കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടരും. ഇതിനുള്ള തെളിവുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിലയിരുത്തുന്നു. കേസിലെ പ്രതികളുടെ വീടുകളിലും ബാങ്കിന്റെ പ്രധാന ഓഫിസിലും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് ഇത്.

നോട്ടുനിരോധനക്കാലത്ത് കരുവന്നൂർ സഹകരണ ബാങ്കിലേക്ക് 100 കോടിയുടെ നിക്ഷേപമെത്തുകയും അതേവർഷം തന്നെ പിൻവലിക്കുകയും ചെയ്ത സംഭവം ഇ.ഡി. സമഗ്രമായി അന്വേഷിക്കും. എവിടെനിന്നാണ് പണം എത്തിയതെന്നും ഏതുസമയത്താണ് പിൻവലിച്ചതെന്നും കണ്ടെത്തുകയാണ് ലക്ഷ്യം. ഇത് കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് വിലയിരുത്തൽ. പ്രധാന രാഷ്ട്രീയ നേതാക്കൾക്ക് വേണ്ടിയാണ് ഇതു നടന്നതെന്നാണ് വിലയിരുത്തൽ.

നോട്ട് നിരോധിച്ച 2016-ൽ കരുവന്നൂർ ബാങ്കിൽ പ്രവർത്തിച്ചിരുന്ന വി ബാങ്ക് സോഫ്റ്റ് വെയർ വ്യാപകമായി ദുരുപയോഗപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആ സമയത്തുതന്നെ സോഫ്‌റ്റ്‌വേറിലെ ഡേ ഓപ്പൺ, ഡേ എൻഡ് സംവിധാനം ഇല്ലാതാക്കി. ഏതുസമയത്ത് എത്ര തുകയാണ് നിക്ഷേപിച്ചതെന്നും പിൻവലിച്ചതെന്നും ഇതിനാൽ കണ്ടെത്താനാകില്ല. 2017 ജൂൺ ആറിനാണ് ഡേ ഓപ്പൺ, ഡേ എൻഡ് സംവിധാനം പുനഃസ്ഥാപിച്ചത്. ഇതിനോടകം നിക്ഷേപിച്ച തുകയിൽ ഭീമമായ സംഖ്യ പിൻവലിക്കുകയും ചെയ്തു.

ആ കാലത്ത് ബാങ്കിലെ ഏതൊരാൾക്കും ഇടപാടുകാര്യം ആരുമറിയാതെ ഡിലീറ്റ് ചെയ്യാമായിരുന്നു. ഇത് പിന്നീട് വീണ്ടെടുക്കാനാകില്ല. ആ രീതിയിൽ സോഫ്‌റ്റേ് വെയറിൽ കൃത്രിമം നടത്തി. ഓട്ടോമാറ്റിക് പാസ്വേഡ് മാറ്റുന്ന സംവിധനവും മാേനജർ തലത്തിലുള്ള ഉദ്യോഗസ്ഥൻ ഇടപാടുകളെല്ലാം പാസാക്കുന്ന രീതിയും 2017 ജൂൺ ആറുവരെ റദ്ദാക്കിയിരുന്നു. ഈ കാലത്താണ് നോട്ടുനിരോധനത്തിന്റെ സാധ്യത തട്ടിപ്പായി മാറിയത്. മുൻ സെക്രട്ടറി പി.ആർ.സുനിൽകുമാർ, മുൻ ഹെഡ് ഓഫിസ് മാനേജർ ബിജു കരീം, മുൻ അക്കൗണ്ടന്റ് സി.കെ.ജിൽസ്, റബ്‌കോ ബാങ്ക് കമ്മിഷൻ ഏജന്റ് എ.കെ.ബിജോയി, മുൻ ഭരണസമിതി പ്രസിഡന്റുമായ കെ.കെ.ദിവാകരൻ എന്നിവരുടെ വീടുകളിലും ബാങ്കിന്റെ ഓഫിസിലും പരിശോധന നടത്തിയാണു രേഖകൾ പിടിച്ചെടുത്തത്.

തട്ടിപ്പു പുറത്തുവന്നിട്ട് ഇത്രയും വൈകി ഇഡി നടത്തിയ പരിശോധനയെ നിക്ഷേപകർ വിമർശിച്ചിരുന്നു. രേഖകൾ നശിപ്പിക്കാൻ പ്രതികൾക്കു സാവകാശം അനുവദിച്ച ശേഷം നടത്തുന്ന പരിശോധന ഫലപ്രദമല്ലെന്നാണു പ്രധാന വിമർശനം. എന്നാൽ സാമ്പത്തിക തട്ടിപ്പുകളിൽ അന്വേഷണം വൈകുന്നതു കേസിനെ ബാധിക്കില്ലെന്ന നിലപാടാണ് ഇഡിക്കുള്ളത്. പരിശോധനയിൽ വായ്പാ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരിച്ച ഇടപാടുകാരുടെ രേഖകൾ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. വ്യാജ അക്കൗണ്ടുകൾ തുടങ്ങാൻ ഉപയോഗിച്ച കൃത്രിമ രേഖകളും റെയ്ഡിൽ കണ്ടെടുത്തു. പ്രതികളുടെ ബിനാമി ഇടപാടുകൾ സംബന്ധിച്ച പരിശോധന തുടരാൻ ഇഡി തീരുമാനിച്ചിട്ടുണ്ട്.

മൂല്യം കുറഞ്ഞ സ്ഥലത്തിന് വലിയ തുക ഇട്ട് തട്ടിപ്പ് നടത്തിയിട്ടുണ്ട്. വ്യാജ അക്കൗണ്ടുകൾ തുടങ്ങാനുള്ള ചില കൃത്രിമ രേഖകളും ഇഡി കണ്ടെത്തി. പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഇടപാടുകൾ സംബന്ധിച്ചോ നിക്ഷേപം സംബന്ധിച്ചോ ഉള്ള രേഖകൾ കണ്ടെത്താനായില്ല. തട്ടിപ്പിനുപയോഗിച്ച പണം പ്രതികൾ റീയൽ എസ്റ്റേറ്റിലടക്കം ഉപയോഗിച്ചു എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇവരുടെ ബിനാമി ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണ്. പ്രതികൾ പലയിടത്തും ബിനാമി പേരിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം തുടരും.

ചില നേതാക്കളുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വലിയ തുക നൽകിയതായി പ്രതികളിൽ ചിലർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇക്കാര്യംകൂടി കണ്ടെത്തുകയാണ് ഇ.ഡി.യുടെ ലക്ഷ്യം. ബാങ്കിലെ ബിനാമി നിക്ഷേപവും പാർട്ടി ഫണ്ടിലേക്കുള്ള ഒഴുക്കും ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തുകയും ഇ.ഡി.യുടെ ലക്ഷ്യമാണ്. സഹകരണ വകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണ റിപ്പോർട്ടിലെ വൈരുധ്യം പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുമെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. 2019-ലെ ജോയന്റ് രജിസ്ട്രാറുടെ ഉത്തരവ് പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടിൽ 300 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ്. ഇതുപ്രകാരമാണ് പൊലീസും ക്രൈംബ്രാഞ്ചും കേസന്വേഷിക്കുന്നത്.

എന്നാൽ, സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരം ഉന്നതതലസംഘം നടത്തിയ അന്വേഷണത്തിൽ 227 കോടിയുടെ തട്ടിപ്പാണ് നടന്നത്. സഹകരണവകുപ്പ് 68 പ്രകാരം നടത്തിയ അന്വേഷണത്തിൽ നഷ്ടം 104 കോടിയുടേതാണെന്ന് മന്ത്രി പറയുന്നത്. ഈ റിപ്പോർട്ട് വകുപ്പ് പുറത്തുവിട്ടിട്ടുമില്ല. ഈ കോടികളെല്ലാം വന്നുപോയ വഴി വിശദമായി ഇ.ഡി.അന്വേഷിക്കും.