ചെന്നൈ: എയർസെൽ -മാക്സിസ് അഴിമതി കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ സിബിഐക്ക് സാധിക്കാത്ത അവസരത്തിൽ കേസ് റദ്ദാക്കാനാവശ്യപ്പെട്ട് കാർത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

മുൻ കേന്ദ്രധനമന്ത്രി പി ചിദംബരത്തിന്റ മകൻ കൂടിയായ കാർത്തി ചിദംബരം സമർപ്പിച്ച ഹർജിയിൽ കോടതി വെള്ളിയാഴ്ച വാദം കേൾക്കും. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ ഗോപാൽ സുബ്രഹ്മണ്യമാണ് കാർത്തിക്ക് വേണ്ടി മദ്രാസ് ഹൈക്കോടതിയിൽ ഹാജരാവുക.
തനിക്കെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്തതിലും അന്വേഷണം നടത്തിയതിലും അന്വേഷണ ഏജൻസിയുടെ ഭാഗത്തു നിന്നുണ്ടായ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് കേസിനെ കാർത്തി കോടതിയിൽ ചോദ്യം ചെയ്യുക. തനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിലും പ്രാഥമിക അന്വേഷണം നടത്തിയതിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കാർത്തിയുടെ വാദം.

മെയ് 15നാണ് തനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ തന്റെ വീട്ടിൽ ഏജൻസി പരിശോധനയ്ക്കെത്തിയത് മെയ് 16നാണെന്നും കാർത്തി ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരെയുള്ള പരാതിയിൽ പരാതിക്കാരന്റെ കൈയൊപ്പ് ഉണ്ടായിരുന്നില്ല. വാക്കാൽ നൽകിയ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തതെന്നും കാർത്തി തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസ് തെളിയിക്കാൻ സാധിക്കാത്തതിന്റെ സമ്മർദ്ദമാണ് തന്നെ കേസിൽ കുടുക്കാനും ഇടയാക്കിയതെന്നും കാർത്തി ഹർജിയിൽ പരാമർശിക്കുന്നു.

എയർസെൽ മാക്സിസ് അഴിമതി കേസിൽ പ്രതി ചേർത്തവർക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ സിബിഐക്ക് കഴിഞ്ഞില്ല. കേസിൽ പ്രതി ചേർത്ത മുൻ കേന്ദ്രമന്ത്രി ദയാനിധി മാരനടക്കമുള്ളവരെ കഴിഞ്ഞ ഫെബ്രുവരിയിൽ സിബിഐ സ്പെഷ്യൽ കോടതി വിട്ടയച്ചിരുന്നു. ചിദംബരം ധനമന്ത്രി ആയിരിക്കെ മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാൻ കാർത്തി അനധികൃത ഇടപെടൽ നടത്തിയെന്നാണ് കേസ്. ഇതിലാണ് സിബിഐ അന്വേഷണം നടത്തിയത്. മൂന്ന് കോടി രൂപ കാർത്തി കോഴ വാങ്ങിയെന്നാണ് ആരോപണം.