ബംഗളൂരു: കർണാടകത്തിൽ സിദ്ധരാമയ്യയുടേയും ബിജെപയുടേയും മോഹങ്ങളെ തകർത്തെറിഞ്ഞ് കോൺഗ്രസ്-ജെഡിഎസ് സർക്കാർ നാളെ അധികാരത്തിലേറുന്നു. നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത് മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ ജി രാമസ്വാമിയും മാത്രമേ നാളെ അധികാരമേൽക്കൂ. മന്ത്രിമാരുടെ എണ്ണത്തിന്റെ കാര്യത്തിൽ തീരുമാനമായി. കോൺഗ്രസ്സിന് 22 മന്ത്രിമാരുണ്ടാകും. സെക്യുലർ ദളിന് 12ഉം. കോൺഗ്രസ്സിന്റെ രമേഷ് കുമാർ സ്പീക്കർ ആകും.

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ജെഡിഎസ്സിന് ആയിരിക്കും. ഇരു പാർട്ടികളും തമ്മിൽ നടന്ന ചർച്ചയിൽ ഇത്രയും തീരുമാനമായെങ്കിലും ആർക്കെല്ലാം മന്ത്രി സ്ഥാനം നൽകണമെന്ന കാര്യത്തിൽ തീരുമാനമായില്ല. നാളെത്തന്നെ മന്ത്രിമാരുടേയും സത്യപ്രതിജ്ഞ ഉണ്ടാകുമെന്ന് കരുതിയതെങ്കിലും അതിൽ ആശങ്ക തുടരുകയാണെന്നാണ് സൂചനകൾ.

നാളത്തെ സത്യപ്രതിജ്ഞയ്ക്ക് മുമ്പുതന്നെ എല്ലാ മന്ത്രിമാരുടേയും കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നായിരുന്നു കുമാരസ്വാമി നേരത്തേ പറഞ്ഞത്. എന്നാൽ അതിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. അതിനാലാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ മാറ്റിവച്ചത്. 29ന് ശേഷം മന്ത്രിമാരുടെ സത്യപ്രതിജ്ഞയെന്ന് പറയുമ്പോഴും അക്കാര്യത്തിൽ സ്ഥിരീകരണവും നൽകിയിട്ടില്ല.

യെദിയൂരപ്പയ്ക്ക് രാജിവച്ച് ഒഴിയേണ്ട സാഹചര്യം സൃഷ്്ടിച്ചാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം രൂപംകൊണ്ട കോൺഗ്രസ്-ദൾ സഖ്യം അധികാരത്തിലെത്തുന്നത്. എന്നാൽ ഇപ്പോഴും മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമാകാത്തത് ആശയക്കുഴപ്പം തുടരുന്നുവെന്ന സൂചനയാണ് നൽകുന്നത്. ദേശീയ തലത്തിൽ തന്നെ ബിജെപി-സംഘപരിവാർ വിരുദ്ധ കക്ഷികളുടെ നേതാക്കളെയെല്ലാം അടപടലേ ക്ഷണിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്. എന്നാൽ ബിജെപിയുടെ ചാക്കിട്ടുപിടിത്തത്തിൽ കോൺഗ്രസിൽ നിന്നും ദളിൽ നിന്നും ആടിനിൽക്കുന്നവർക്ക് മന്ത്രിസ്ഥാനം നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം ഉണ്ട് ഇരു പാർട്ടികളിലുമെന്നാണ് സൂചന.

പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുന്നവർക്ക് മന്ത്രിസ്ഥാനം നൽകണമെന്ന ആവശ്യമാണ് ഇരു പാർട്ടികളിലേയും എംഎൽഎമാർ ഉയർത്തുന്നത്. എന്നാൽ ആടി നിൽക്കുന്നവരെ പരിഗണിച്ചില്ലെങ്കിൽ അവർ വിട്ടുപോകുമോയെന്ന ആശങ്കയും നേതൃത്വങ്ങൾക്കുണ്ട്. ഇക്കാര്യത്തിൽ അഭിപ്രായ ഏകീകരണം ഉണ്ടാകാൻ വൈകുന്നതിനാലാണ് നാളത്തെ മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ നീണ്ടുപോകന്നതെന്നാണ് ലഭിക്കുന്ന സൂചന.