തൃശൂർ: 30 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും ചികിത്സാ ചെലവിനായി പോലും പണം തിരിച്ചു നൽകാത്തതിനെ തുടർന്ന് മതിയായ ചികിത്സ ലഭിക്കാതെ വയോധിക മരിച്ചതിൽ പ്രതിഷേധം കത്തുന്നതിനിടെ കുടുംബത്തിന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ച് കരുവന്നൂർ ബാങ്ക് അധികൃതർ. നാട്ടുകാരും ബന്ധുക്കളും വയോധികയുടെ മൃതദേഹവുമായി ബാങ്കിനു മുന്നിൽ പ്രതിഷേധിച്ചതോടെയാണ് ആർ.ഡി.ഒ ഇടപെട്ട് താൽക്കാലികമായി പരിഹാരം കണ്ടത്. പ്രതിഷേധത്തെത്തുടർന്ന് തൃശൂർ കൊടുങ്ങല്ലൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

മാപ്രാണം സ്വദേശി ഏറാട്ടുപറമ്പിൽ ദേവസിയുടെ ഭാര്യ ഫിലോമിനയാണ് (70) മരിച്ചത്. ചികിത്സയ്ക്കായി നിക്ഷേപം തിരിച്ചു നൽകണമെന്നു ദേവസി 6 മാസത്തോളമായി നിരന്തരം ആവശ്യപ്പെട്ടിരുന്നു.
സ്ഥലം എംഎൽഎയായ മന്ത്രി ആർ.ബിന്ദു എത്താതെ പിരിഞ്ഞുപോകില്ലെന്നാണു നാട്ടുകാർ അറിയിച്ചത്. കോൺഗ്രസ്, ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി എത്തി. ആർഡിഒ സ്ഥലത്തെത്താതെ സമരം അവസാനിപ്പിക്കില്ലെന്ന് കോൺഗ്രസും ബിജെപിയും വ്യക്തമാക്കിയിരുന്നു. ആർ.ഡി.ഒയുമായി നടത്തിയ ചർച്ചയിൽ ബാങ്ക് സംസ്‌കാര ചടങ്ങിനായി 2 ലക്ഷം രൂപ ഫിലോമിനയുടെ കുടുംബത്തിനു നൽകുമെന്ന് അറിയിച്ചതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ബാങ്കിലെ നിക്ഷേപകൻ മാപ്രാണം സ്വദേശി ദേവസിയുടെ ഭാര്യ ഫിലോമിന ഇന്ന് രാവിലെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. സർക്കാർ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ ഇട്ടിരുന്നത്. മുപ്പത് ലക്ഷം രൂപ ബാങ്കിൽ നിക്ഷേപമുണ്ടായിട്ടും പണം നൽകിയില്ലെന്നായിരുന്നു നിക്ഷേപകൻ ദേവസിയുടെ പരാതി. ഫിലോമിനയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിലും ദേശീയ പാതയിലും സമരം നടന്ന് വരികയായിരുന്നു.

പ്രതിഷേധം ശക്തമായതോടെയാണ് ഇരിങ്ങാലക്കുട ആർ.ഡി.ഒ-യുടെ നേതൃത്വത്തിൽ ചർച്ച നടന്നത്. അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നൽകുമെന്നും ബാക്കി തുക എത്രയും പെട്ടെന്ന് നൽകാൻ നടപടി സ്വീകരിക്കുമെന്നും ആർ.ഡി.ഒ സമരക്കാർക്ക് ഉറപ്പ് നൽകി. തുടർന്ന് സമരം അവസാനിപ്പിച്ചു. മുപ്പത് ലക്ഷം രൂപയോളം നിക്ഷേപമുണ്ടായിട്ടും മകന്റെ ചികിത്സയ്ക്കായി നേരത്തെ അനുവദിച്ച ചെറിയ തുകയല്ലാതെ മറ്റൊന്നും കിട്ടിയില്ലെന്നായിരുന്നു ദേവസിയുടെ പരാതി. ചികിത്സയ്ക്കായി പണം ചോദിച്ചപ്പോൾ കിട്ടുമ്പോൾ തരുമെന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും ദേവസി പറഞ്ഞിരുന്നു.

കേരള ചരിത്രത്തിലെ സമാനതികളില്ലാത്ത തട്ടിപ്പാണ് കരുവന്നൂർ ബാങ്കിൽ നടന്നത്. ഈ മാസം 13-ന് ഈ തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വർഷം പിന്നിട്ടിരുന്നു. ദേവസി ഉൾപ്പടെ 11000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപമാണ് ബാങ്ക് വിഴുങ്ങിയത്. തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ട് വ്യാഴാഴ്ച ഒരു വർഷം തികയുകയാണ്. ഇനിയും കുറ്റപത്രം നൽകാനായിട്ടില്ല. കേസിലെ സങ്കീർണതകളാണ് കാരണം. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. കോടികൾ കവർന്ന ജീവനക്കാരും ഇടനിലക്കാരുമായ ആറുപേരെയും തട്ടിപ്പ് നടന്നകാലത്തെ 11 ബാങ്ക് ഭരണ സമിതിയംഗങ്ങളെയും അറസ്റ്റ് ചെയ്തു എന്നതാണ് ഏക നടപടി. ഇതിൽ ഒരു ജീവനക്കാരിയും ബാങ്ക് ഭരണ സമിതിയംഗങ്ങളും ജാമ്യത്തിലിറങ്ങി. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരിൽ സസ്പെൻഡ് ചെയ്ത 16 സഹകരണ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു.

312.71 കോടി നിക്ഷേപിച്ച 11000-ത്തിൽപ്പരം പേർ പ്രതീക്ഷകൾ നഷ്ടപ്പെട്ട് കഴിയുകയാണ്. ബഹുഭൂരിപക്ഷവും പെൻഷൻ പണം നിക്ഷേപിച്ചവരാണ്. പലർക്കും ചികിത്സയ്ക്കുപോലും വഴിയില്ല. കൺസോർഷ്യമുൾപ്പടെയുള്ള സർക്കാർ വാഗ്ദാനങ്ങളിലായിരുന്നു ഇവരുടെ പ്രതീക്ഷ. പക്ഷേ, അതെല്ലാം പാഴായി.

ഒരാൾക്കും ഒരുപൈസപോലും നഷ്ടപ്പെടില്ലെന്ന് മന്ത്രിയുടെ ഉറപ്പുമുണ്ടായിട്ടും സഹായമായും കടമായും ഒരു രൂപപോലും കിട്ടിയില്ല. കടക്കെണിയിലായ ബാങ്കിനെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നില്ല. 381.45 കോടിയുടെ വായ്പ തിരിച്ചു കിട്ടാനുണ്ട്. ഇതിൽ 42 കോടി തിരിച്ചുപിടിച്ച് നിക്ഷേപകർക്ക് നൽകിയെന്നാണ് അനൗദ്യോഗികമായി ബാങ്ക് അവകാശപ്പെടുന്നത്. ആർക്കാണ് നൽകിയതെന്ന് വെളിപ്പെടുത്തുന്നില്ല. കാലങ്ങളായി സിപിഎം. ഭരിച്ചിരുന്ന ബാങ്കിൽ നിക്ഷേപം തിരികെ നൽകുന്നതിലും രാഷ്ട്രീയമുണ്ടെന്നാണ് ആരോപണം.