തിരുവനന്തപുരം: കാരോട്-മുക്കോല ബൈപാസ് നിർമ്മാണം ടാറുപയോഗിക്കാതെ. സംസ്ഥാനത്ത് ആദ്യമായി ടാറിങ്ങിന് പകരം 15 വർഷം വരെ അറ്റകുറ്റപ്പണികൾ ഇല്ലാതെ ഈടു നിൽക്കുന്ന കോൺക്രീറ്റ് കൊണ്ടാണ് പാതയുടെ പ്രതലം നിർമ്മിച്ചിരിക്കുന്നത്. എല്ലാ പണികളും ആറു മാസത്തിനുള്ളിൽ പൂർത്തിയാകും.

16.2 കിലോമീറ്റർ ദൂരം വരുന്ന കാരോട്-മുക്കോല പാതയുടെ 94 ശതമാനം ജോലികൾ പൂർത്തിയായി. 2016 മെയ്‌ മാസത്തിൽ ആണ് രണ്ടു വർഷത്തെ നിർമ്മാണ കാലാവധിയിൽ പണി ആരംഭിച്ചത്. എന്നാൽ ഉദ്ദേശിച്ച സമയത്ത് പണി തീർന്നില്ല. പ്രതികൂല കാലാവസ്ഥ, അസംസ്‌കൃത സാധനങ്ങളുടെ ലഭ്യതക്കുറവ്, കോവിഡ് തുടങ്ങിയ പ്രതിസന്ധി എന്നിവ വില്ലനായി എത്തി. അങ്ങനെ മൂന്ന് വർഷത്തോളം പണി വൈകി. 497 കോടി രൂപ അടങ്കൽ തുകയിൽ ആരംഭിച്ച പദ്ധതിയിൽ സർവീസ് റോഡുകളുടെ നീളം കൂട്ടൽ, പാലങ്ങളുടെ എണ്ണം വർധിപ്പിക്കൽ എന്നിവ മൂലം 70 കോടി രൂപ അധികം അനുവദിച്ചിട്ടുണ്ട്.

ആദ്യ അലൈന്മെന്റിൽ പകുതിയോളം ദൂരം മാത്രമാണ് സർവീസ് റോഡുകൾ നിശ്ചയിച്ചിരുന്നത്. നിലവിൽ റോഡ് കടന്നു പോകുന്ന എല്ലാ ഭാഗത്തും സർവീസ് റോഡുകൾ ഒരുക്കിയിട്ടുണ്ട്. 42 കിലോമീറ്റർ വരുന്ന കാരോട്-കഴക്കൂട്ടം ബൈപാസ് യാഥാർഥ്യമാകുമ്പോൾ കളിയിക്കാവിള നിന്ന് കഴക്കൂട്ടത്ത് എത്താൻ 11 കിലോമീറ്റർ ദൂരവും ഒരു മണിക്കൂർ സമയവും ലാഭിക്കാം. ഗതാഗത കുരുക്കും മാറും.

സേലം-കന്യാകുമാരി എക്സ്‌പ്രസ് ഹൈവേയുടെ ഭാഗമായ കാരോട് മുതൽ കാവൽകിണർ വരെയുള്ള 64 കിലോമീറ്റർ പാതയുടെ 75 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് തിരുവനന്തപുരം, ഇതര ജില്ലകൾ എന്നിവിടങ്ങളിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങളുടെ യാത്ര ബൈപാസിലേക്ക് മാറുന്നതോടെ ദേശീയപാതയിലെ ബ്ലോക്കും കുറയും.

ഒട്ടേറെ സ്ഥലങ്ങളിൽ റോഡ് നിർമ്മാണത്തിലെ അപാകതകളും മേൽപാലങ്ങളുടെ കുറവും നാട്ടുകാർക്ക് ദുരിതമായി. വ്‌ലാത്താങ്കര കിഴക്ക് പ്രദേശത്തെ ഉരുവച്ചയിൽ കരയിൽ നിന്ന് നെയ്യാറിലേക്കു മഴവെള്ളം ഒഴുകുന്നതിനു റോഡിന് അടിയിൽ കൂടെ നിർമ്മിച്ച തുരങ്കം വില്ലനാണ്. മഴയിൽ കരഭാഗത്ത് വെള്ളം കയറുന്നത് നാനൂറോളം വീടുകൾക്ക് ഭീഷണി ഉയർത്തുന്നു. വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിന് തുരങ്കത്തിൽ ഷട്ടർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്.

1969ൽ തുടക്കമിട്ടതാണ് കഴക്കൂട്ടം - കാരോട് റോഡിന്റെ നിർമ്മാണം. 2020ൽ ആണ് ഒന്നാംഘട്ടത്തിന്റെ ഭാഗമായി കഴക്കൂട്ടം - മുക്കോല വരെയുള്ള 26.7 കിലോമീറ്റർ ദൂരം പൂർത്തീകരിച്ചത്. 2008ൽ ഇതിനായുള്ള പദ്ധതിരേഖ തയ്യാറായി. 2010ൽ ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചു. തുടർന്ന് റോഡ് നിർമ്മാണം തുടങ്ങിയതാകട്ടെ 2015ലാണ്.

കഴക്കൂട്ടം മുതൽ മുക്കോല വരെ റോഡിന്റെ ഉദ്ഘാടനം നടന്നെങ്കിലും കോവളം വരെ മാത്രമേ റോഡ് ഉപയോഗിക്കാൻ കഴിയുകയുള്ളൂ. കോവളം മുതൽ മുക്കോല വരെയുള്ള നാല് കിലോമീറ്റർ ദൂരം റോഡ് ഉപയോഗിക്കാൻ കഴിയണമെങ്കിൽ, മുക്കോല- കാരോട് റോഡ് പൂർത്തീകരിച്ച് തുറക്കേണ്ടതുണ്ട്. നാലുവരിപ്പാതയും ഇരുവശങ്ങളിലായി സർവീസ് റോഡുകളുമടക്കം 45 മീറ്റർ വീതിയിലാണ് റോഡിന്റെ നിർമ്മാണം.

സേലം കന്യാകുമാരി എക്സ്‌പ്രസ് ഹൈവേയുമായും കന്യാകുമാരിയുമായും തലസ്ഥാനത്തെ ബന്ധിപ്പിക്കുകയാണ് ഈ പാതയുടെ ലക്ഷ്യം. മുക്കോല മുതൽ കാരോട് വരെയും കാരോട് മുതൽ കന്യാകുമാരി വരെയുമുള്ള 86 കിലോമീറ്റർ റോഡിന്റെ നിർമ്മാണ ചുമതലയും എൽ ആൻഡ് ടി കമ്പനിക്ക് തന്നെയാണ്. കേരള - തമിഴ്‌നാട് റോഡുകൾ തമ്മിൽ ബന്ധിപ്പിക്കാനായാൽ മാത്രമേ ശരിയായ പ്രയോജനം ഇതുകൊണ്ട് ഉണ്ടാവുകയുള്ളു. അതും വേഗത്തിൽ നടക്കുമെന്നാണ് പ്രതീക്ഷ.