- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടറിയും ഡയറക്ടർ ബോർഡുമാണു കാര്യങ്ങൾ തീരുമാനിക്കുന്നത്; ഒന്നാം പ്രതിയുടെ അച്ഛൻ അങ്ങനെ ആരോപിച്ചാൽ ഞാൻ എന്തു പറയാനാണെന്ന് സഖാവ് ചന്ദ്രൻ; തട്ടിപ്പുകാരന്റെ അച്ഛൻ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്ന് പറഞ്ഞ് പുച്ഛിച്ച് മുൻ മന്ത്രി മൊയ്തീനും; പാർട്ടി അറിയാതെ കരുവന്നൂരിൽ ഇതെല്ലാം നടക്കുമോ? ഭരണകാല കൊള്ളയിലെ വില്ലൻ ആഡംബരക്കാറിൽ കറങ്ങുമ്പോൾ
തൃശൂർ: കരുവന്നൂരിൽ പ്രതിഷേധം ശക്തം. അതിനിടെ പുതിയ വിവാദങ്ങളും വരികയാണ്. നിക്ഷേപിച്ചവർക്ക് പണം മടക്കി കൊടുക്കാനാകുന്നില്ല. ഇതിനിടെയാണ് ഫിലോമിന ചികിൽസ മുടങ്ങി മരിച്ചത്. ആവശ്യത്തിന് സഹായം കൊടുത്തുവെന്ന വിവാദ പരമാർശം മന്ത്രി ആർ ബിന്ദു നടത്തി. എന്നാൽ സഹായമല്ല നിക്ഷേപമാണ് ചോദിക്കുന്നതെന്ന് ഫിലോമിനയുടെ കുടുംബം വിശദീകരിച്ചു. ഇതിനിടെ തട്ടിപ്പുകാരെല്ലാം സുഖിച്ച് നടക്കുകയാണെന്ന റിപ്പോർട്ടും എത്തി. കേസിലെ പ്രതികൾ ആഡംബരക്കാറിൽ കറങ്ങുമ്പോഴാണ് നിക്ഷേപകർ ചികിൽസയ്ക്ക് പോലും വകയില്ലാതെ മരിക്കുന്നത്. 11000 കുടുംബങ്ങളെ ബാധിച്ച വിഷയമാണഅ. ഇത്.
അതിനിടെ സഹകരണ ബാങ്കിലെ തട്ടിപ്പിൽ സിപിഎം മുൻ ഏരിയ സെക്രട്ടറിയും മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ.ചന്ദ്രന്റെയും എ.സി.മൊയ്തീൻ എംഎൽഎയുടെയും പങ്ക് അന്വേഷിക്കണമെന്ന് ജയിലിൽ കഴിയുന്ന ഒന്നാം പ്രതി ടി.ആർ.സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണൻ ആവശ്യപ്പെട്ടു. പരമ്പരാഗത സിപിഎം കുടുംബത്തിലെ അംഗമായ സുനിൽകുമാർ കരുവന്നൂർ ബാങ്ക് സെക്രട്ടറിയായിരുന്നു. പാർട്ടി അറിഞ്ഞാണ് എല്ലാം നടന്നതെന്നാണ് രാമകൃഷ്ണൻ പറയുന്നത്. ഇതോടെ ഗൂഢാലോചനക്കാർ പുറത്ത് സുഖമായി നടക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. ചിലർ ആഡംബരക്കാറിലാണ് കറങ്ങുന്നത്. ഇവരൊന്നും പ്രതികളായിട്ടില്ല. തട്ടിപ്പു കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം അനിവാര്യതയുമാണ്.
''ഭരണസമിതി തീരുമാനമെടുത്തു വരുന്ന ഫയലുകളിൽ ഒപ്പിടുക മാത്രമേ മകൻ ചെയ്തിട്ടുള്ളൂ. പൊറത്തിശ്ശേരി, മാപ്രാണം ലോക്കൽ കമ്മിറ്റികളും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയും തീരുമാനിച്ചിട്ടാണു വായ്പകൾ കൊടുക്കുക. രേഖകളില്ലാതെയും ഈടില്ലാതെയുമുള്ള അപേക്ഷകളിൽ പാർട്ടി ബന്ധം മാത്രം നോക്കി വായ്പ കൊടുക്കാൻ തീരുമാനമെടുത്തത് ഈ നേതാക്കളുടെ അറിവോടെയാണ്. മൊത്തം ജപ്തി ചെയ്താലും ബാങ്കിന്റെ ബാധ്യത തീരില്ല. ബാങ്ക് സൂപ്പർമാർക്കറ്റ് നടത്തുമ്പോൾത്തന്നെ ബാങ്ക് മാനേജർ ബിജു കരീം വേറെ സൂപ്പർ മാർക്കറ്റ് തുറന്നു. ഇത് ഉദ്ഘാടനം ചെയ്തത് ബന്ധു കൂടിയായ മൊയ്തീനാണ്.'-ഇതാണ് വെളിപ്പെടുത്തൽ.
സി.കെ.ചന്ദ്രനോടു ചോദിച്ചിട്ടാണു മകൻ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. ജയിലിൽ ആയപ്പോൾ തള്ളിപ്പറയുന്നു. ഒന്നാം പ്രതിയായ മകന് ബാങ്കിൽ ആകെയുള്ള നിക്ഷേപം 1.2 ലക്ഷം രൂപയാണ്. ഇത്രയും കാലം കുടുംബം പാർട്ടിയെന്നു കരുതി നടന്ന ഞങ്ങളെ ചവച്ചുതുപ്പി. മൊയ്തീൻ പറഞ്ഞതു കേട്ടില്ലേ, ഞാൻ തട്ടിപ്പുകാരന്റെ അച്ഛൻ ആയി'' വേദനയോടെ അദ്ദേഹം പറഞ്ഞു. ഇത് കരുവന്നൂരിൽ പുതിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. അതിനിടെ ആരോപണങ്ങൾ ചന്ദ്രൻ നിഷേധിക്കുകയാണ്.
'കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പങ്കില്ല. സെക്രട്ടറിയും ഡയറക്ടർ ബോർഡുമാണു കാര്യങ്ങൾ തീരുമാനിക്കുന്നത്. ഒന്നാം പ്രതിയുടെ അച്ഛൻ അങ്ങനെ ആരോപിച്ചാൽ ഞാൻ എന്തു പറയാനാണ്. ബോർഡിനെ എങ്ങനെയാണു പുറത്തുനിന്നു നിയന്ത്രിക്കാനാകുക.' എന്ന ചോദ്യമാണ് സി.കെ.ചന്ദ്രൻ ഉയർത്തുന്നത്. എന്നാൽ പാർട്ടിയുടെ ബാങ്കുകളിൽ ഏര്യാ കമ്മറ്റിയും ലോക്കൽ കമ്മറ്റിയുമാണ് തീരുമാനം എടുക്കുന്നതെന്ന് ഏവർക്കും അറിയാം. അതാണ് സുനിൽകുമാറിന്റെ അച്ഛൻ പറയുന്നതും. അദ്ദേഹവും സഖാവാണെന്നതാ് വസ്തുത.
ആരോപണം മുൻ മന്ത്രി എസി മൊയ്തീനും നിഷേധിക്കുന്നു. 'തട്ടിപ്പുകാരന്റെ അച്ഛൻ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. പൊലീസ് അന്വേഷണം നടക്കുകയല്ലേ. 2016ൽ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയതാണ്. പൊലീസ് അന്വേഷിച്ചു നടപടിയെടുക്കട്ടെ.' - എന്നാണ് എ.സി.മൊയ്തീൻ എംഎൽഎ പ്രതികരിക്കുന്നത്. തട്ടിപ്പുകാരന്റെ അച്ഛൻ എന്നു തന്നെ ആരോപണം ഉന്നയിച്ച വ്യക്തിയെ മൊയ്തീൻ അഭിസംബോധന ചെയ്തുവെന്നതും ശ്രദ്ധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ