തിരുവനന്തപുരം: പ്രവേശന തട്ടിപ്പ് നടത്തിയ കണ്ണൂരിലെ അഞ്ചരക്കണ്ടിയിലെ മെഡിക്കൽ കോളേജും പാലക്കാട്ടെ കരുണയും വൻ കുരുക്കിലേക്ക് വീഴും. സർക്കാർ അംഗീകരിച്ച ഫീസ് 10 ലക്ഷമായിരിക്കെ, തന്റെ കുട്ടിക്കു 43.17 ലക്ഷം രൂപ നൽകിയാണു കണ്ണൂർ മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം നേടിയതെന്നും അതിന്റെ രസീത് പോലും മാനേജ്‌മെന്റ് നൽകിയിട്ടില്ലെന്നും പരാതി ഉയരുന്നു. കണ്ണൂർ മെഡിക്കൽ കോളജ് പേരന്റ്‌സ് അസോസിയേഷൻ സെക്രട്ടറി മോഹൻ കോട്ടൂരാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായതോടെയാണ് മാതാപിതാക്കളുടെ തുറന്ന് പറച്ചിൽ. ഇതോടെ കള്ളപ്പണവും മെഡിക്കൽ കോളേജിന്റെ കൈയിലുണ്ടെന്ന് വ്യക്തമായി. ഇതും മാനേജ്‌മെന്റുകൾക്ക് ഊരാക്കുടുക്കായി.

വിദ്യാർത്ഥികളുടെ ഭാവിയുടെ പേരിൽ മാനേജ്‌മെന്റിനെ രക്ഷിക്കാൻ ഭരണ പ്രതിപക്ഷങ്ങൾ ചേർന്ന് ബിൽ കൊണ്ടു വന്നിരുന്നു. ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കിയതു കൊണ്ട് ബിൽ ഗവർണ്ണർ തടഞ്ഞു. ഇതോടെ വിദ്യാർത്ഥികൾ വൻ പ്രതിസന്ധിയിലായി. ഇതോടെയാണ് തുറന്നു പറച്ചിലുകൾ എത്തിയത്. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ വിദ്യാർത്ഥി പ്രവേശനം സുപ്രീം കോടതി അസാധുവാക്കിയ സാഹചര്യത്തിൽ സുപ്രീം കോടതിയിലെ കേസിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും കക്ഷി ചേരുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. മാനേജ്‌മെന്റ് തങ്ങളെ കബളിപ്പിച്ചുവെന്നും പറയുന്നു. കാന്തപുരത്തിന് സ്വാധീനമുള്ള കോളേജാണ് അഞ്ചരക്കണ്ടിയിലേത്. മുജാഹിദുകളുടെ അടുപ്പക്കാരന്റേതാണ് കരുണ. ഈ സ്വാധീനമാണ് നിയമവിരുദ്ധ ബില്ലിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇത് പൊളിഞ്ഞതോടെ സത്യം പറയുകയാണ് മാതാപിതാക്കൾ.

150 വിദ്യാർത്ഥികളിൽ 13 പേർ പഠനം നിർത്തിപ്പോയി. ശേഷിക്കുന്ന 137 പേരും പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരാണ്. തങ്ങളുടെ മക്കൾക്കു പഠിക്കുന്നതിനു കോടതി അവസരം നൽകണമെന്നാണ് അപേക്ഷ. വിദ്യാർത്ഥികളുടെ വിഷമം രാഷ്ട്രീയ നേതാക്കളോടു പറഞ്ഞ് അവരിൽ നിന്നു കത്തു വാങ്ങിയതു തങ്ങളാണ്. മാനേജ്‌മെന്റിന്റെ ഇടപെടൽ ഉണ്ടായിട്ടില്ല. മാനേജ്‌മെന്റിന്റെ ആളുകൾ ഇപ്പോൾ ഫോൺ പോലും എടുക്കുന്നില്ല. കോളജിലെ വിദ്യാർത്ഥികളുടെ പട്ടിക ആരോഗ്യ സർവകലാശാല, മെഡിക്കൽ കൗൺസിലിന് അയയ്ക്കുകയും അവർ അത് നിയമപ്രാബല്യമുണ്ടോയെന്ന് അറിയാൻ സുപ്രീം കോടതിക്കു വിടുകയും ചെയ്തിരുന്നു. മെഡിക്കൽ കൗൺസിലിൽ പോയി ഇതിനായി സമ്മർദം ചെലുത്തിയതും അസോസിയേഷനാണെന്നു ഭാരവാഹികൾ പറഞ്ഞു.

2016-17-ൽ കോളേജിൽ പ്രവേശനം നേടിയവരെല്ലാം നീറ്റ് യോഗ്യത നേടിയവരാണ്. പ്രവേശന നടപടികളുടെ രേഖകൾ മേൽനോട്ടസമിതിക്ക് മുൻപിൽ ഹാജരാക്കിയില്ല. കോളേജ് മാനേജ്മെന്റ് വിദ്യാർത്ഥികളോടും രക്ഷാകർത്താക്കളോടും നിരുത്തരവാദ സമീപനമാണ് കൈക്കൊള്ളുന്നത്. കോളേജിലെ പ്രവേശനം സാധൂകരിച്ചുകൊണ്ടുള്ള ഓർഡിനൻസ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനെതിരേ നിയമപരമായി മുന്നോട്ടുപോകും. സുപ്രീംകോടതി മെയ്‌ ഏഴിന് കേസ് പരിഗണിക്കുമ്പോൾ കക്ഷിചേരാൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. വിദ്യാർത്ഥികളുടെ ഭാഗം പറയാൻ അവസരം ലഭിച്ചാൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് കരുതുന്നു. വിധി എതിരായാൽ നിയമപരമായി നേരിടും.

കണ്ണൂർ കോളേജിൽ ഒന്നാം റാങ്കുകാരിയുടെ നീറ്റ് റാങ്ക് 18,499 ആണ്. മറ്റു സ്വാശ്രയ കോളേജുകളിലെ ഭൂരിപക്ഷം കുട്ടികളുടെയും മെറിറ്റ് റാങ്ക് ഈ കുട്ടിയെക്കാൾ വളരെ പിന്നിലാണെന്നും രക്ഷാകർത്താക്കൾ പറഞ്ഞു. ജയിംസ് കമ്മിറ്റിയോ ആരോഗ്യവകുപ്പ് സെക്രട്ടറിയോ തങ്ങളുടെ വാദം കേൾക്കാൻ തയ്യാറായില്ലെന്ന് കരുണ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആരോപിക്കുന്നുണ്ട്. എംബിബിഎസ് പ്രവേശനം റദ്ദാക്കിയുള്ള വിധിക്കെതിരെ സുപ്രീകോടതിയെ സമീപിക്കുമെന്നും നിലവിലുള്ള കേസിൽ ഉടൻ കക്ഷിചേരുമെന്നും കരുണ മെഡിക്കൽ കോളജ് വിദ്യാർത്ഥികളും രക്ഷിതാക്കളും അറിയിച്ചു.