തൃശൂർ: കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾ സമാനതകളില്ലാത്തത്. ചിട്ടി പദ്ധതിയിലും ക്രമക്കേട് നടന്നു. ബാങ്കുകൾക്കു നേരിട്ടു ചിട്ടി നടത്താൻ കഴിയാത്തതിനാൽ പ്രതിമാസ നിക്ഷേപ പദ്ധതി എന്ന പേരിൽ ചിട്ടിക്കു സമാനമായ പദ്ധതി നടത്തിയിരുന്നു. ഒരു നറുക്കും 2 ലേലവും ഉള്ള ഈ നിക്ഷേപ പദ്ധതിയിലും കോടികളുടെ തട്ടിപ്പു നടന്നതായാണു പരാതി. സഹകരണ ബാങ്കുകൾ മിക്കതും രാഷ്ട്രീയ നിയന്ത്രണത്തിലാണ്. ഇതാണ് പലതിനേയും പൊളിച്ചത്. പ്രശ്‌നം വരുമ്പോൾ എല്ലാം സെക്രട്ടറിയുടെ തീരുമാനമാകും. നേതാക്കൾ രക്ഷപ്പെടും. സത്യം പറയുന്നവരെ തട്ടിപ്പുകാരാക്കും. അങ്ങനെ കരുവന്നൂരിലെ മോഡൽ മറ്റിടങ്ങളിലേക്കും പടരുകയാണ്. 5.76 കോടി രൂപയുടെ അഴിമതി കണ്ടെത്തിയ കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്കിൽ നഷ്ടങ്ങളുടെ ഉത്തരവാദിത്തം തങ്ങൾക്കല്ലെന്നും അന്നത്തെ സെക്രട്ടറിയാണ് എല്ലാത്തിനും കാരണമെന്നും സിപിഎമ്മുകാരായ ഡയറക്ടർമാരും മുൻ ഡയറക്ടർമാരും സഹകരണ വകുപ്പിനു മൊഴി നൽകിയെന്നതാണ് മറ്റൊരു വസ്തുത.

ഇതിനിടെയാണ് കരുവന്നൂരിലെ ചിട്ടിതട്ടിപ്പും ചർച്ചയാകുന്നത്. ബാങ്കിന്റെ അറിവോടെ ബെനാമി പേരിൽ ചിലർ ചിട്ടികൾ മുഴുവനായി പിടിച്ചു. ആദ്യ ചിട്ടികൾ വിളിച്ചെടുത്തു ബാങ്കിൽത്തന്നെ നിക്ഷേപമായി അടയ്ക്കും. ഈ നിക്ഷേപം ഗാരന്റിയായി കാണിച്ച് മറ്റു ചിട്ടികളെല്ലാം വിളിച്ചു പണം കൊണ്ടുപോകും. ഇതിന് എല്ലാവരും ഒത്തുകളിച്ചു. ഒരു കോടിയിലേറെ രൂപവരെ ചിട്ടി ഇനത്തിൽ കൊണ്ടുപോയ വൻകിട ബെനാമികൾ ഉണ്ട്. ആയിരക്കണക്കിനു ചിട്ടി നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ട അവസ്ഥ. എല്ലാം പ്രദേശത്തെ നേതാക്കൾ അറിഞ്ഞുകൊണ്ടുള്ള കളിയായിരുന്നു. ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചു കൊടുത്തതിനു ശേഷമേ പ്രതിമാസ നിക്ഷേപ പദ്ധതികളുടെ കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് അധികൃതരുടെ മറുപടി. വിളിച്ചു കിട്ടിയ പണം ബാങ്കിൽത്തന്നെ നിക്ഷേപിച്ച് വിവാഹ ആവശ്യത്തിനും മറ്റും കാത്തുവച്ചവരും പ്രതിസന്ധിയിലായി.

അതിനിടെ കരുവന്നൂർ ബാങ്ക് വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. മന്ത്രി ആർ.ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ ഓഫിസ് ഇന്ന് കോൺഗ്രസ് പ്രവർത്തകർ വളയും. ബാങ്കിൽ നിക്ഷേപിച്ച പണം ലഭിക്കാത്തതിനെത്തുടർന്ന് വിദഗ്ധചികിത്സ കിട്ടാതെ കഴിഞ്ഞ ദിവസം മരിച്ച മാപ്രാണം സ്വദേശി ഫിലോമിനയുടെ കുടുംബത്തെ അധിക്ഷേപിച്ച മന്ത്രിക്കു തൽസ്ഥാനത്തു തുടരാൻ അവകാശമില്ലെന്നു യോഗം അഭിപ്രായപ്പെട്ടു. കരുവന്നൂർ ബാങ്കിന്റെ നൂറാം വാർഷികത്തിന്റെ സ്മാരകമായി മാപ്രാണം സെന്ററിൽ നിർമ്മിച്ചിരുന്ന കെട്ടിടം തട്ടിപ്പിന്റെ സ്മാരകമാണ്. ബാങ്കിന്റെ നൂറാം വാർഷികമായിരുന്ന 2021ൽ പണി പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാണു തീരുമാനിച്ചിരുന്നത്. അതിനും മുൻപേ നിക്ഷേപകർ പണം കിട്ടാതെ പ്രതിസന്ധിയിലാകുകയും ശതകോടികളുടെ തട്ടിപ്പു പുറത്തുവരികയും ചെയ്തതോടെ ബഹുനിലക്കെട്ടിട നിർമ്മാണവും പാതിവഴിയിൽ മുടങ്ങി.

ആശുപത്രി, സൂപ്പർമാർക്കറ്റ്, ബാങ്ക് ഓഫിസ്, ഷോപ്പിങ് കോംപ്ലക്‌സ് എന്നിവയൊക്കെ ഈ കെട്ടിടത്തിൽ വിഭാവനം ചെയ്തിരുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബാങ്ക് തട്ടിപ്പ് തൽക്കാലം പ്രശ്‌നമായി ഉയർന്നുവരാതിരിക്കാൻ കേരള ബാങ്ക് 12 കോടി രൂപ കരുവന്നൂർ ബാങ്കിനു കൈമാറിയിരുന്നു. ഇത് നിക്ഷേപകർക്കു നൽകിയതോടെയാണു പ്രതിഷേധം ആദ്യഘട്ടത്തിൽ തണുത്തത്. ഈ 12 കോടിയുടെ വായ്പയ്ക്ക് ഈടായി നൽകിയത് പണി പൂർത്തിയാകാത്ത ഈ കെട്ടിടമാണെന്നാണു വിവരം. ഇതും സർക്കാരിന് വലിയ ബാധ്യതാകും.

കണ്ണമ്പയിലും കൈകഴുകൽ

5.76 കോടി രൂപയുടെ അഴിമതി കണ്ടെത്തിയ കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്കിൽ സെക്രട്ടറിയായിരുന്ന കെ.സുരേന്ദ്രനാണു ക്രമക്കേടുകളെല്ലാം നടത്തിയതെന്ന് സിപിഎം നേതാക്കൾ ആരോപിക്കുന്നു. നേരത്തെ, സിപിഎം മുൻകയ്യെടുത്തു തുടങ്ങിയ കണ്ണമ്പ്ര റൈസ് പാർക്ക് (പാപ്‌കോസ്) പദ്ധതിയുടെ ഭൂമിയിടപാടിലെ അഴിമതിയെത്തുടർന്നു സിപിഎം പുറത്താക്കിയ ആളാണു സുരേന്ദ്രൻ. സഹകരണമേഖലയിൽ സിപിഎമ്മുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും ചുക്കാൻ പിടിച്ചിരുന്ന ഉദ്യോഗസ്ഥനെയാണ് ഇതോടെ പാർട്ടി കയ്യൊഴിഞ്ഞത്.

അതേസമയം, കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട 5.04 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് ബാങ്ക് അധികൃതർ സഹകരണവകുപ്പിനു സമർപ്പിച്ചു. കെട്ടിടം നിർമ്മിച്ച ഊരാളുങ്കൽ സൊസൈറ്റി കൈമാറിയ ബില്ലുകളാണ് ഇന്നലെ സഹകരണസംഘം ജോയിന്റ് രജിസ്റ്റ്രാറുടെ ഓഫിസിൽ എത്തിയത്. സംഘത്തിന്റെ ബാധ്യതയിൽ നിന്ന് ഈ തുക ഒഴിവാകും. എന്നാൽ, ഊരാളുങ്കലിനു പണം മുൻകൂറായി നൽകിയതിനു പലിശയിനത്തിലെ നഷ്ടം, സൂപ്പർ മാർക്കറ്റിലെ സ്റ്റോക്ക് പരിശോധനയിലെ കുറവ്, ഓണച്ചന്ത നടത്തിപ്പിലെ നഷ്ടം, ചുറ്റുമതിൽ കെട്ടിയതിലെ നഷ്ടം എന്നിവയ്ക്ക് ഉത്തരം നൽകേണ്ടിവരും.

സിപിഎമ്മിന് ഏറ്റവും പ്രിയപ്പെട്ടയാളായിരുന്നു കെ.സുരേന്ദ്രൻ. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ സംഘടനയുടെ നേതാവായിരുന്ന അദ്ദേഹമാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ജില്ലയിൽ സഹകരണമേഖലയെ നിയന്ത്രിച്ചിരുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തിൽ പാപ്‌കോസ് മിൽ തുടങ്ങുമ്പോൾ ആദ്യ സെക്രട്ടറിയായി പാർട്ടി നിയോഗിച്ചതും ഭൂമിയെടുപ്പിനു സർവാധികാരം കൊടുത്തതും സുരേന്ദ്രനാണ്. സഹകരണവകുപ്പിന്റെ മുൻകൂർ അനുമതി പോലുമില്ലാതെയാണു പാപ്‌കോസിനു വേണ്ടി ഭൂമിയെടുത്തത്. ഈ നടപടി ക്രമപ്പെടുത്തിക്കൊടുത്തതും പാർട്ടി സ്വാധീനം ഉപയോഗിച്ചാണ്.

മതിയായ വഴി പോലും ഇല്ലാത്ത ഭൂമി വാങ്ങിയതിലൂടെ നേതാക്കൾക്കു സാമ്പത്തിക നേട്ടമുണ്ടായെന്ന ആരോപണം വന്നപ്പോൾ സിപിഎം ആദ്യം എതിർത്തെങ്കിലും സമ്മേളനങ്ങളിൽ ചർച്ചയായതോടെ നിലപാടു മാറ്റി. പാർട്ടി കമ്മിഷനെ അന്വേഷണത്തിനു നിയോഗിക്കുകയും ഭൂമിയെടുപ്പിലെ അഴിമതിയുടെ പേരിൽ സുരേന്ദ്രനെ പാർട്ടിയിൽ നിന്നു പുറത്താക്കുകയും അദ്ദേഹത്തിന്റെ ബന്ധുവായ സി.കെ.ചാമുണ്ണിയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നു തരംതാഴ്‌ത്തുകയും ചെയ്തു. പക്ഷേ, ചാമുണ്ണി ഇപ്പോഴും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തുടരുന്നു.