ഡൽഹി: കർണാടകയിലെ തകർപ്പൻ തിരഞ്ഞെടുപ്പ് വിജയം കോൺഗ്രസിന് സമ്മാനിക്കുന്നത് വലിയ ആത്മവിശ്വാമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് വിളിപ്പാടകല നിൽക്കെ ബിജെപി ക്യാമ്പിൽ ആശങ്ക വിതയ്ക്കുന്ന ഫലം പുറത്ത് വന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ നാല് മണ്ഡലങ്ങളിലും തിളക്കമാർന്ന വിജയമാണ് കോൺഗ്രസിന് നേടാനായത്. ശക്തികേന്ദ്രമായ ഷിമോഗയിൽ പോലും രണ്ടര ലക്ഷം വോട്ടുകളിൽ അധികം ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥാനത്ത് നിസ്സാര ഭൂരിപക്ഷത്തിനാണ് ബിജെപി വിജയിച്ചത്. മറ്റൊരു ശക്തികേന്ദ്രമായ ബെല്ലാരി ഒന്നരപതിറ്റാണ്ടിന് ശേഷം കോൺഗ്രസ് സഖ്യം തിരിച്ച് പിടിക്കുകയും ചെയ്തു.

കർണാടകയിലെ ലോക്സഭാ-നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ വൻജയം 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ ടീസറാണെന്ന് കോൺഗ്രസ് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.. അടുത്ത വർഷം ബിജെപിക്ക് എന്ത് ലഭിക്കുമെന്നതിന്റെ ടീസറാണിതെന്ന് വിജയമാഘോഷിച്ച് കൊണ്ട് കോൺഗ്രസ് ട്വീറ്റ് ചെയ്തു. കർണാടകയിലെ വിജയത്തിന് പിന്നാലെ ബിജെപിക്കെതിരെ കടുത്ത പ്രതികരണവുമായി കോൺഗ്രസ്-ജെഡിഎസ് നേതാക്കൾ രംഗത്തെത്തി.

വാരനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് വലിയ ആത്മവിശ്വാസമാണ് കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം നൽകുന്നത്. നേരത്തെ പുന്നാപുരം കോട്ടയായ ഗുജറാത്തിൽ പോലും വിയർത്താണ് ബിജെപി അധികാരം നിലനിർത്തിയത്. ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്നും ഇത് വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സൂചനയാമെന്നുമാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അതിനുള്ള അവകാശവും കോൺഗ്രസിന് ഉണ്ട്.

ബിജെപിയുടെ സിറ്റിങ് സീറ്റായ ബെല്ലാരി രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ വൻഭൂരിപക്ഷത്തിലാണ് കോൺഗ്രസ് നേതാവ് ഉഗ്രപ്പ തിരിച്ചു പിടിച്ചത്. യെദ്യൂരപ്പയുടെ തട്ടകവുമായ ശിവമോഗയിൽ വെറും 47000 വോട്ടുകൾക്കാണ് ബിജെപി ആശ്വാസ ജയം നേടിയത്. ബി.എസ് യെദ്യൂരപ്പയുടെ മകൻ ബി.വൈ രാഘവേന്ദ്രയാണ് വിജയിച്ചത്. 2014ൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ബി.എസ് യെദ്യൂരപ്പ മൂന്നുലക്ഷത്തിലധികം വോട്ടിൻൈറ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ് ഷിമോഗ

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കണമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മഹാസഖ്യത്തെ ജനങ്ങൾ സ്വീകരിക്കും. രാഹുൽ വളരെ നിഷ്‌കളങ്കനായ രാഷ്ട്രീയ പ്രവർത്തകനാണെന്നും കുമാരസ്വാമി പറഞ്ഞു. പാർട്ടിയെ പിന്തുണച്ച കോൺഗ്രസിനെ തിരിച്ചും പിന്തുണക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യപടിയായിരുന്നു ഉപതിരഞ്ഞെടുപ്പ്. ജയത്തിൽ പങ്കുവഹിച്ച കോൺഗ്രസിന്റേയും ജെഡിഎസിന്റേയും എല്ലാ സംസ്ഥാന ദേശീയ നേതാക്കളേയും അഭിനന്ദിക്കുവന്നുവെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാര സ്വാമി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ 28 സീറ്റിലും കോൺഗ്രസിനോട് ചേർന്ന് തന്നെ ഞങ്ങൾ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ജനാധിപത്യത്തിന്റെ വിജയമാണിതെന്നും. ജനങ്ങളുടെ കല്പനക്കാണ് പ്രധാന്യമെന്നും മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ ശിവകുമാർ പറഞ്ഞു. 2019-ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി എല്ലാവർക്കും ഒരു സന്ദേശം നൽകുകയാണ് കർണാടകയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകാത്ത നരേന്ദ്ര മോദിക്ക് ജനങ്ങൾ തിരഞ്ഞെടുപ്പിൽ ഉത്തരംനൽകിയെന്ന് മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നൽകിയ വാഗ്ദ്ധാനങ്ങൾ മറന്ന് അഹങ്കരിച്ചവർക്ക് നടന്ന ബിജെപിക്ക് ജനം തക്കമറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജെഡിഎസ്-കോൺഗ്രസ് വികസന കേന്ദ്രീകൃത ഭരണകൂടത്തെ പിന്തുണച്ച കർണാടകയിലെ ജനങ്ങളോട് നന്ദി പറയുന്നുവെന്ന് ജെഡിഎസ് നേതാവ് ദേവഗൗഡ പ്രതികരിച്ചു. കർണാടകയിലെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരോട് ജനങ്ങൾക്കുള്ള പ്രതികരണമാണ് തിരഞ്ഞെടുപ്പിൽ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

മോദി സർക്കാരിന്റെ ഭരണപരാജയത്തിനും കർണാടകയിലെ ബിജെപിയുടെ നെഗറ്റീവ് രാഷ്ട്രീയം ജനം തള്ളിയതിനും തെളിവാണ് കോൺഗ്രസ്-ജെഡിഎസ് മുന്നണിയുടെ വിജയമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടു ട്വീറ്റ് ചെയ്തു.കർണാടകയിലെ മൂന്ന് ലോകസഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുമായി നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിടങ്ങളിലും കോൺഗ്രസ്-ജെഡിഎസ് സഖ്യം ജയിച്ചിരുന്നു. ബിജെപിയുടെ സിറ്റിങ് സീറ്റായ ബെല്ലാരി ലോക്സഭാ മണ്ഡലം ഒന്നാര പതിറ്റാണ്ടിന് ശേഷം രണ്ടര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് തിരിച്ച് പിടിച്ചത്.