കണ്ണൂർ: രാജ്യത്താകെ 30,000 എംബിബിഎസ് സീറ്റുകളാണുള്ളത്. അതായത് മാനേജ്‌മെന്റ് ക്വാട്ട ഉൾപ്പെടെ 30000 റാങ്കിനുള്ളിൽ കിട്ടിയാൽ എംബിബിഎസിന് അഡ്‌മിഷൻ കിട്ടും. എന്നാൽ വിവാദത്തിലായ കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ ഭൂരിഭാഗം വിദ്യാർത്ഥികളും മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ്) മൂന്നു ലക്ഷത്തിനും നാലു ലക്ഷത്തിനുമിടയിൽ റാങ്ക് ലഭിച്ചവരാണ്. ഇതിൽ നിന്ന് തന്നെ വിദ്യാഭ്യാസ കച്ചവടമാണ് ഇവിടെ നടന്നതെന്ന് വ്യക്തമാണ്. കോളേജ് അധികാരികളുടെ കാശിനോടുള്ള ആർത്തി മൂലം അട്ടിമറിക്കപ്പെട്ടത് നിരവധി അർഹരുടെ അവസ്ഥയാണ്.

ഈ കോളേജിൽ ഒന്നാമതായി പ്രവേശനം നേടിയ 452 മാർക്കുള്ള വിദ്യാർത്ഥിനിയുടെ റാങ്ക് 18,499 ആണ്. അവസാനത്തെയാളുടെ റാങ്ക് 4,32,009 (120 മാർക്ക്). നീറ്റിന് ആകെ മാർക്ക് 720. ആതായത് വിരലിൽ എണ്ണാവുന്ന കുട്ടികൾക്ക് മാത്രമേ ഇവിടെ എംബിബിഎസ് പഠിക്കാൻ അർഹതയുള്ളവർ. അത്തരമൊരു കോളേജിലെ കുട്ടികളുടെ പേരിലാണ് മാനേജ്‌മെന്റിന്റെ കൊള്ളയ്ക്ക് നിയമസാധുത നൽകാൻ സർക്കാർ നിയമസഭയിൽ ബിൽ കൊണ്ടുവന്നത്. ഈ കള്ളക്കളി അറിയാവുന്നതു കൊണ്ട് തന്നെയാണ് സുപ്രീംകോടതിയും ഉറച്ച നിലപാട് എടുത്തത്.

അഡ്‌മിഷൻ റദ്ദാക്കിയ സുപ്രീംകോടതി വിധി അംഗീകരിച്ചാൽ മാനേജ്‌മെന്റിന് വാങ്ങിയ പണം തിരിച്ചുകൊടുക്കേണ്ടി വരും. പലരും പലിശ സഹിതമാണ് തുക ആവശ്യപ്പെടുന്നത്. അതുകൊണ്ടാണ് എങ്ങനേയും സർക്കാരിനെ സ്വാധീനിച്ച് പ്രശ്‌നം അനുകൂലമാക്കാൻ ശ്രമിക്കുന്നത്. കാന്തപുരത്തിന്റെ പിന്തുണയുള്ള കണ്ണൂരിനും മുജാഹിദ് താങ്ങും തണലുമായി നിൽക്കുന്ന കരുണയ്ക്കും മുസ്ലിം ലീഗിന്റെ അടിയുറച്ച പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസും ഇടതുപക്ഷവും ചേർന്നൊരു ഇടപെടൽ. ഒരു പ്രശ്‌നവും വരില്ലെന്ന പ്രതീക്ഷയിൽ ബിജെപിയും അഴിമതിയെ ന്യായീകരിക്കാൻ ഒത്തുകൂടി. അതാണ് സുപ്രീംകോടതി പൊളിച്ചതും ചർച്ചകൾക്ക് വഴിവച്ചതും.

കണ്ണൂരിലെ 150 വിദ്യാർത്ഥികളിൽ 15 പേർ മാത്രമാണ് ഇതിൽ നാനൂറിലേറെ മാർക്കുള്ളവർ. 48 വിദ്യാർത്ഥികളുടെ നീറ്റ് റാങ്ക് ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിലാണ്. ഏതാനും വിദ്യാർത്ഥികളുടെ മാർക്കും റാങ്കും മെച്ചമാണ്. അവരെ മറയാക്കി കുറഞ്ഞ റാങ്കുള്ളവരുടെ പ്രവേശനവും സാധൂകരിക്കാനായിരുന്നു മാനേജ്‌മെന്റിന്റെ ശ്രമം. ഇതിനാണ് സർക്കാർ കൂട്ടുനിൽക്കുന്നത്. ഇത് മറച്ചുവച്ചാണ് മറ്റു സ്വാശ്രയ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളെ അപേക്ഷിച്ചു കണ്ണൂരിലെ വിദ്യാർത്ഥികളുടെ റാങ്കുകൾ മെച്ചമാണെന്നാണു സർക്കാരും രക്ഷിതാക്കളും വാദിക്കുന്നത്.

എംബിബിഎസ് പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്നു മാനേജ്‌മെന്റ് ഈടാക്കിയതു 45 ലക്ഷം രൂപ മുതൽ ഒരുകോടി രൂപ വരെയാണ്. എട്ടു വിദ്യാർത്ഥികൾ നൽകിയ പരാതിയെത്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ്, ഒന്നാംവർഷ ഫീസായ 10 ലക്ഷം രൂപയും സ്‌പെഷൽ ഫീസായ 1.65 ലക്ഷം രൂപയും ഈടാക്കേണ്ട സ്ഥാനത്തു 45 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ വാങ്ങിയതായി കണ്ടെത്തിയത്. പ്രവേശന സമയത്തു പണം വാങ്ങുന്നതൊഴിച്ചാൽ മറ്റൊരു സമയത്തും മാനജ്‌മെന്റ് പ്രതിനിധികളെ കാണാൻ കഴിയാറില്ലെന്നു വിദ്യാർത്ഥികളും രക്ഷിതാക്കളും കുറ്റപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ കോളേജ് മാനേജ്‌മെന്റ്് ഒളിവിലിരുന്നാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

പണം നൽകിയതിനു രേഖകളില്ലാത്തതിനാലും ഉറവിടം വെളിപ്പെടുത്താൻ കഴിയാത്തതിനാലും പണം നൽകിയ പലരും പരാതിപ്പെടുന്നില്ല. അഡ്‌മിഷൻ നഷ്ടമായവരാണ് ഈ ചതി ഉയർത്തിയത്. ഇതോടെ ജയിംസ് കമ്മറ്റി അന്വേഷണം തുടങ്ങി. കള്ളക്കളി കണ്ടെത്തി. കോളജിലെ പ്രവേശനം ജയിംസ് കമ്മിറ്റിയും ഹൈക്കോടതിയും സുപ്രീംകോടതിയും റദ്ദാക്കിയപ്പോൾ, 13 വിദ്യാർത്ഥികൾ പഠനം ഉപേക്ഷിച്ചു. ഫീസും സർട്ടിഫിക്കറ്റുകളും തിരിച്ചു നൽകാൻ മാനേജ്‌മെന്റ് വിസമ്മതിച്ചതോടെയാണ് എട്ടുപേർ കഴിഞ്ഞ ജൂലൈയിൽ പൊലീസിൽ പരാതി നൽകിയത്.

ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതോടെ ഡയറക്ടർ, മുൻ പ്രിൻസിപ്പൽ, ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങൾ എന്നിവരെല്ലാം വിദേശത്തേക്കു കടന്നു. അടുത്ത അധ്യയന വർഷത്തെ പ്രവേശന സമയത്ത് ഇവർക്കു നാട്ടിലെത്താൻ പ്രയാസം നേരിട്ടതോടെ എട്ടുപേരുടെ സർട്ടിഫിക്കറ്റുകളും ഫീസും തിരികെ നൽകി. തുടർന്നു ജനുവരിയിൽ ഹൈക്കോടതി മുൻപാകെ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.