തൃശൂർ: കരുവന്നൂരിനെ തകർത്തവരെ കണ്ടെത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അഴിമതിയുടെ കൂത്തരങ്ങായിരുന്നു ഈ ബാങ്ക്. മരിച്ച ഇടപാടുകാരുടെ വിവരങ്ങൾ ദുരുപയോഗിച്ചു പോലും കരുവന്നൂർ സഹകരണ ബാങ്കിൽ വ്യാജ വായ്പകൾ പാസാക്കി പണം തട്ടിയതിന്റെ രേഖകൾ ഇഡി കണ്ടെടുത്തു. പാവങ്ങൾ പണത്തിനായി അലയുമ്പോൾ തട്ടിപ്പു നടത്തിയവർ മണിമാളികകളിലാണ് താമസം. ഈ സാഹചര്യത്തിൽ കുറ്റം ചെയ്തവരുടെ സ്വത്തുക്കൾ എല്ലാം ഇഡി കണ്ടു കെട്ടിയേക്കും.

ബാങ്കിൽ 24 മണിക്കൂറോളം നീണ്ട റെയ്ഡിനിടെ പിടിച്ചെടുത്ത ആയിരത്തോളം രേഖകളുടെ പ്രാഥമിക പരിശോധനയിലാണു തട്ടിപ്പു സംബന്ധിച്ച തെളിവുകൾ ലഭിച്ചത്. ഇല്ലാത്തയാളുകളുടെ പേരിൽ വിലാസവും ഈടുരേഖകളും വ്യാജമായി ചമച്ചു വായ്പത്തട്ടിപ്പു നടത്തിയെന്നും വ്യക്തമായി. ഈ സാഹചര്യത്തിലാണ് പണം തിരിച്ചു പിടിക്കാൻ ഡയറക്ടർമാരുടെ സ്വത്തുക്കൾ കണ്ടു കെട്ടുന്നത് ആലോചിക്കുന്നത്. കോടതി അംഗീകാരത്തോടെ നടപടികൾ എടുക്കും. രാഷ്ട്രീയ നേതൃത്വത്തിലേക്കും അന്വേഷണം നീളും.

ബാങ്കിൽ നിന്നു വർഷങ്ങൾക്കു മുൻപു നിയമാനുസൃതം വായ്പയെടുക്കുകയും തിരിച്ചടയ്ക്കുകയും ചെയ്ത ചില ഇടപാടുകാർ പിന്നീടു മരിച്ചിരുന്നു. ഇവർ മുൻപു സമർപ്പിച്ചിരുന്ന ഈടുരേഖകളുടെ പകർപ്പ് ഉപയോഗിച്ചു പുതിയ വായ്പകൾ പാസാക്കി പണം തട്ടി. കരുവന്നൂർ സഹകരണ ബാങ്കിൽ നിസ്സാര മതിപ്പുവില മാത്രമുള്ള 14 സെന്റ് ഭൂമിയുടെ ആധാരം കാട്ടി 3 കോടി രൂപ വായ്പ പാസാക്കിയതിന്റെ രേഖയും ഇഡി കണ്ടെത്തി. രണ്ടാം പ്രതിയും ബാങ്കിന്റെ മുൻ മാനേജരുമായ ബിജു കരീം അടുത്ത ബന്ധുവിന്റെ പേരിൽ രണ്ടരക്കോടി രൂപയുടെ വായ്പ പാസാക്കിയതിന്റെ രേഖയും പിടികൂടി. ബിജു കരീമിന്റെ സ്വത്ത് കണ്ടു കെട്ടാൻ ഉടൻ നടപടി തുടങ്ങും,.

ഒട്ടേറെ വ്യാജ അക്കൗണ്ടുകൾ, ഇവ തുടങ്ങാനുപയോഗിച്ച വ്യാജ രേഖകൾ എന്നിവയും കണ്ടെടുത്തു. ബാങ്കിനുള്ളിൽ മാത്രം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ രേഖകളാണിത്. ഓഡിറ്റ് റിപ്പോർട്ടിൽ 300 കോടിയുടെ വെട്ടിപ്പെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ 227 കോടിയുടെ ക്രമക്കേടെന്നും സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും കരുവന്നൂർ ബാങ്കിൽ നിന്നു തട്ടിച്ച പണം തിരികെയെത്തിക്കൽ അസാധ്യമാണ്. ഇഡി സംഘത്തിനും ക്രൈംബ്രാഞ്ചിനും പണമോ നിക്ഷേപ രേഖകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ പ്രതികളുടെ പ്രത്യക്ഷ സ്വത്തുക്കൾ കണ്ടു കെട്ടുക മാത്രമാണ് പോവഴി.

കസ്റ്റഡിൽ എടുത്ത ഫയലുകളിൽ ചിലത് അനധികൃത നിയമനത്തിന്റെയും അവധികളുടെയും ആണ്. ഇതുവഴി ബാങ്കിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്. നിയമനങ്ങളിൽ രാഷ്ട്രീയം മാത്രമാണ് നിറഞ്ഞത്. ബാങ്കിൽ ക്രമക്കേടും അഴിമതികളും 1998-ൽ തുടങ്ങിയതാണെന്ന് കാണിച്ചുള്ള റിപ്പോർട്ടിന്റെ പകർപ്പും ഇ.ഡി. സംഘം കൊണ്ടുപോയ രേഖകളിൽ ഉൾപ്പെടുന്നു. ഇതും നിർണ്ണായകമാണ്. കേരളത്തിലെ സഹകരണ മേഖലയെ തന്നെ വെട്ടിലാക്കുന്നതാണ് ഈ കണ്ടെത്തൽ. എന്തുകൊണ്ട് നടപടികൾ ഉണ്ടായില്ലെന്ന ചോദ്യം സർക്കാരിനോടും ഉയർത്തും.

അഴിമതിയിൽ ഒന്നാംപ്രതിയായ ടി.ആർ. സുനിൽകുമാറിന്റെ നിയമനംമുതലാണ് അഴിമതിക്കും ക്രമക്കേടിനും തുടക്കമിട്ടതെന്ന് സർക്കാർ നിയോഗിച്ച ഉന്നതതല കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള തെളിവുകളാണ് ഇ.ഡി. ശേഖരിച്ചത്. 1998 ഓഗസ്റ്റ് അഞ്ചിലെ ബാങ്ക് ഭരണസമിതി യോഗത്തിലെ രണ്ടാംനമ്പർ തീരുമാനപ്രകാരം ജൂനിയർ ക്ലാർക്കുമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തി എട്ടുപേരുടെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ഒന്നാം റാങ്ക് ലഭിച്ചത് മുൻ സെക്രട്ടറിയായിരുന്ന ടി.ആർ. സുനിൽകുമാറിനാണ്. എന്നാൽ, മറ്റൊരു വിജ്ഞാപനം വഴി അപേക്ഷ സ്വീകരിച്ച് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയതിൽ ഒന്നാം റാങ്കും സുനിൽകുമാറിനായിരുന്നു.

അതുപ്രകാരം സുനിൽകുമാറിനെ ശാഖാമാനേജരായി നിയമിച്ചു. ശാഖാ മാനേജരായി സുനിൽകുമാർ േജാലിയിൽ പ്രവേശിച്ചത് 1998 ഓഗസ്റ്റ് പതിനേഴിനാണ്. ബാങ്ക് ഭരണസമിതി നിയമനതീരുമാനമെടുത്തത് 1998 സെപ്റ്റംബർ 26-നും. ഔദ്യോഗിക തീരുമാനമുണ്ടാകുന്നതിന് ഒരുമാസംമുന്നേ നിയമനം നടന്നു. ശാഖാ മാനേജരായിരുന്ന സുനിൽകുമാറിന് 2001 ഏപ്രിൽ ഏഴിന് സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി. ഇത് നിയമപ്രകാരമായിരുന്നില്ല. ഇതിനു പുറമേ 2009 ജനുവരി ഒന്നിന് സുനിൽകുമാറിന് എട്ടുവർഷത്തെ സമയബന്ധിത ഹയർ ഗ്രേഡ് നൽകി. അനധികൃത ഉദ്യോഗക്കയറ്റത്തിലൂടെ സെക്രട്ടറിയായ സുനിൽകുമാറിന് ഗ്രേഡ് അനുവദിച്ചതും ക്രമവിരുദ്ധമായാണ്. ഇതുവഴി ലക്ഷങ്ങളുടെ നഷ്ടമാണ് ബാങ്കിന് സംഭവിച്ചത്. ഇക്കാര്യമെല്ലാം ഉന്നതതല കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ടിലുണ്ട്.

ബാങ്കിന്റെ കീഴിലുള്ള മൂന്ന് നീതി മെഡിക്കൽ സ്റ്റോറുകളിൽ അനധികൃത നിയമനം നടത്തി. മൂന്ന് സൂപ്പർ മാർക്കറ്റുകളിൽ വകുപ്പിന്റെ അംഗീകാരമില്ലാതെ 54 ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇതുവഴിയും ലക്ഷങ്ങൾ നഷ്ടമുണ്ടായി. ബാങ്കിന്റെ ബ്രാഞ്ച് മാനേജർ ബിജു കരീം 2019 നവംബർ 26 മുതൽ ജോലിക്ക് ഹാജരായിട്ടില്ല. ഡിസംബർ 31 വരെ അവധി രേഖപ്പെടുത്തിയിട്ടുമില്ല. എന്നാൽ, ഈ മാസവും തുടർമാസങ്ങളിലും ശമ്പളം നൽകി.