- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരുണ്യയിൽ സർക്കാർ കൊടുക്കാനുള്ള കുടിശിക 400 കോടി; അടിച്ചിട്ടും ടിക്കറ്റ് ഹാജരാക്കാത്തതിനാൽ കെട്ടിക്കിടക്കുന്നത് 313 കോടി; അന്യസംസ്ഥാനക്കാരായ 28 പേർക്ക് പണം കൊടുത്തില്ല; സർക്കാരിനു നാലുവർഷത്തെ ലോട്ടറി വരുമാനം 2311 കോടി
കൊച്ചി: ഭാഗ്യക്കുറികൾ കൊണ്ട് സർക്കാരിനു ലഭിക്കുന്ന പണം പാവങ്ങൾക്ക് ആശ്രയമാവാൻ സർക്കാർ രൂപീകരിച്ച കാരുണ്യചികിത്സാ പദ്ധതി പ്രതിസന്ധിയിലായി. ഇതിനെ ആശ്രയിച്ചു ചികിത്സ ചെയ്യുന്ന പല മാരകരോഗികളും ഇന്ന് ജീവിതത്തിനും മരണത്തിനുമിടയിലുമാണ്. ഇതു സംബന്ധിച്ചു പുറത്തുവരുന്ന കണക്കനുസരിച്ചു 400 കോടിയിലേറെ രൂപ കാരുണ്യചികിത്സാ പദ്ധതി പ്രകാരം
കൊച്ചി: ഭാഗ്യക്കുറികൾ കൊണ്ട് സർക്കാരിനു ലഭിക്കുന്ന പണം പാവങ്ങൾക്ക് ആശ്രയമാവാൻ സർക്കാർ രൂപീകരിച്ച കാരുണ്യചികിത്സാ പദ്ധതി പ്രതിസന്ധിയിലായി. ഇതിനെ ആശ്രയിച്ചു ചികിത്സ ചെയ്യുന്ന പല മാരകരോഗികളും ഇന്ന് ജീവിതത്തിനും മരണത്തിനുമിടയിലുമാണ്. ഇതു സംബന്ധിച്ചു പുറത്തുവരുന്ന കണക്കനുസരിച്ചു 400 കോടിയിലേറെ രൂപ കാരുണ്യചികിത്സാ പദ്ധതി പ്രകാരം സർക്കാർ കുടിശിക വരുത്തിയിട്ടുണ്ട്. എന്നാൽ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് ഹാജരാക്കാത്തതുകൊണ്ട് 2011 ഏപ്രിൽ ഒന്നു മുതൽ 2015 നവംബർ വരെയുള്ള കാലഘട്ടത്തിൽ ഈ ഇനത്തിൽ 312,75,17,550 കോടി രൂപ സർക്കാർ ഖജനാവിൽ ഇപ്പോഴും കെട്ടിക്കിടക്കുകയാണെന്ന് വിവരാവകാശ രേഖകൾ തെളിയിക്കുന്നു. ഇതിനു പ്രത്യേക അക്കൗണ്ടുകൾ വയ്ക്കാതെ നേരിട്ടു സർക്കാർ ഖജനാവിലേക്ക് വകയിരുത്തി എന്നാണു കിട്ടുന്ന വിവരം.
കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ കൊടുക്കാമെന്ന സർക്കാർ വാഗ്ദാനം ഒന്നുകൊണ്ടു മാത്രം തുടർചികിൽസ ചെയ്യുന്ന രോഗികളും അവരുടെ കുടുംബങ്ങളും തുക സർക്കാരിൽനിന്നു കിട്ടാതെ വലഞ്ഞു നിൽക്കുമ്പോഴാണ് ഇത്രയും തുക ഇതിനൊന്നിനും ചെലവഴിക്കാതെ സർക്കാർ ഖജനാവിൽ കിടക്കുന്നത്. അതോടൊപ്പം നറുക്കെടുപ്പിൽ സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കിയിട്ടും മതിയായ രേഖകളും മറ്റും ഹാജരാകാത്തതിനാൽ അന്യസംസ്ഥാനത്തുള്ള 28 പേർക്ക് ഇതുവരെ സമ്മാനത്തുക കൊടുത്തിട്ടില്ലെന്നും വിവരാവകാശ രേഖകൾ പറയുന്നു.
ഇതുമാത്രം കോടികൾ വരുമെന്നും രേഖകൾ തെളിയിക്കുന്നു. ഇതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സർക്കാരിനു ലഭിക്കാത്തതിനാലാണ് ഈ തുക നൽകാത്തത്. റിപ്പോർട്ട് ലഭ്യമാകാനുള്ള നടപടികൾ സ്വികരിച്ചതായി പറയുമ്പോഴും വർഷങ്ങൾക്കു മുൻപ് സമ്മാനം ലഭിച്ച ടിക്കറ്റുകളാണിവയിൽ പലതും. ലോട്ടറി അടിച്ചിട്ടും കൊടുക്കാത്ത ഈ തുകയ്ക്ക് പ്രത്യേക അക്കൗണ്ടുകളുമില്ലെന്നു വിവരാവകാശരേഖകളിൽ കാണുന്നു.സർക്കാർ ഫണ്ടിൽ നിന്നും ആവശ്യമായ തുക സമ്മാനവിതരണ സമയത്ത് നൽകുകയാണ് പതിവത്രേ.
കാരുണ്യ ചികിത്സാപദ്ധതിയിൽ ഇപ്പോൾ തന്നെ സർക്കാരിനു 400 കോടി രൂപയുടെ കുടിശിക നിലവിലുണ്ട്. 2311 കോടി രൂപ ലോട്ടറി വിറ്റ് സർക്കാരിനു വരുമാനം ഇനത്തിൽ ലഭിച്ചു എന്നാണ് കണക്ക്. പക്ഷെ ഇതിൽ 841 കോടി രൂപ മാത്രമാണ് ചികത്സാപദ്ധതിയിലുടെ രോഗികൾക്ക് വിതരണം ചെയ്തിട്ടുള്ളത്. കാരുണ്യചികിത്സാ പദ്ധതി നിലച്ചതിനാൽ പല സ്വകാര്യ ആശുപത്രികൾക്കും ഈ ഇനത്തിൽ കോടികൾ സർക്കാർ കുടിശിക വരുത്തിയതിനാൽ പദ്ധതിയിൽനിന്നും ഇവർ പിന്മാറി.
അതിനാൽ ഇവരെ ആശ്രയിച്ച പല രോഗികളുടെയും ചികിത്സ നിലവിൽ മുടങ്ങിയിരിക്കുകയാണ്. കാരുണ്യ ചികിത്സാ പദ്ധതി പ്രകാരം സർക്കാരിനെ വിശ്വസിച്ചു ചികിത്സയ്ക്കിറങ്ങിയ പല രോഗികളും ഇപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ജീവന്റെ നുൽപാലത്തിൽ വട്ടം ചുറ്റുമ്പോൾ ഇതിനായി വകയിരുത്തിയ കോടികൾ സർക്കാർ ഖജനാവിൽ ആർക്കും ഉപകാരമില്ലാതെ കുടുങ്ങിക്കിടക്കുന്നു എന്നുള്ളതാണു സത്യം.