തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതൃത്വത്തിലുള്ള മുൻ ഭരണസമിതിയുടെ പ്രസിഡന്റും അംഗങ്ങളുമടക്കം 4 പേർ ക്രൈംബ്രാഞ്ചിന്റെ പിടിയിലാകുമ്പോൾ തെളിയുന്നത് രാഷ്ട്രീയ ഗൂഢാലോചന. ബാങ്കിലെ ഉദ്യോഗസ്ഥ തലത്തിന് അപ്പുറത്തേക്ക് അഴിമതിയുടെ വ്യാപ്തി വ്യക്തമാകുകയാണ്. ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ.ദിവാകരൻ, ഭരണസമിതി അംഗങ്ങളായ ചക്രംപുള്ളി ജോസ്, ടി.എസ്.ബൈജു, വി. കെ.ലളിതൻ എന്നിവരെയാണു നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തെളിവുകൾ അതിശക്തമായതു കൊണ്ടാണ് അറസ്റ്റ്.

മാടായിക്കോണം സ്‌കൂൾ ബ്രാഞ്ച് അംഗമായ ദിവാകരനെയും തളിയക്കോണം ബ്രാഞ്ച് അംഗമായ ബൈജുവിനെയും 2 മാസം മുൻപു സിപിഎം സസ്‌പെൻഡ് ചെയ്തിരുന്നു. ചക്രംപുള്ളി ജോസ് മാപ്രാണം പള്ളി ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. സിപിഐ പ്രവർത്തകനാണ് ലൡൻ. ബാങ്കിൽ നടന്ന തട്ടിപ്പുകൾക്കു ഭരണസമിതി പ്രസിഡന്റും അംഗങ്ങളും കൂട്ടുനിന്നു എന്നതാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. ശതകോടികളുതേടാണ് തട്ടിപ്പ്. അതുകൊണ്ട് തന്നെ ഇഡിയും കേസ് അന്വേഷിക്കും. ഈ പ്രതികളെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നത് അതീവ നിർണ്ണായകമായി മാറും.

ഗുരുതരമായ കുറ്റങ്ങളാണ് അറസ്റ്റിലായവരുടെ മേൽ ക്രൈംബ്രാഞ്ച് ചുമത്തുന്നത്. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പുകൾ നടന്നതിൽ ഭരണസമിതി അംഗങ്ങളുടെ അധികാര ദുർവിനിയോഗം വെളിപ്പെട്ടു. അംഗങ്ങളിൽ പലരുടെയും ബന്ധുക്കൾക്കു ഭീമമായ തുകയുടെ വായ്പകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ ബെനാമി വായ്പകൾ എത്രയെന്നു കൃത്യമായി തിട്ടപ്പെടുത്തുന്നതേയുള്ളൂ. ബാങ്കിൽ 2011 മുതൽ 2021 വരെ ക്രമക്കേടുകൾ നടന്നതായും വ്യക്തമായി. തെളിവുകൾ ശക്തമായതു കൊണ്ട് അറസ്റ്റ് തടയാനുള്ള രാഷ്ട്രീയ നീക്കം ഫലം കണ്ടില്ല.

ബാങ്ക് പരിധിക്കു പുറത്തുള്ളവർക്കു വ്യാജ വിലാസത്തിൽ അംഗത്വം, പ്രവർത്തന പരിധിക്കു പുറത്തുള്ള ഭൂമി ഈട് സ്വീകരിച്ച് മതിപ്പു വിലയെക്കാൾ കൂടുതൽ വായ്പ, ഒരേ ഭൂമി തന്നെ ഈടായി സ്വീകരിച്ച് ഒട്ടേറെപ്പേർക്കു വൻ തുകകളുടെ വായ്പ, വായ്പക്കുടിശിക നിലനിൽക്കെ ഈടുവസ്തു വിൽക്കാൻ അവസരം നൽകി തുടങ്ങി ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഒട്ടുമിക്ക ഇടപാടുകളും നടന്നതു ഭരണസമിതി അംഗങ്ങളുടെ കയ്യൊപ്പോടെയാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പ്രതികളെ റിമാൻഡ് ചെയ്തു. ഇവരുടെ അറസ്റ്റ് വൈകുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ഏര്യാ-ലോക്കൽ-ജില്ലാ നേതാക്കളുടെ ഇടപെടലും കരുവന്നൂർ തട്ടിപ്പിൽ ആരോപിക്കുന്നുണ്ട്. പരാതി കിട്ടിയിട്ടും പാർട്ടി അന്വേഷിച്ചില്ലെന്നത് അടക്കമുള്ള വിഷയങ്ങൾ ഇതിൽ വരും. അതുകൊണ്ട് തന്നെ ഈ കേസിൽ കേന്ദ്ര ഏജൻസി എത്തുന്നത് സിപിഎമ്മിന് വെല്ലുവിളിയാണ്. അതിനിടെ കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പു കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി 15 ദിവസത്തിനുശേഷം പരിഗണിക്കാൻ മാറ്റി. സർക്കാർ നൽകിയ എതിർ സത്യവാങ്മൂലത്തിനു മറുപടി നൽകാൻ ഹർജിക്കാരൻ സമയം തേടിയതിനെത്തുടർന്നാണു ഹർജി മാറ്റിയത്.

ഹർജിക്കാരൻ എതിർ രാഷ്ട്രീയക്കാരുടെ കരുവായി മാറിയിരിക്കുകയാണെന്നും കേസിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഈ നിലപാട് ഹൈക്കോടതി അംഗീകരിച്ചാലും ഇഡിക്ക് സ്വമേധയാ ഇടപെടൽ നടത്താനാകും.