ന്യുയോർക്ക്: കർഷകശ്രീ ന്യുയോർക്കിന്റെ പതിനൊന്നാമത് അവാർഡുകൾ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ലഭിച്ച ജോസ് കലയത്തിലും രണ്ടാം സമ്മാനം ഡോ. ആനി പോളും മൂന്നാം സമ്മാനം മനോജ് കുറുപ്പും നേടി.

ഒന്നാം സമ്മാനം ലഭിച്ച ജോസ് കലയത്തിൽ ന്യൂയോർക്കിലെ 42 വർഷത്തെ സേവനത്തിനു ശേഷം വിശ്രമജീവിതം നയിക്കുകയാണ്. ഇരുപതിൽ പരം കുടുംബങ്ങൾക്ക് ശുദ്ധമായ പച്ചക്കറി വിതരണം ചെയ്യാനായി എന്ന സന്തോഷത്തിലാണ് ജോസ്. രണ്ടാം സമ്മാനം ലഭിച്ച ആനി പോൾ ന്യൂയോക്കിലെ റോക്ലൻഡിൽ കൗണ്ടി ലെജിസ്ലേറ്റർ ആണ്. അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോഴും കേരളത്തിന്റെ ഒരു കഷണം മനസ്സിൽ കൂടെ കൊണ്ടുനടക്കുന്നു എന്നതാണ് ആനിപോളിന്റെ പ്രത്യേകത. അവാർഡുകൾ പിന്നീട് വിതരണം ചെയ്യും എന്ന് സംഘാടകർ അറിയിച്ചു.

ന്യൂയോർക്കിലെ ചുരുങ്ങിയ വേനൽ ദിവസങ്ങൾ ധന്യമാക്കി, അമേരിക്കൻ മലയാളികൾ കൃഷിയിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. ചെറിയ രീതിയിൽ തുടങ്ങിയ വീട്ടിലെ കൃഷികൾ, അൽപ്പം അന്തസ്സോടെ വലിയ രീതിയിൽ തന്നെ ചെയ്യാൻ ആളുകൾ മുന്നോട്ടു വരുന്നുണ്ട്. അതുകൊണ്ടുതന്നെ കൃഷിയിടത്തിലെ മത്സരവും ശ്രദ്ധ പിടിച്ചുപറ്റുന്നു. വളരെ കൂടുതൽ പേർ ഇപ്പോൾ ജോലിയിൽ നിന്നും വിരമിച്ചു വിശ്രമജീവിതത്തിലേക്കു പ്രവേശിച്ചതിനാൽ മൂന്നു മാസക്കാലം വളരെ ജാഗ്രതയോടെ കർഷകന്റെ കുപ്പായത്തിലാണ്. മനസ്സിന് ഉല്ലാസം കിട്ടുന്നതിനോടൊപ്പം നിർമ്മാണാത്മകമായ പ്രവർത്തനം ഉന്മേഷവും പ്രദാനം ചെയ്യും. പല കർഷക കുടുംബങ്ങളിൽ നിന്നും നന്നേ ചെറുപ്പത്തിലേ നാടുവിട്ടു പോകേണ്ടിവന്ന പലർക്കും ഗൃഹാതുരത്വം നൽകുന്ന, എന്തൊക്കെയോ കളഞ്ഞുപോയതു തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് വിളവെടുപ്പുകാലം. പിന്നെ ഒക്കെ വീതം വെച്ചു കൊടുത്തുകഴിയുമ്പോൾ നീണ്ട ശൈത്യമാസങ്ങളിൽ അറിയാതെ ഓർമ്മിച്ചെടുക്കാവുന്ന ഒരു നിർവൃതി.

കഴിഞ്ഞ 11 വർഷങ്ങളായി ന്യൂയോർക്കിലെ കർഷകശ്രീ അവാർഡ് ഇവിടെയുള്ള വളരെ മലയാളികളെ മണ്ണിനൊപ്പം മനസ്സും എന്ന ആശയത്തിൽ ചേർത്തുനിറുത്താൻ ആയിട്ടുണ്ട്. വളരെപ്പേർ ഉത്സാഹത്തോടെ അവരുടെ പുതിയ കാർഷീക വിളകളും രീതികളും സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തു നിറക്കുകയാണ്. നടുവൊടിഞ്ഞു പണിയെടുത്തപ്പോൾ കുട്ടികളെ പലർക്കും അത്ര ശ്രദ്ധിക്കാനായില്ല അതിന്റെ കുറവ് നികത്തുകയാണ് പലരും. കുട്ടികളെക്കാൾ വാത്സല്യത്തോടെ പേരിട്ടുവിളിച്ചു തൊട്ടുനോക്കി കിന്നാരം പറഞ്ഞു അങ്ങനെ വളരെ സന്തോഷത്തോടെ ചെടികൾ ഫലം നൽകുമ്പോൾ അവക്ക് ഒരു പ്രത്യേകരുചി ഉണ്ടെന്നാണ് ഇവർ പറയുന്നത്. കൂടാതെ സ്വയം അധ്വാനിച്ചു കിട്ടുന്ന ഫലത്തീന് ഒപ്പം എത്ര ഡോളർ കെട്ടുകൾ വച്ചാലും മതിയാവുകയില്ലത്രേ.

കോവിഡ് കാലത്തു വെളിയിൽ അങ്ങനെ പോകാൻ സാധിക്കാത്തതിനാൽ ഈ വർഷം പതിവിൽ കവിഞ്ഞ ഉത്സാഹമാണ് കൃഷിയിടങ്ങളിൽ ഉണ്ടായത്. ഇരുപത്തഞ്ചോളം കൃഷി കിറ്റുകൾ പലർക്കായി വിതരണം ചെയ്യനായി എന്ന സന്തോഷത്തിലാണ് ന്യൂയോർക്കിലെ ഫിലിപ്പ് ചെറിയാൻ, ഹേമചന്ദ്രൻ, അജിത് പത്തനാപുരം, മുരളി എന്നിവർ. ഇനി അടുത്തതവണ എന്തൊക്കെ പുതിയ വിളകൾ പുതിയ രീതിയൽ എങ്ങനെ മെച്ചപ്പെടുത്താനാവും എന്ന ചർച്ചയിലാണ് ന്യൂയോർക്കിലെ മലയാളി കർഷകർ.