- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കന്നട മണ്ണ് മരണ ഭൂമിയാകുന്നു; ശ്വാസം കിട്ടാതെ ജനങ്ങൾ പിടയുമ്പോൾ സർക്കാരിന് നിസംഗത; ആശങ്കയിൽ ബംഗലൂരു മലയാളികൾ
ബെംഗളൂരു: ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്ന കർണാടകയിൽ കോവിഡ് മരണങ്ങൾ അനുദിനം വർദ്ധിക്കുകയാണ്. ശ്വാസംമുട്ടലുമായി ആശുപത്രിയിലെത്തിയാൽ പ്രാണവായു ലഭിക്കാതെ മരിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ഐടി മേഖലയിലടക്കം നിരവധി മലയാളി യുവാക്കൾ തൊഴിലെടുക്കുന്ന ഇവിടെ മലയാളികളെല്ലാം ആശങ്കയിലാണ്. എന്നാൽ മരണനിരക്ക് കുത്തനെ ഉയർന്നിട്ടും സംസ്ഥാന സർക്കാർ കണ്ണടച്ചിരിക്കുകയാണെന്നുള്ള ആരോപണം ഉയർന്നുകഴിഞ്ഞു.
സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന നിലപാടിലാണ് ഇപ്പോഴും സർക്കാർ. ആശുപത്രികളിലുണ്ടാകുന്ന മരണങ്ങൾ ഓക്സിജൻ ക്ഷാമം മൂലമല്ലെന്ന് വരുത്തിതീർക്കാൻ സർക്കാർ നന്നായി അധ്വാനിക്കുന്നു. ചാമരാജ്നഗറിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ഉണ്ടായ 24 മരണങ്ങൾക്കു പുറമേ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ഏഴ് സമാന മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ശനിയാഴ്ച കലബുറഗി ഖ്വാജ ബണ്ഡ നവാസ് ആശുപത്രിയിൽ 3 പേരും 27ന് കോലാർ എസ്എൻആർ ജില്ലാ ആശുപത്രിയിൽ 4 പേരുമാണ് ശ്വാസംമുട്ടി മരിച്ചത്.
കാരണം ഓക്സിജൻ ക്ഷാമമല്ലെന്ന്
കർണാടകയിൽ ഉണ്ടാകുന്ന മരണങ്ങൾ ഓക്സിജൻ ക്ഷാമം മൂലമല്ലെന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് സർക്കാർ. ചാമരാജ്നഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഉണ്ടായ പകുതി മരണങ്ങളും മറ്റ് കാരണങ്ങളാലാണെന്ന വരുത്തിതീർക്കാനുള്ള ശ്രമം ജില്ലാ അധികൃതരും നടത്തുന്നുണ്ട്. മരിച്ചതിൽ പകുതിയും കോവിഡ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരാണെന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ ആശുപത്രികളിൽ ശ്വാസംമുട്ടി പിടയുന്നവരെ രക്ഷിക്കാൻ വേണ്ട ഒരു നടപടിയും ആശുപത്രി ഭാഗത്തു നിന്നുണ്ടായില്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിക്കുന്നു. ദുരന്തകാരണം അന്വേഷിച്ച് 3 ദിവസത്തിനകം റിപ്പോർട്ട് നൽകാനായി ഐഎഎസ് ഉദ്യോഗസ്ഥനായ ശിവയോഗി കലസദിനെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്.
സിലിണ്ടർ എത്തിക്കാൻ വൈകി
ചാമരാജ്നഗർ സംഭവത്തിൽ മൈസൂരുവിൽനിന്ന് ഓക്സിജൻ സിലിണ്ടർ വിതരണം ചെയ്യാൻ കരാറുകാർ വൈകിയതാണ് ദുരന്തത്തിനു പിന്നിലെന്നാണ് ആശുപത്രി അധികൃതുടെ വിശദീകരണം. ഇന്നലെ പുലർച്ചെയോടെ 50 സിലിണ്ടറുകൾ മൈസൂരു മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് എത്തിച്ചപ്പോഴേക്കും മരണങ്ങൾ സംഭവിച്ചിരുന്നു.
350 സിലിണ്ടർ ഓക്സിജനാണ് ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ വേണ്ടത്. ഇത്രയധികം സിലിണ്ടറുകൾ ലഭിക്കാത്ത സാഹചര്യമാണ് നിലവിലേത്. ബെംഗളൂരു, ബെള്ളാരി എന്നിവിടങ്ങളിലെ പ്ലാന്റുകളിൽ നിന്നുള്ള ദ്രവ ഓക്സിജൻ മൈസൂരുവിലെത്തിച്ചാണ് സിലിണ്ടറുകളിൽ നിറച്ച് ആശുപത്രികൾക്കു വിതരണം ചെയ്യുന്നത്.
ഓക്സിജൻ ഉടൻ തീരും മുന്നറിയിപ്പുമായി ആശുപത്രികൾ
ഇതിനിടെ ഓക്സിജൻ ഉടൻ തീരുമെന്ന മുന്നറിയിപ്പുമായി 2 ആശുപത്രികൾ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി. ഇന്നലെ വൈകിട്ടോടെ ഓക്സിജൻ തീരുമെന്ന അറിയിപ്പാണ് മൈസൂരു റോഡിലെ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയും ആർടി നഗറിലെ മെഡാക്സ് ആശുപത്രിയും പങ്കുവച്ചത്.
മുഖ്യമന്ത്രി അറിയാനായി രാജരാജേശ്വരി മെഡിക്കൽ കോളജ് പുറത്തുവിട്ട വിഡിയോയിൽ 200 രോഗികൾ ഇവിടെ ചികിത്സയിലുണ്ടെന്നും ദുരന്തം ഒഴിവാക്കാനായി ഉടൻ ഓക്സിജൻ ലഭ്യമാക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഓക്സിജൻ പ്രതിസന്ധി കാരണം ചികിത്സയിലുള്ളവരെ മറ്റേതെങ്കിലും ആശുപത്രികളിലേക്കു മാറ്റണമെന്ന് അറിയിച്ച് മെഡാക്സ് മെഡിക്കൽ ഡയറക്ടർ ബന്ധുക്കൾക്കു നൽകിയ കത്താണ് സമൂഹ മാധ്യമങ്ങൾ പങ്കുവച്ചത്.
കണ്ണുനീരായി നവവരൻ
ബംഗലൂരുവിലെ സ്വകാര്യആശുപത്രിയിൽ ചികിൽസയ്ക്കെത്തിയ കൊൽക്കത്ത സ്വദേശിയായ കോവിഡ് ബാധിതൻ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്നു മരിച്ചത് ഏറെ ദുഃഖകരമായ വാർത്തയായി. രണ്ടാഴ്ച്ച മുമ്പ് മാത്രം വിവാഹിതനായ റാം (35) ബിടിഎം ലേ ഔട്ടിൽ പിജി താമസസൗകര്യം നടത്തി വരുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
നവവധുവുമായി ബെംഗളൂരുവിലേക്കു മടങ്ങിയെത്തിയയുടൻ പനി ബാധിച്ചു. രക്തത്തിലെ ഓക്സിജന്റെ അളവ് 80 ആയി കുറഞ്ഞതോടെ ശനിയാഴ്ച സ്വകാര്യ ആശുപത്രിയിലെത്തി. കോവിഡ് പരിശോധന നടത്താതെ പനിക്ക് ഗുളിക നൽകി ഇവർ മടക്കിയയച്ചതിനു പിന്നാലെ റാം മരിച്ചു. മരിച്ചശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഓക്സിജൻ ട്രയിനുകൾ വേണം
ലോറികളിൽ റോഡ് മാർഗം ഓക്സിജൻ എത്തിക്കുന്നതിന് കൂടുതൽ സമയം ആവശ്യമായ സാഹചര്യത്തിൽ ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ആവശ്യപ്പെട്ട് കർണാടക. റെയിൽവേ ബോർഡിന് ചീഫ് സെക്രട്ടറി കത്ത് കൈമാറി. ഓക്സിജൻ ടാങ്കറുകൾ ഇറക്കാൻ വേണ്ട സൗകര്യം വൈറ്റ്ഫീൽഡ്, ദൊഡ്ഡബല്ലാപുര സ്റ്റേഷനുകളിൽ ക്രമീകരിച്ചിട്ടുണ്ട്. ഒഡീഷയിലെ കലിഗനഗർ, വിശാഖപട്ടണം സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു. ലിക്വിഡ് മെഡിക്കൽ ഓക്സിജൻ നിറച്ച ടാങ്കർ ലോറികളാണ് റോ-റോ മാതൃകയിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് റെയിൽവേ എത്തിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ