാലാപാടിനെതിരെയുള്ള കേസാണ്.

ബംഗളൂരിവിലെ ഒരു കഫെയിൽ വെച്ച് ഒരു വ്യവസായിയുടെ മകനെ മർദ്ദിച്ചുവെന്ന കേസിൽ മുഹമ്മദും ആറ് സുഹൃത്തുക്കളും ഇപ്പോൾ ജയിലിലാണ്. മകനെ ഹാരിസ് കുറ്റ വിമുക്തനാക്കാൻ സഹായിക്കുന്നുവെന്ന ആരോപണവും നേരത്തെ ഉണ്ടായിരുന്നു. എന്നാൽ മകൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി എടുക്കുന്ന നടപടിയിൽ താൻ ഇടപെടില്ലെന്നും പക്ഷേ എന്റെ മകനായതുകൊണ്ടു മാത്രം ക്രൂശിക്കപ്പെടരുതെന്നും അദ്ദേഹം വ്യക്തമാക്കി രംഗത്തു വന്നിരുന്നു.

അതോടെ ഈ പ്രശ്നം ആറിത്തണുത്തെങ്കിലും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ എതിരാളികൾ ഇത് കുത്തി പൊക്കാൻ ശ്രമിക്കുകയാണ്. അത്യന്തം വാശിയേറിയ തിരഞ്ഞെടുപ്പിൽ എതിരാളികൾ ഇത് ആയുധമാക്കുകയാണെങ്കിൽ ശാന്തി നഗർ സീറ്റ് കൈവിട്ടു പോയേക്കുമോ എന്ന ഭയവും കോൺഗ്രസ്സ് നേതൃത്വത്തിനുണ്ട്. എന്നാൽ ശാന്തി നഗറിലെ ജനങ്ങൾ ഹാരിസിന്റെ സ്ഥാനാർത്ഥിത്വത്തെ പിൻതുണച്ച് രംഗത്തിറങ്ങിയിട്ടുണ്ട്. പാർട്ടി വേണ്ടതെല്ലാം മുൻകൂട്ടി ചെയ്തിരുന്നു.

ആരോപണ വിധേയനായ മകൻ മുഹമ്മദിനെ എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും മാറ്റി നിർത്തി കോൺഗ്രസ്സ് നേതൃത്വം അടവു നയം സ്വീകരിച്ചിരുന്നു. എന്നാലും മകൻ ജയിലിൽ കഴിയുമ്പോൾ പിതാവിന് സീറ്റ് നൽകിയാൽ കുഴങ്ങുമോ എന്നതാണ് പാർട്ടിയുടെ ഭയം. എന്നിരുന്നാലും തെരഞ്ഞെടുുപ്പ് അടുത്തപ്പോൾ ബിജെപി. അടക്കമുള്ള എതിരാളികൾ ഈ വിഷയം കുത്തിപൊക്കാൻ അണിയറയിൽ ശ്രമം തുടങ്ങുകയും ചെയ്തു. അതോടെ കോൺഗ്രസ്സ് നേതൃത്വത്തിന് ആശങ്ക വർദ്ധിച്ചിരിക്കയാണ്.

മലയാളികൾക്കും പ്രത്യേകിച്ച് കാസർഗോഡ്കാർക്കും അത്താണിയായി പ്രവർത്തിക്കുന്ന രണ്ട് പേരാണ് പ്രധാനമായും കർണ്ണാടക ഭരണ സംവിധാനത്തിലുള്ളത്. ഒന്ന് ഉപ്പള സ്വദേശിയായ മന്ത്രി യു.ടി. ഖാദർ. മറ്റൊന്ന് എൻ. എ. ഹാരിസും. യു.ടി. ഖാദറിന് കോൺഗ്രസ്സ് സീറ്റ് പ്രഖ്യാപിച്ചു. എന്നാൽ മലയാളികൾക്ക് പ്രിയംങ്കരനായ എൻ. എ. ഹാരിസിന്റെ സ്ഥാനാർത്ഥിത്വം ഇപ്പോഴും തുലാസിലാണ്. ഇത് ഏറെ വേദനിപ്പിക്കുകയാണ് കാസർഗോട്ടുകാരെ.