തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുകൾ ഓരോന്നായി പുറത്തുവരുന്ന എല്ലാവരും ഞെട്ടുകയാണ്. ഇങ്ങനെയൊക്കെ തടിപ്പു നടത്താൻ സാധിക്കുമോ എന്ന ചോദ്യം ഉന്നയിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അത്രയ്ക്ക് ഞെട്ടിക്കുന്ന വിധത്തിലാണ് ഓരോ തട്ടിപ്പുകളും പുറത്തുവരുന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎം നേതാവിന്റെ വകയായി കുടിശികയിൽ കിടന്നിരുന്ന നാലര കോടിയുടെ ബെനാമി വായ്‌പ്പ മറ്റൊരു സഹകരണ ബാങ്ക് ഏറ്റെടുത്ത നടഗപടിയാണ് വിവാദത്തിൽ പെട്ടത്. സംഭവത്തിൽ ഉന്നത അന്വേഷണത്തിന് കളമൊരുങ്ങുകയാണ്.

ഒരു വ്യവസായിയുടെ ഭൂമി ഈടുവച്ചു നേതാവെടുത്ത വായ്പയുടെ ബാധ്യത സമീപ മേഖലയിലെ മറ്റൊരു ബാങ്ക് ഏറ്റെടുക്കുകയായിരുന്നു. ഇതും സിപിഎം ഭരണസമിതിക്കു കീഴിലുള്ള ബാങ്കാണ്. ഇതു സംബന്ധിച്ചു ബിജെപി പ്രാദേശിക നേതൃത്വം സംസ്ഥാന സഹകരണ രജിസ്റ്റ്രാർക്കും ജോയിന്റ് രജിസ്റ്റ്രാർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് കളമൊരുങ്ങിയത്.

സിപിഎം മേഖലാ ഘടകത്തിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന വ്യക്തിക്കെതിരെയാണ് ആരോപണങ്ങൾ. ഒരു വ്യവസായിയുടെ ഭൂമി ഈടുവെച്ചു കോടികളുടെ വായ്‌പ്പ എടുത്തു എന്നതിന് പിന്നാലെയായിരുന്നു തട്ടിപ്പുകൾ ഓരോന്നായി അരങ്ങേറിയത്. നേതാവ് തിരിച്ചടവ് മുടക്കിയതോടെ പലിശ സഹിതം ബാധ്യത നാലരക്കോടിയായി ഉയർന്നു. സഖാക്കളുടെ ബാങ്ക് ആയതു കൊ്ണ്ട് കുടുങ്ങില്ലെന്ന് കരുതിയാണ് കാര്യങ്ങളുമായി മുന്നോട്ടു പോയത്.

ഇതിനിടെ കരുവന്നൂർ ബാങ്കിലെ തട്ടിപ്പുകൾ പുറത്തു വരാൻ തുടങ്ങിയതോടെ നേതാവ് പ്രതിസന്ധിയിലായി. ബെനാമി വായ്പയുടെ വിവരങ്ങളും പുറത്തുവന്നേക്കുമെന്നു ഭയന്ന നേതാവ് സമീപ മേഖലയിലെ മറ്റൊരു ബാങ്കിലേക്കു ബാധ്യത കൈമാറുകയായിരുന്നു. ഈ ബാങ്കിൽ നേതാവിനു നേരത്തെ തന്നെ 50 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ഒരു സ്വകാര്യ വ്യക്തിയുടെ വായ്‌പ്പാ കുടിശ്ശിക എങ്ങനെയാണ് മറ്റൊരു സഹകരണ ബാങ്ക് ഏറ്റെടുക്കുക എന്ന ചോദ്യമാണ് ഇതോടെ ഉയർന്നത്.

കരുവന്നൂർ ബാങ്കിനൊപ്പം ഈ സഹകരണ ബാങ്കും പല വിവാദങ്ങളിലും പെട്ടിട്ടുണ്ട്. കിട്ടാക്കടങ്ങൾ പെരുകിയതുമൂലം കഴിഞ്ഞ വർഷം ബാങ്ക് വായ്പകൾ നൽകുന്നതു നിർത്തിവച്ചിരുന്നു. ഇത്രയും പ്രശ്‌നങ്ങൾക്കിടയിലും നേതാവിന്റെ പേരിലെ വൻ ബാധ്യത ബാങ്ക് ഏറ്റെടുത്തതിൽ വ്യാപക ആരോപണങ്ങൾ ഉയരുന്നുണ്ട്. കരുവന്നൂർ പോലെ കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി ഈ ബാങ്ക് ഭരിക്കുന്നതും സിപിഎമ്മാണ്.

300 കോടിയുടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ സിപിഎം നേതൃത്വത്തിലുള്ള മുൻ ഭരണസമിതിയുടെ പങ്ക് വ്യക്തമാണെങ്കിലും ഇവർക്കെതിരെ തൽക്കാലം കേസെടുക്കേണ്ടതില്ലെന്നു തീരുമാനം. അറസ്റ്റിലായ ബാങ്ക് ജീവനക്കാർ ഒരേ സ്വരത്തിൽ ഭരണസമിതിക്കെതിരെ മൊഴിനൽകിയതോടെ സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെട്ട സമിതിക്കെതിരെ കേസെടുക്കാൻ ക്രൈം ബ്രാഞ്ച് ആലോചിച്ചിരുന്നു.

എന്നാൽ, തൽക്കാലം കേസെടുക്കേണ്ടതില്ലെന്നും ഭരണസമിതിക്കെതിരായ നടപടികൾ മരവിപ്പിക്കാനും ഉന്നതതല നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരും ഇടനിലക്കാരനുമടക്കം 6 പേരെയാണ് കേസിൽ ക്രൈം ബ്രാഞ്ച് പ്രതിചേർത്തത്. ഇതിൽ 2 പേരെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.