തൃശ്ശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപ തട്ടിപ്പിന് ഇരയായ സ്ത്രീ ചികിത്സയ്ക്ക് മതിയായ പണം കിട്ടാതെ മരിച്ച സംഭവത്തിൽ മരിച്ചയാളുടെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം. കരുവന്നൂർ സ്വദേശി ഫിലോമിനയുടെ മൃതദേഹവുമായി കോൺഗ്രസ് , ബിജെപി പ്രവർത്തകരാണ് കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധിക്കുന്നത്. മൃതദേഹം ബാങ്കിന് മുന്നിൽ എത്തിച്ചാണ് പ്രതിഷേധം. സഹകരണ ബാങ്കിന് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി.

കരുവന്നൂർ സഹകരണ ബാങ്കിൽ 30 ലക്ഷത്തിന്റെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് മതിയായ പണം കൈവശമില്ലാതെയാണ് ഫിലോമിന മരണത്തിന് കീഴടങ്ങിയത്. മാപ്രാണം സ്വദേശിയായ ഫിലോമിന തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സർക്കാർ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്.

ഇന്നലെ അർധരാത്രിയോടെയാണ് 70 വയസുകാരിയായ ഫിലോമിന മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് മരിച്ച ഫിലോമിനയുടെ മൃതദേഹവുമായി ആംബുലൻസ് ബാങ്കിന് മുന്നിലെത്തിയത്. കോൺഗ്രസ്, ബിജെപി പ്രവർത്തകരാണ് മൃതദേഹം ബാങ്കിന് മുന്നിലേക്ക് എത്തിച്ചതും ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചതും.

ഫിലോമിനയുടെ ചികിത്സയ്ക്ക് വേണ്ടി ബാങ്കിനോട് പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നാണ് ബന്ധുക്കളും മക്കളും ആരോപിക്കുന്നത്. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഫിലോമിന. ഇവരെ രോഗം ഗുരുതരമായതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

'ഞാൻ ബാങ്കിലിട്ട എന്റെ പണം ചെന്ന് ചോദിക്കുമ്പോൾ പട്ടിയോട് പോലെയാണ് പെരുമാറുന്നത്. കുറേ നടന്നു..എന്റെ ഭാര്യ മരിച്ചുവെന്ന് ഞാൻ ബസിൽ വച്ചാണ് അറിയുന്നത്. ഇവർക്ക് മനഃസാക്ഷിയുണ്ടോ, എന്റെ ഭാര്യയെ അവർക്ക് തിരിച്ചുതരാൻ പറ്റുമോ' കരുവന്നൂർ സ്വദേശിയും ഫിലോമിനയുടെ ഭർത്താവുമായ ദേവസി പറയുന്നു.

കൈയിൽ പണമുണ്ടായിട്ടും എന്റെ ഭാര്യ ഈ നിലയിലാണ് മരിച്ച് കിടക്കുന്നത്. കൈയിലുള്ള പണം എന്തിനാണ്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൊസൈറ്റി എന്ന് പറഞ്ഞിട്ട് നിക്ഷേപിച്ചതാണ് ഞാൻ. ആർക്ക് അതിന്റെ ഉപയോഗം. ആരെയാണ് ഞങ്ങൾ വിശ്വസിച്ചത്' ദേവസി കൂട്ടിച്ചേർത്തു. ആര് കട്ടാലും പിടിച്ചാലും വേണ്ടില്ല. ഞാൻ ഒരു രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്നില്ല. എന്റെ പണം എനിക്ക് കിട്ടിയിരുന്നെങ്കിൽ അവൾക്ക് ഞാൻ മികച്ച ചികിത്സ നൽകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പണം ചെന്ന് ചോദിക്കുമ്പോൾ ഇവിടെ പണമില്ല, ഉണ്ടാകുമ്പോൾ തരുമെന്ന് പറഞ്ഞ് മർക്കടമുഷ്ടിയോടെയാണ് അധികൃതർ സംസാരിച്ചിരുന്നത്. മകന്റെ കാലിന്റെ ഓപ്പറേഷന് പിന്നാലെ നടന്നു നടന്ന് ഒന്നര ലക്ഷം രൂപ മൂന്ന് തവണകളായി കിട്ടി. അതിൽ നിന്നുള്ള ബാക്കി പണം കൊണ്ടാണ് ഭാര്യയുടെ ചികിത്സ നടത്തിയിരുന്നത്. 80-വയസ്സുള്ള മനുഷ്യനാണ് ഞാൻ. മാപ്രാണത്ത് പെട്ടി ഓട്ടോ ഓടിച്ചാണ് കഴിയുന്നത്. ആരോഗ്യം ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. പല ഓഫീസുകളിലും കയറി ഇറങ്ങി. ഞാൻ ആരോടാണ് പറയേണ്ടത്...ദേവസി ചോദിക്കുന്നു.

കേരള ചരിത്രത്തിലെ സമാനതികളില്ലാത്ത തട്ടിപ്പാണ് ഇരിങ്ങാലക്കുട കരുവന്നൂർ ബാങ്കിൽ നടന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വർഷം കഴിഞ്ഞു. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് ഇടത് ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേർന്ന് തട്ടിയെടുത്തതെന്നാണ് ആരോപണം.

ദേവസി ഉൾപ്പടെ 11000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപമാണ് ബാങ്ക് വിഴുങ്ങിയത്. തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ട് വ്യാഴാഴ്ച ഒരു വർഷം തികയുന്നു. കേരള സഹകരണചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിന് ഒരുവർഷം തികഞ്ഞിട്ടും ഇനിയും കുറ്റപത്രം നൽകാനായില്ല. കേസിലെ സങ്കീർണതകളാണ് കാരണം. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.

കോടികൾ കവർന്ന ജീവനക്കാരും ഇടനിലക്കാരുമായ ആറുപേരെയും തട്ടിപ്പ് നടന്നകാലത്തെ 11 ബാങ്ക് ഭരണ സമിതിയംഗങ്ങളെയും അറസ്റ്റ് ചെയ്തു എന്നതാണ് ഏക നടപടി. ഇതിൽ ഒരു ജീവനക്കാരിയും ബാങ്ക് ഭരണ സമിതിയംഗങ്ങളും ജാമ്യത്തിലിറങ്ങി. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരിൽ സസ്‌പെൻഡ് ചെയ്ത 16 സഹകരണ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു.

നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം പിടിച്ച പണം, റിട്ടയർ ആയവരുടെ പെൻഷൻ കാശ്, മകളുടെ കല്യാണം-വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിക്ഷേപിച്ച 312 കോടിയിൽ അധികം രൂപയാണ് ജീവനക്കാരും ഭരണസമിതിയിലെ ചിലരും ചേർന്ന് തട്ടിയെടുത്തത്. ഉന്നതതല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്.

312.71 കോടി നിക്ഷേപിച്ച 11000-ത്തിൽപ്പരം പേർ പ്രതീക്ഷകൾ നഷ്ടപ്പെട്ട് കഴിയുകയാണ്. ബഹുഭൂരിപക്ഷവും പെൻഷൻ പണം നിക്ഷേപിച്ചവരാണ്. പലർക്കും ചികിത്സയ്ക്കുപോലും വഴിയില്ല. കൺസോർഷ്യമുൾപ്പടെയുള്ള സർക്കാർ വാഗ്ദാനങ്ങളിലായിരുന്നു ഇവരുടെ പ്രതീക്ഷ. പക്ഷേ, അതെല്ലാം പാഴായി.

ഒരാൾക്കും ഒരുപൈസപോലും നഷ്ടപ്പെടില്ലെന്ന് മന്ത്രിയുടെ ഉറപ്പുമുണ്ടായിട്ടും സഹായമായും കടമായും ഒരു രൂപപോലും കിട്ടിയില്ല. കടക്കെണിയിലായ ബാങ്കിനെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നില്ല. 381.45 കോടിയുടെ വായ്പ തിരിച്ചു കിട്ടാനുണ്ട്. ഇതിൽ 42 കോടി തിരിച്ചുപിടിച്ച് നിക്ഷേപകർക്ക് നൽകിയെന്നാണ് അനൗദ്യോഗികമായി ബാങ്ക് അവകാശപ്പെടുന്നത്. ആർക്കാണ് നൽകിയതെന്ന് വെളിപ്പെടുത്തുന്നില്ല. കാലങ്ങളായി സിപിഎം. ഭരിച്ചിരുന്ന ബാങ്കിൽ നിക്ഷേപം തിരികെ നൽകുന്നതിലും രാഷ്ട്രീയമുണ്ടെന്നാണ് ആരോപണം.