ബംഗളൂരു: ബംഗളൂരുവിൽ ഒരു എംഎൽഎയുടെ വില 100കോടിയാണ്. എന്നാൽ എച്ച് നാഗേഷ് ലക്ഷ്യമിടുന്നത് അതുക്കും മേലെ. സ്വതന്ത്രന്റെ സാധ്യതകൾ അനന്തമെന്നു തിരിച്ചറിയുന്ന എച്ച്.നാഗേഷ് എങ്ങോട്ടേക്കും ചായാൻ തയ്യാർ. മന്ത്രിപദവും നിർബന്ധമാണ്.

കർണാടക നിയമസഭയിലെ ഏക സ്വതന്ത്രനാണ് നാഗേഷ്. മുളബാഗിലു സംവരണ മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെയായിരുന്നു ജയം. ഫലം വന്നതിനു പിന്നാലെ കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ ഡി.കെ.ശിവകുമാർ 60 കിലോമീറ്ററകലെ കോലാറിൽനിന്നു നാഗേഷിനെ ബംഗളൂരുവിലേക്കു കൊത്തിയെടുത്തു കൊണ്ടുവരികയായിരുന്നു. പക്ഷേ നാഗേഷ് ആർക്കും ഒരു ഉറപ്പും കൊടുത്തില്ല. കൂടുതൽ ആരു തരുമെന്നാണ് നാഗേഷിന്റെ മനസ്സിലെ ചിന്തയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

ബിജെപിയും ഇന്നലെ നാഗേഷിന്റെ പിന്തുണ അവകാശപ്പെട്ടതോടെ ആശയക്കുഴപ്പമായി. ഇപ്പോഴും കോൺഗ്രസ് പാളയത്തിൽ തന്നെയുണ്ടെന്നാണു സൂചന. കോൺഗ്രസ്, ദൾ നേതാക്കൾ നാഗേഷിന്റെ പേരു കൂടി ചേർത്താണു ഗവർണർക്കു കണക്ക് നൽകിയിരിക്കുന്നത്. അങ്ങനെ രണ്ട് കൂട്ടരേയും മോഹിപ്പിക്കുകായണ് നാഗേഷ്. അതുകൊണ്ട് തന്നെ നാഗേഷ് സോഷ്യൽ മീഡിയയിലെ പുതിയ താരമാണ്. ജനിക്കണമെങ്കിൽ ഇങ്ങനെ ജനിച്ച് എംഎൽഎയാകണമെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണങ്ങൾ.

മുളബാഗിലു മണ്ഡലത്തിലെ സ്ഥാനാർത്ഥി കൊളത്തൂർ ജി.മഞ്ജുനാഥിനു കോടതി അയോഗ്യത കൽപിച്ചതോടെയാണു കോൺഗ്രസ് പകരം നാഗേഷിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ തവണ ഇവിടെ സ്വതന്ത്രനായി വിജയിച്ച മഞ്ജുനാഥ് പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. എന്നാൽ ഇത്തവണ പത്രിക നൽകിയപ്പോൾ ജാതി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച് എതിർസ്ഥാനാർത്ഥികളിലൊരാൾ കോടതിയെ സമീപിച്ചു. മഞ്ജുനാഥ് ഒബിസി വിഭാഗത്തിൽപ്പെട്ടയാളാണെന്നു കർണാടക ഹൈക്കോടതി വിധിക്കുകയും ചെയ്തു.

മുൻകേന്ദ്രമന്ത്രി കെ.എച്ച്.മുനിയപ്പയുടെ മകൾ നന്ദിനിയും സ്വതന്ത്രയായി പത്രിക നൽകിയിരുന്നു. തന്റെ പത്രിക തള്ളിയതിനു പിന്നിൽ മുനിയപ്പയാണെന്നു മഞ്ജുനാഥ് ആരോപിച്ചതോടെ നന്ദിനിയും മൽസരരംഗത്തു നിന്നു പിന്മാറി. ഇതോടെയാണു നാഗേഷിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. ജെഡിഎസിലെ സമുദ്ധി മഞ്ജുനാഥിനെ 6,715 വോട്ടിനു തോൽപിക്കുകയും ചെയ്തു. ഇത്തവണ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മൽസരിച്ച മണ്ഡലവും മുളബാഗിലുവാണ്. അങ്ങനെ ഭാഗ്യം കൊണ്ട് എംഎൽഎയായി. എംഎൽഎയായപ്പോൾ തൂക്ക് നിയമസഭയും. ഇതോടെ നഗേഷിന് പുതിയ സാധ്യതകളും തെളിഞ്ഞു.