- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: രണ്ട് സിപിഎം നേതാക്കളിൽ നിന്ന് മാത്രം കിട്ടാനുള്ളത് 1.38 കോടി രൂപ; വായ്പ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങി നടന്നു നേതാക്കൾ; നേതാക്കളുടെ വായ്പ കുടിശ്ശിക വിവരം പുറത്തുവിട്ടത് അഴിമതി ചൂണ്ടിക്കാട്ടിയതിന് പുറത്താക്കപ്പെട്ട സഖാക്കൾ തന്നെ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് സഖാക്കളുടെ കൊടിയ തട്ടിപ്പെന്ന് വ്യക്തമാകുന്നു. സിപിഎം നേതാക്കൾ ലക്ഷങ്ങൾ വായ്പ്പ എടുത്ത ശേഷം പണം തിരിച്ചടക്കാതെ മുങ്ങി നടക്കുകയായിരുന്നു. നൂറ് കോടിയിലേറെ വായ്പ്പാ തട്ടിപ്പു നടന്ന ബാങ്കിലെ സിപിഎം നേതാക്കളുടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
നൂറുകോടിയിലേറെ വായ്പ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎം നേതാക്കളും ബാങ്കിന് നൽകാനുള്ളത് ലക്ഷങ്ങളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സിപിഎം നേതാക്കൾ വായ്പയെടുത്ത് തിരിച്ചടച്ചിട്ടില്ലാത്ത രേഖകൾ പുറത്തുവന്നു. രണ്ട് നേതാക്കളുടെ പേരിൽ മാത്രം ബാങ്കിന് കിട്ടാനുള്ളത് 1.38 കോടിയാണ്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിപ്പെട്ട സുജേഷ് കണ്ണാട്ടിനെതിരെ നടപടിയെടുത്തതിനെ തുടർന്ന് രാജിവെച്ചവരാണ് പാർട്ടി നേതാക്കളുടെ വായ്പ കുടിശ്ശിക വിവരം പുറത്തുവിട്ടത്.
50 ലക്ഷം വീതം വായ്പയെടുത്ത നേതാക്കളിൽ ഒരാൾ 69,34,732 രൂപയും മറ്റൊരാൾ 68,95,391 രൂപയും കുടിശ്ശികയായി നൽകാനുണ്ട്. 50 ലക്ഷത്തിൽ താഴെയുള്ള വായ്പകൾ വേറെയുമുണ്ട്. ബാങ്കിലെ ക്രമക്കേട് വിവരം മാസങ്ങൾക്ക് മുമ്പാണ് പാർട്ടി അറിഞ്ഞതെന്ന വാദം നേരത്തേ പാർട്ടി ബ്രാഞ്ച് യോഗത്തിലെ ശബ്ദരേഖ പുറത്തുവന്നതോടെ പൊളിഞ്ഞിരുന്നു. ഇത് സാധൂകരിക്കുന്ന മറ്റൊരു ശബ്ദരേഖ കൂടി പുറത്തുവന്നു.
സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമായ ആർ.എൽ. ശ്രീലാലിനോട് സുജേഷ് കണ്ണാട്ട് ബാങ്കിലെ ക്രമക്കേട് വിവരം പരാതിയായി അറിയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. 2018 നവംബർ ആറിന് പരാതിപ്പെട്ട ടെലിഫോൺ സംഭാഷണമാണ് പുറത്തുവിട്ടത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒറ്റയാൾ സമരം നടത്തിയതിനെ തുടർന്ന് സുജേഷ് കണ്ണാട്ടിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.
ബിജു കരീമിന്റെ പിതാവിന്റെ സ്ഥാപനത്തിൽനിന്ന് ബാങ്കിന്റെ സൂപ്പർമാർക്കറ്റിലേക്ക് ഗുണനിലവാരമില്ലാത്ത സാധനങ്ങൾ വാങ്ങിയിരുന്നുവെന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ ദിവസങ്ങൾക്ക് മുമ്പ് ബാങ്കിലെത്തിച്ചു തെളിവെടുപ്പു നടത്തിയിരുന്നു. ഒന്നാം പ്രതി സുനിൽ കുമാർ, ജിൽസ് എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. പ്രതി ജിൽസിന്റെ ഭാര്യയുടെ സ്ഥാപനത്തിലും പൊലീസ് പരിശോധന നടത്തി. കരുവന്നൂർ സഹകരണ സൂപ്പർ മാർക്കറ്റിൽനിന്നും പണം തട്ടിയെന്നും കണ്ടെത്തിയിട്ടുണ്ട്.
ബാങ്കിലെ മുൻ അക്കൗണ്ടന്റ് ജിൽസിന്റെ ഭാര്യയുടെ പേരിൽ ഇരിങ്ങാലക്കുട നടവരമ്പിൽ ഒരു സൂപ്പർമാർക്കറ്റുണ്ട്. കരുവന്നൂർ സഹകരണ സൂപ്പർമാർക്കറ്റിന് സമാന്തരമായാണ് ഇതിന്റെ പ്രവർത്തനം. സഹകരണ ബാങ്കിന്റെ സൂപ്പർമാർക്കറ്റിൽനിന്ന് തട്ടിയെടുക്കുന്ന പണം, സാധനങ്ങൾ എന്നിവ സ്റ്റോക്കിൽ കൃത്രിമംകാട്ടി ജിൽസിന്റെ ഭാര്യയുടെ സൂപ്പർമാർക്കറ്റിലേക്ക് എത്തിച്ചുവെന്ന വിവരങ്ങളാണ്പൊലീസ് ഇപ്പോൾ ശേഖരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ജിൽസിന്റെ ഭാര്യയുടെ സൂപ്പർമാർക്കറ്റിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തി.
കരുവന്നൂർ സഹകരണ ബാങ്കിൽ ജിൽസിന്റെ ഭാര്യയുടെ പേരിലുള്ള ലോക്കറും അന്വേഷണസംഘം ഇന്ന് പരിശോധിച്ചു. വ്യാജ ഇടപാടുകൾ ലഭിച്ചത് സംബന്ധിച്ച തെളിവുകൾ ലഭിക്കുമോ എന്നറിയാനാണ് അന്വേഷണ സംഘം ലോക്കറുകൾ പരിശോധിച്ചത്. ബാങ്കിന്റെ മറ്റ് ശാഖകളിലടക്കം പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.
100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് കരുവന്നൂർ ബാങ്കിൽ നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. കേസിൽ ജൂലായ് 17നാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ (58), മുൻ ബ്രാഞ്ച് മാനേജർ എം.കെ. ബിജു കരീം (45), മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ് (43), ബാങ്ക് അംഗം കിരൺ (31), ബാങ്കിന്റെ മുൻ റബ്കോ കമ്മീഷൻ ഏജന്റ് ബിജോയ് (47), ബാങ്ക് സൂപ്പർമാർക്കറ്റ് മുൻ അക്കൗണ്ടന്റ് റെജി അനിൽ (43) എന്നിവരാണ് കേസിലെ ആറ് പ്രതികൾ.
മറുനാടന് മലയാളി ബ്യൂറോ