കൊല്ലം: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ അഖിൽ ലൈംഗിക മനോരോഗിയാണെന്ന് നാട്ടുകാർ. പ്രദേശത്തെ വീടുകളിൽ സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞ് നോക്കുന്ന സ്വഭാവം ഇയാൾക്കുണ്ടായിരുന്നുവെന്നും നാട്ടുകാർ പിടികൂടി താക്കീത് നൽകിയിട്ടുണ്ടെന്നും അയൽവാസികളിലൊരാൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഏതാനം മാസങ്ങൾക്ക് അഖിൽ സഹോദരി തുല്യയായ ബന്ധുവിനെ കുളിമുറിയിൽ ഒളിഞ്ഞ് നോക്കിയത് പിടികൂടുകയും ഇരു വീട്ടുകാർ തമ്മിൽ ഏറെ കലഹം ഉണ്ടാവുകയും ചെയ്തിരുന്നു. സ്വന്തം സഹോദരിയെ പോലും വെറുതെ വിടാതിരുന്ന ഇയാൾ പത്തു വയസ്സുകാരിയെ പീഡിപ്പിച്ചതിൽ അത്ഭുതമൊന്നുമില്ലെന്നാണ് നാട്ടുകാരിൽ ചിലർ പ്രതികരിച്ചത്.

മൂന്ന് വർഷം മുൻപ് പെൺകുട്ടി അഖിൽ തന്റെ പാവാടയിൽ കയറിപ്പിടിച്ചെന്ന് മാതാവിനോട് പരാതി പറഞ്ഞിരുന്നു. അന്നത് അവർ കാര്യമായി എടുത്തില്ല. എന്നാൽ പിന്നീട് അഖിൽ കുട്ടിയെ ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു. ഇക്കാര്യങ്ങൾ പുറത്ത് പറഞ്ഞാൽ അച്ഛനേയും അമ്മയേയും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഈ ഭയം മൂലം കുട്ടി ആരോടും തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകൾ പറഞ്ഞില്ല. ഇത് മുതലെടുത്താണ് ചൂഷണം തുടർന്നത്.

പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം പെൺകുട്ടിയുടെ കുടുംബത്തിന് നേരെ പ്രതികളുടെ വീട്ടുകാരുടെ ഭീഷണിയുണ്ട്. ഇവർ താമസിക്കുന്ന കോളനിയിൽ ഏറെയും പ്രതികളുടെ ബന്ധുക്കളാണ്. പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതിന് സാക്ഷിയാകാൻ വിളിച്ചിട്ട് ആരും സഹകരിച്ചില്ല. അതേ സമയം പ്രതികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. നാലു പേരുടെയും ചിത്രങ്ങൾ സഹിതം പ്രചരിപ്പിച്ചാണ് പ്രതിഷേധം.

അറസ്റ്റിലായ അനീഷും അഖിലും സഹോദരന്മാരാണ്. രാജീവ് ഇവരുടെ അമ്മാവനും ശിവകുമാർ സുഹൃത്തുമാണ്. പത്മന സ്വദേശിയായ രാജീവിന് അഞ്ച് വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്.