തിരുവനന്തപുരം: ടിപി കേസ് പ്രതികളുടെ പരോളിനെ കുറിച്ചാണ് ചർച്ച. കൊടി സുനിയും കുഞ്ഞനന്തനുമെല്ലാം പരോളിൽ ഇറങ്ങുന്നത് നിത്യ സംഭവം. എന്നാൽ ഇവരേയും കടത്തി വെട്ടി പരോൾ നേടുന്ന ഒരാളുണ്ട് കേരളത്തിൽ. സംസ്ഥാനത്തെ ജയിലുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരിൽ പരോൾ നേടുന്ന കാര്യത്തിൽ കാരണവർ വധക്കേസ് പ്രതി ഷെറിൻ ഒന്നാം സ്ഥാനത്തേക്ക്. ആറു വർഷത്തിനിടെ 22 തവണയായി ഇവർക്കു ലഭിച്ചത് 444 ദിവസത്തെ പരോൾ.

2010 ജൂൺ 11ന് ആണു മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ചു ഷെറിൻ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയത്. തുടർന്ന് ഇവരെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിച്ചതു പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. അവിടെ വെയിൽ കൊള്ളാതിരിക്കാൻ ഇവർക്കു ജയിൽ ഡോക്ടർ കുട അനുവദിച്ചതു വിവാദമായിരുന്നു. ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പരാതി ഉണ്ടായി. 2017 മാർച്ചിൽ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റി. ഇവിടേയും വിഐപി പരിഗണനയിലാണ് താമസം. ഇതിനൊപ്പമാണ് പരോളിൽ പുറത്തിറങ്ങാനുള്ള അവസരം ഒരുക്കലും.

2012 മാർച്ചിനും ഈ വർഷം ജനുവരിക്കുമിടയിൽ 345 ദിവസത്തെ സാധാരണ പരോളാണ് ഷെറിൻ നേടിയത്. 2012 ഓഗസ്റ്റ് മുതൽ 2017 ഒക്ടോബർ വരെ 92 ദിവസത്തെ അടിയന്തര പരോൾ. ഒടുവിലായി ഹൈക്കോടതിയിൽനിന്ന് ഒരാഴ്ചത്തെ അടിയന്തര പരോൾ കൂടി ലഭിച്ചു. തടവുകാർക്ക് ശിക്ഷാ ഇളവു നൽകാൻ സംസ്ഥാന സർക്കാർ ഗവർണർക്കു നൽകിയ ആദ്യ പട്ടികയിലും ഇവർ ഇടം നേടിയിരുന്നു.ഇക്കാര്യം മറുനാടൻ മലയാളി വാർത്തയാക്കി. ഇതിനെ തുടർന്ന് രണ്ടാം പട്ടികയിൽ നിന്ന് ഒഴിവാക്കി. ജയിലിൽ വിഐപി ജീവിതമാണ് ഷെറൻ നയിക്കുന്നത്. ജയിൽ വകുപ്പും സർക്കാരും അനുവദിക്കുന്ന പരോളിനു പുറമെ കഴിഞ്ഞ ഒക്ടോബറിൽ 10 ദിവസത്തെ അടിയന്തര പരോൾ ഹൈക്കോടതി നൽകിയിരുന്നു. ഒടുവിലായി 15 ദിവസത്തെ സാധാരണ പരോളിനുശേഷം ജനുവരി 21ന് ആണു വനിതാ ജയിലിൽ മടങ്ങിയെത്തിയത്. അടുത്ത സാധാരണ പരോളിന് ഇവർക്ക് അർഹത ഏപ്രിൽ ഏഴിനാണ്.

ഇതിനിടെ അമ്മ ഹൈക്കോടതിയിൽ ഹർജി നൽകി. സുപ്രീംകോടതിയിൽ നിന്നെത്തുന്ന അഭിഭാഷകനെ കാണാൻ 10 ദിവസത്തെ പരോൾ വേണമെന്നായിരുന്നു ആവശ്യം. അഭിഭാഷകനെ കാണാൻവേണ്ടി പരോൾ നൽകുന്നതിനെ സർക്കാർ എതിർത്തിരുന്നു. തടവുകാർക്കു ജയിലിൽ അഭിഭാഷകരെ കാണാനും എത്ര സമയം വേണമെങ്കിലും സംസാരിക്കാനും ജയിൽ നിയമത്തിൽ വ്യവസ്ഥയുണ്ട്. മാത്രമല്ല അഭിഭാഷകനുമായി ഫോണിലും സംസാരിക്കാം. ഇതിനെല്ലാം അവസരമുള്ളപ്പോൾ ഈ ആവശ്യത്തിനു പരോൾ നൽകാൻ പാടില്ലെന്നു വനിതാ ജയിൽ സൂപ്രണ്ട് ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു. എന്നാൽ ജയിൽ സൂപ്രണ്ടിന് അപേക്ഷ നൽകാനും വേണ്ട നടപടി സൂപ്രണ്ട് സ്വീകരിക്കാനും ഉത്തരവു നൽകി ഫെബ്രുവരി 20നു ഹൈക്കോടതി ഹർജി തീർപ്പാക്കി. ഹർജിക്കാരിയുടെ അമ്മയുടെ പ്രായം 67 എന്നതു കണക്കിലെടുത്ത് ഉദാര സമീപനം സ്വീകരിക്കുന്നുവെന്നു വ്യക്തമാക്കിയായിരുന്നു കോടതി ഉത്തരവ്. കഴിഞ്ഞ 13നു വീണ്ടും മറ്റൊരു ജഡ്ജി മുൻപാകെ ഇതേ ഹർജി എത്തി. ഒരാഴ്ചത്തെ പരോളും അനുവദിച്ചു. ഉത്തരവിനു പകരം പകർപ്പ് അടിയന്തരമായി എത്തിച്ചു 14നു തന്നെ ഷെറിൻ പരോളിൽ പുറത്തിറങ്ങി.

ജയിൽ എഡിജിപി ആർ ശ്രീലേഖയും അടിയറവു പറഞ്ഞതോടെയാണ് ഷെറിൻ വീണ്ടും തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെത്തിയത്. മൊബൈൽ ഉപയോഗിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഷെറിനെ ജയിൽ മാറ്റണമെന്ന് പരാതിപ്പെട്ട സൂപ്രണ്ട് ഒ വി വല്ലിയെക്കൊണ്ട് റിപ്പോർട്ട് തിരുത്തിയെഴുതിച്ചാണ് ഷെറിനെ രഹസ്യമായി അട്ടക്കുളങ്ങരയിലേക്ക് തിരിച്ചെത്തിച്ചത്. ഡിഐജി റാങ്കിലുള്ള ജയിൽ ഓഫീസറുടെ സമ്മർദമാണ് ഷെറിന്റെ മടക്കത്തിന് വഴിയൊരുക്കിയത്. ഇതിനായി, ഷെറിനെ മാറ്റുന്നതിൽ എതിർപ്പില്ലെന്നു ഈ ഓഫീസർ സൂപ്രണ്ട് വല്ലിയിൽനിന്ന് റിപ്പോർട്ടു വാങ്ങുകയായിരുന്നു. വിയ്യൂർ ജയിലിൽ ഷെറിന് പരിചാരകരായി തടവുകാർ പ്രവർത്തിക്കുന്നതും ഷെറിന്റെ സെല്ല് മിനി ബ്യൂട്ടി പാർലർ ആക്കിയതും നേരത്തെ വിവാദമായിരുന്നു. ഷെറിന്റെ വസ്ത്രങ്ങൾ അലക്കൽ, ഷെറിന്റെ ടേൺ വരുമ്പോൾ സെല്ലും ടോയ്‌ലറ്റും വൃത്തിയാക്കൽ, ഇതായിരുന്നു വിയ്യൂർ ജയിലിലെ പരിചാരകമാരുടെ ജോലി.

കൈ കാലുകളിൽ ക്യൂട്ടെക്‌സ് ഇട്ട് ഷാമ്പു തേയ്ച്ചു കുളിക്കുന്ന ഷെറിന് ജയിലിൽ നിന്നും നൽകുന്ന സൗജന്യ ബാത്ത് സോപ്പിനോടു പുച്ഛമായിരുന്നു. തിരുവനന്തപുരം സെന്ററൽ ജയിലിൽ നിർമ്മിക്കുന്ന ഈ സോപ്പ് ഉപയോഗിച്ച് മറ്റു തടവുകാർ കുളിക്കുമ്പോൾ ഷെറിന് മാത്രമായി ലെക്‌സോ, ഡോവോ ഉണ്ടാകും. ഓരോ പരോളിലും സോപ്പും ഷാമ്പും എണ്ണയും അടക്കും ഷെറിൻ പുറത്ത് നിന്ന് എത്തിക്കും. കൂടാതെ ആവശ്യമുള്ള സാധനങ്ങൾ ഷെറിന് എത്തിക്കാനായി സന്ദർശകർ എത്താറുണ്ടന്നെതാണ് പരസ്യമായ രഹസ്യം. കുളി കഴിഞ്ഞാൽ ഫെയർ ആൻഡ് ലൗവ്‌ലിയും യാർഡ്‌ലി പൗഡറും പൂശി നടക്കുന്ന ഷെറിന് വെയിലത്ത് പിടിക്കാനായി കുട പോലും വിയ്യൂരിൽ ജയിലധികൃതർ സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ട്. ഷെറിന് വെയിൽ കൊള്ളാൻ പാടില്ലന്ന ജയിൽ ഡോക്ടറുടെ കുറിപ്പടിയുടെ പിൻബലത്തിലത്തിലായിരുന്നു ഇത്. അങ്ങനെ ഷെറിന് വേണ്ടി ജയിൽ നിയമങ്ങൾ ഇഷ്ടം പോലെ മാറി.

ഷെറിൻ പരോളിൽ ഇറങ്ങുമ്പോഴൊക്കെ ജയിൽ വകുപ്പിലെ ഒരു ഉന്നതനെ കാണാറുണ്ടന്നും വിവരമുണ്ട്. ജയിലിലെ സ്ഥിരം പ്രശ്‌നക്കാരിയാണെങ്കിലും ഷെറിന് പരോൾ അനുവദിക്കുന്ന കാര്യത്തിൽ അധികൃതർ നിയമങ്ങളോ ചട്ടങ്ങളോ നോക്കാറില്ല. ജീവപര്യന്ത്യം തടവിനു ശിക്ഷിക്കപ്പെട്ട ഇവർ ശിക്ഷാകാലാവധി തുടങ്ങി ഒന്നര വർഷം പിന്നിട്ടപ്പോൾത്തന്നെ പരോൾ നേടിത്തുടങ്ങി. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം 392 മുതൽ 402 വരെ വകുപ്പുകൾക്ക് ശിക്ഷിക്കപ്പെട്ടവർക്ക് പരോളിന് അർഹതയില്ലെന്നാണ് ജയിൽ ആസ്ഥാനത്ത് നിന്നറിയുന്നത്. ഷെറിൻ 394ാം വകുപ്പുപ്രകാരമുള്ള ശിക്ഷ അനുഭവിക്കുന്നുണ്ട്. കവർച്ചയ്ക്കുവേണ്ടി മാരകമായ മുറിവേൽപ്പിക്കുക എന്നതാണ് 394 പ്രകാരമുള്ള കുറ്റം. 10 വർഷംവരെ പരമാവധി തടവു കിട്ടാവുന്ന കുറ്റമാണിത്. 302 വകുപ്പിനോടൊപ്പമാണ് 394 പോലുള്ള വകുപ്പുകൾ ചേർത്തതെങ്കിൽ ഈ വകുപ്പുപ്രകാരമുള്ള ശിക്ഷ കഴിഞ്ഞ ശേഷമേ പരോളിന് അർഹതയുള്ളൂ എന്നും ചട്ടത്തിൽ പറയുന്നു.

2010 ജൂൺ 11ന് ആണ് കാരണവർ കൊലക്കേസിൽ വിധി വരുന്നത്. 2012 മാർച്ച് 3ന് ഷെറിന് ആദ്യ പരോൾ അനുവദിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിൽ വെച്ചുമാത്രം ഇവർ എട്ടു തവണ പരോൾ നേടിയിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം അടിയന്തര പരോളാണ്.