ബാംഗളൂരൂ: ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിയുടെ ശക്തനായ എതിരാളിയായി രാഹുൽ ഗാന്ധി വളർന്നു വരുന്നുവെന്ന സർവേ ഫലം പുറത്തുവന്നത് അടുത്ത ദിവസമാണ്. കോൺഗ്രസ് ദേശീയ തലത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തുന്നു എന്നതിന്റെ തെളിവായി മറ്റൊരു തെരഞ്ഞെടുപ്പ് ഫലം കൂടി പുറത്തുവന്നു. കോൺഗ്രസ് ഭരിക്കുന്ന കർണ്ണാടകത്തിൽ നിന്നാണ് കോൺഗ്രസിന് ആശ്വാസ വാർത്തകൾ. കർണാടക തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുമ്പോൾ ഭരണകക്ഷിയായ കോൺഗ്രസ് ബിജെപിയേക്കാൾ മികച്ച വിജയം നേടി. എങ്കിലും ബിജെപിയുടെ കാര്യമായ മുന്നേറ്റം നടത്തിയത് ആശങ്കയ്ക്ക് വക നൽകുകയും ചെയ്യുന്നു. അന്തിമ ഫലങ്ങൾ പുറത്തുവന്നിട്ടില്ല.

ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലമാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് മൊത്തം 30 ജില്ലാ പഞ്ചായത്തുകളും 175 താലൂക്ക് പഞ്ചായത്തുകളുമാണുള്ളത്. ജില്ലാപഞ്ചായത്തുകളിൽ 17സീറ്റ് കോൺഗ്രസിനു ലഭിച്ചു. ബിജെപി 11ഇടത്തും ജനതാദൾ എസ് രണ്ടിടത്തും വിജയിച്ചു.175 താലൂക്ക് പഞ്ചായത്തുകളിൽ 51 പഞ്ചായത്തുകൾ കോൺഗ്രസ് നേടിയപ്പോൾ 46പഞ്ചായത്തുകൾ ബിജെപി പിടിച്ചു. ജനതാദൾ എസ് 15 എണ്ണത്തിലും വിജയിച്ചു. പത്ത് താലൂക്ക് പഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ല.

ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളിൽ ബിജെപി ആധിപത്യം നിലനിർത്തി. ദക്ഷിണ കന്നട ജില്ലാ പഞ്ചായത്തിലെ 36 ഡിവിഷനുകളിൽ 21ൽ ബിജെപി വിജയിച്ചു. ശേഷിക്കുന്ന 15 കോൺഗ്രസും നേടി. ജില്ലയിൽ അഞ്ച് താലൂക്ക് പഞ്ചായത്തുകളിലെ 136 വാർഡുകളിൽ ബിജെപി70,കോൺഗ്രസ്66 എന്നിങ്ങനെ വിജയിച്ചു. ഉടുപ്പി ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളിൽ കോൺഗ്രസ്ആറ്,ബിജെപി20 എന്നിങ്ങിനെയാണ് വിജയം. അതേസമയം മറ്റെരു പ്രധാന കക്ഷിയായ ജനതാദളിനും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഇതുവരെ രണ്ട് ജില്ലാ പഞ്ചായത്തിലും 15 താലൂക്ക് പഞ്ചായത്തിലും വിജയിക്കാൻ മാത്രമേ ജനതാജളിന് സാധിച്ചിട്ടുള്ളു.

കോൺഗ്രസിനും കോൺഗ്രസിനെ നയിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയക്കും ആത്മവിശ്വാസം കൂട്ടുന്ന തെരഞ്ഞെടുപ്പാണെങ്കിൽ ബിജെപിയിലേക്ക് തിരിച്ചുവന്ന മുൻ മുഖ്യമന്ത്രി യെദ്യൂരപ്പക്കും തെരഞ്ഞെടുപ്പ് പരാജയം ദോഷം ചെയ്യും. ഫെബ്രുവരി 12നും 20നുമായി രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലായിരിക്കില്ല തിരഞ്ഞെടുപ്പ് ഫലം എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ മികച്ച വിജയം നേടാൻ കഴിഞ്ഞത് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നുണ്ട്.

നേരത്തെ നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ഉജ്ജ്വലമായ മുന്നേറ്റം നടത്തിയിരുന്നു. സൗരാഷ്ട്രയിലും മെഹ്‌സാനയിലും ഏറ്റവും നാണംകെട്ട തോൽവിയാണ് ബിജെപി നേരിട്ടത്. ഈ മേഖലയിൽ 11 ജില്ലാ പഞ്ചായത്തുകളിൽ പോർബന്തറൊഴികെയുള്ള പത്തിലും പാർട്ടി പരാജയപ്പെട്ടു. രാജ്‌കോട്ട് ജില്ലാ പഞ്ചായത്തിലെ 36 സീറ്റകളിൽ 35ഉം ബിജെപിയെ കൈവിട്ടു. പട്ടേലന്മാരുടെ പിന്തുണയില്ലാതിരുന്നിട്ടുകൂടി ഇവിടങ്ങളിൽ കോൺഗ്രസ് നടത്തിയ തിരിച്ചുവരവ് ബിജെപിയുടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുതുടങ്ങിയെന്നതിന് തെളിവായി വ്യാഖ്യിനിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കർണ്ണാക തിരഞ്ഞെടുപ്പിലെ തോൽവിയും. ണ്.

കാവി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ സൗരാഷ്ട്രയിൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് കരസ്ഥമാക്കിത്. ഗുജറാത്തിലാകെയുള്ള 31 ജില്ലാ പഞ്ചായത്തുകളിൽ 23എണ്ണത്തിലും അധികാരം പിടിച്ചെടുത്ത കോൺഗ്രസ് 193 താലൂക്ക് പഞ്ചായത്തുകളിൽ 113 എണ്ണത്തിലും വിജയം കണ്ടു. ബിജെപിക്കെതിരെ സമരനേതാവ് ഹർദിക് പട്ടേൽ പ്രചാരണം നടത്തിയ സ്ഥലങ്ങളിലൊക്കെ പാർട്ടി പരാജയപ്പെടുകയും ചെയ്തിരുന്നു. സംവരണ സമരം സമൂഹത്തിന്റെ അടിത്തട്ടുവരെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നതിന്റെ തെളിവാണ് ഈ തിരിച്ചടി.

ബിഹാർ തിരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടിയേൽക്കേണ്ടി വന്നിരുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെയുമായി സഖ്യം പുനഃസ്ഥാപിച്ച് തിരിച്ചുവരവിനാണ് കോൺഗ്രസ് ഇപ്പോൾ ശ്രമിക്കുന്നത്. ജെഎൻയു അടക്കുള്ള വിഷയങ്ങളിൽ കേന്ദ്രത്തിൽ ബിജെപി ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്.