- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്ഡിപിഐയെ നിരോധിക്കുന്നത് സർക്കാരിന്റെ പരിഗണനയിലെന്ന് കർണാടക മന്ത്രി; 20 ന് ചേരുന്ന കാബിനറ്റ് യോഗം ചർച്ച ചെയ്യുമെന്നും കെഎസ് ഈശ്വരപ്പ; പുതിയ നീക്കം ബംഗളൂരു സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ
ബംഗളൂരു: എസ്ഡിപിഐയെ നിരോധിക്കുന്നത് സർക്കാരിന്റെ പരിഗണനയിലെന്ന് കർണാടക മന്ത്രി കെഎസ് ഈശ്വരപ്പ. ബംഗളൂരു സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. എസ്ഡിപിഐയെ നിരോധിക്കുന്ന കാര്യം ഈ മാസം 20 ന് ചേരുന്ന കാബിനറ്റ് യോഗം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങളാണ് സർക്കാരിന്റെ മുന്നിലുള്ളത്. അതിലൊന്ന് സംഘർഷത്തിൽ പങ്കെടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുക എന്നതും മറ്റൊന്ന് ഈ സംഘർഷത്തിന് നേതൃത്വം നൽകിയ എസ്ഡിപിഐയെ നിരോധിക്കുകയെന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. എസ്ഡിപിഐയേയും പോപ്പുലർ ഫ്രെണ്ടിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ തന്നെ കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിന്മേൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നില്ല. ബംഗളൂർ സംഘർഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് എസ്ഡിപിഐയെ നിരോധിക്കണമെന്ന ആവശ്യം കർണാടക സർക്കാർ വീണ്ടും ഉന്നയിച്ചിരിക്കുന്നത്.
ബംഗളൂരു സംഘർഷവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ എസ്ഡിപിഐയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജനങ്ങളെ തെറ്റായ വിവരങ്ങൾ ബോധിപ്പിച്ച് എസ്ഡിപിഐ കലാപത്തിന് പ്രേരിപ്പിച്ചതായും പൊലീസ് പറയുന്നു. ബംഗളൂരുവിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഘർഷം ചൊവ്വാഴ്ചയാണ് അരങ്ങേറിയത്. സംഭവത്തിൽ അറുപതോളം പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു.
കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ മരുമകൻ നവീന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. പോസ്റ്റ് പുറത്തുവന്ന് ഒരു മണിക്കൂറിനകം ആയിരത്തോളം പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. 300 ഓളം വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. സംഭവത്തിൽ എസ്ഡിപിഐ നേതാവ് മുസാമിൻ പാഷ ഉൾപ്പെടെ 110 പേരാണ് അറസ്റ്റിലായത്. ജനങ്ങളെ തെറ്റായ വിവരങ്ങൾ ബോധിപ്പിച്ച് എസ്ഡിപിഐ കലാപത്തിന് പ്രേരിപ്പിച്ചതായും പൊലീസ് പറയുന്നു.
മറുനാടന് ഡെസ്ക്