- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂർ ബാങ്ക് വായ്പ്പാ തട്ടിപ്പ്: രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ; തൃശ്ശൂരിൽ നിന്നും പിടിയിലായത് ബാങ്ക് മാനേജർ ബിജു കരീമും അക്കൗണ്ടന്റ് സി കെ ജിൽസും
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതിയും ബാങ്ക് മാനേജരുമായിരുന്ന ബിജു കരീം, മൂന്നാം പ്രതി അക്കൗണ്ടന്റ് സി കെ ജിൽസ് എന്നിവരാണ് പിടിയിലായത്. തൃശ്ശൂരിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കേസിലെ ഒന്നാംപ്രതിയും ബാങ്ക് മുൻ സെക്രട്ടറിയുമായ സുനിൽ കുമാറിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടും മൂന്നും പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കേസിൽ മൂന്നു പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്.
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂന്ന് പ്രതികളുടെയും മുൻകൂർ ജാമ്യാപക്ഷ തൃശ്ശൂർ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടും മൂന്നും പ്രതികളെ പിടികൂടിയത്. ഇടനിലക്കാരൻ കിരൺ (31), കമ്മിഷൻ ഏജന്റായിരുന്ന എ.കെ.ബിജോയ് (47), ബാങ്കിന്റെ സൂപ്പർമാർക്കറ്റിലെ മുൻ അക്കൗണ്ടന്റ് റെജി അനിൽ (43) എന്നിവരാണ് പിടിയിലാകാനുള്ളത്. നാലാംപ്രതി കിരൺ രാജ്യം വിട്ടതായാണ് സൂചന.
അതിനിടെ, ബാങ്ക് ഭരണസമിതിയുടേയും ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടായതായി സർക്കാരിന്റെ അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിലുണ്ടെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. ബാങ്കിലെ തട്ടിപ്പ് കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ സഹകരണ വകുപ്പ് തീരുമാനിച്ചു. 14 ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് ഉത്തരവിറക്കും.
അതേസമയം കരുവന്നൂർ സഹകരണ ബാങ്കിൽ വൻ വായ്പാ തട്ടിപ്പ്. നൂറു കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാററുടെ കണ്ടെത്തൽ. 46 പേരുടെ ആധാരത്തിൽ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കിൽ നടന്നത്. പെരിങ്ങനം സ്വദേശി കിരൺ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച് 23 കോടി രൂപ എത്തിയെന്നാണ് സൂചന. സായിലക്ഷ്മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയം വച്ച് മൂന്ന് കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു ഇടപാട് നടന്നതിനെക്കുറിച്ച് സായിലക്ഷ്മിക്ക് യാതൊരു അറിവുമില്ല.
സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുള്ളത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നേതാക്കൾ ഉൾപ്പെടുന്ന 13 അംഗഭരണസമിതി പിരിച്ചു വിട്ടിട്ടുണ്ട്. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്. ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രം?ഗത്ത് എത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ