മംഗളൂരു: യാത്രകൾ ആസ്വദിക്കാനുള്ളതാണ്.ഇ ആശയത്തെ അക്ഷരം പ്രതി ശരിവെക്കുകയാണ് വിസ്റ്റഡോം തീവണ്ടി സർവ്വീസ്.പശ്ചിമഘട്ടത്തിന്റെ പ്രകൃതിചാരുത ആവോളം ആസ്വദിച്ച് തിരിയുന്ന കസേരയിലിരുന്ന് ചില്ലുകൂട്ടിലെന്നോണമൊരു ആഡംബര തീവണ്ടിയാത്ര. വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവേകി ദക്ഷിണേന്ത്യയിലെ ആദ്യത്തെ വിസ്റ്റഡോം കോച്ച് തീവണ്ടി സർവീസ് മംഗളൂരുവിൽ നിന്നാരംഭിച്ചു.

ദിവസവും സർവീസ് നടത്തുന്ന പകൽതീവണ്ടിയിൽ എക്‌സിക്യൂട്ടീവ് ചെയർകാർ (ഇ.സി.) കോച്ചുകളായാണ് വിസ്റ്റഡോം കോച്ച് ഘടിപ്പിക്കുക. ആന്റി ഗ്ലയർ സ്‌ക്രീനോടു കൂടിയ സുതാര്യമായ ചില്ലുമേൽക്കൂര വേനൽക്കാലത്തും വ്യക്തമായ ആകാശക്കാഴ്ച സമ്മാനിക്കുന്നു. സി.സി.ടി.വി. ക്യാമറകൾ, അഗ്‌നിസുരക്ഷാ സംവിധാനങ്ങൾ, എൽ.ഇ.ഡി. ഡിസ്പ്ലേ, ഓവൻ, ഫ്രിഡ്ജ്, മിനി പാൻട്രി, ലഗേജ് ഷെൽഫുകൾ, ഓരോ സീറ്റിലും മൊബൈൽ ചാർജിങ് സോക്കറ്റ്, വിമാനത്തിലേതുപോലെ മടക്കിവെക്കാവുന്ന ലഘുഭക്ഷണ ട്രേ തുടങ്ങിയവയെല്ലാം കോച്ചിലുണ്ട്.വിശാലമായ പുറംകാഴ്ചകൾ സമ്മാനിക്കുന്ന വലിയ ചില്ലുജാലകങ്ങളും 180 ഡിഗ്രി വരെ കറങ്ങുന്ന സീറ്റുകളുമാണ് വിസ്റ്റഡോം കോച്ചുകളുടെ പ്രത്യേകത.

മംഗളൂരു ജങ്ഷനും ബെംഗളുരുവിലെ യശ്വന്ത്പുരയ്ക്കും ഇടയിലാണ് സർവീസ്. 44 സീറ്റുകൾ വീതമുള്ള രണ്ട് കോച്ചുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. മംഗളൂരു ജങ്ഷനിൽനിന്ന് ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 11.30-ന് പുറപ്പെട്ട് രാത്രി 8.20-നാണ് യശ്വന്ത്പുരയിലെത്തുക. ഞായറാഴ്ചകളിൽ രാവിലെ 9.15-ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് രാത്രി 8.05-ന് യശ്വന്ത്പുരയിലെത്തും. യശ്വന്ത്പുരയിൽനിന്ന് എല്ലാ ദിവസവും രാവിലെ ഏഴുമണിക്ക് പുറപ്പെടുന്ന തീവണ്ടി വൈകിട്ട് അഞ്ചുമണിക്ക് മംഗളൂരുവിലെത്തും. മംഗളൂരു ജങ്ഷനിൽനിന്ന് യശ്വന്ത്പുരയ്ക്ക് 1500 രൂപയാണ് ടിക്കറ്റ് ചാർജ്. സകലേശ്പുരവരെ പോകാനാണെങ്കിൽ 950 രൂപ നൽകണം. ഓൺലൈനായും കൗണ്ടറിൽനിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം.

മംഗളുരു ജങ്ഷനിൽ നളിൻകുമാർ കട്ടീൽ എംപി. കന്നിയാത്രയ്ക്ക് പച്ചക്കൊടി വീശി. പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി, എംഎ‍ൽഎ. ഡി.വേദവ്യാസ് കാമത്ത്, മംഗളൂരു മേയർ പ്രേമാനന്ദ ഷെട്ടി, ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ ഡോ. കെ.വി.രാജേന്ദ്ര തുടങ്ങിയവർ സംബന്ധിച്ചു.