തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ സിപിഎം തൃശൂർ ജില്ലാ ഘടകം കുടങ്ങും. 300 കോടി രൂപയുടെ വായ്പതട്ടിപ്പ് 2 വർഷത്തോളം സിപിഎം നേതൃത്വം മൂടിവച്ചതാണ് ഇതിന് കാരണം. 2019ൽ തന്നെ പരാതി നൽകിയതിന് തെളിവുള്ളതാണ് സിപിഎമ്മിനെ വെട്ടിലാക്കുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം എത്തിയാൽ ജില്ലാ നേതൃത്വത്തിലെ പലരും കുടുങ്ങും.

ഈടും രേഖയുമില്ലാതെ നൽകിയ വായ്പകൾ അടച്ചുതീർത്തു തടിയൂരാനായിരുന്നു ബാങ്ക് അധികൃതരുടെ ശ്രമം. എന്നാൽ റിയൽ എസ്റ്റേറ്റ് മാന്ദ്യം ഉണ്ടായതോടെ തിരിമറി നടത്തി നിക്ഷേപിച്ച കോടികൾ തിരിച്ചുകിട്ടാതായി. കോവിഡിലെ പ്രതിസന്ധിയും എല്ലാം ഗുരുതരാവസ്ഥയിലാക്കി. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കരുവന്നൂർ സഹകരണബാങ്കിലെ തട്ടിപ്പിനെപ്പറ്റി എംവി സുരേഷാണ് 2019 ജനുവരി 16-ന് സിപിഎം നേതൃത്വത്തിന് പരാതി നൽകിയത്. അന്ന് സിപിഎമ്മുകാരനായിരുന്നു സുരേഷ്.

എന്നാൽ തട്ടിപ്പു കണ്ടെത്തിയതോടെ പാർട്ടിക്ക് പുറത്തായി. ബിജെപി.യുെട പോഷകസംഘടനയായ കർഷകമോർച്ചയുടെ ഇരിങ്ങാലക്കുട മുനിസിപ്പൽ ജനറൽ സെക്രട്ടറിയാണിപ്പോൾ സുരേഷ്. സുരേഷിൽ നിന്നും അന്വേഷണ സംഘം മൊഴി എടുത്താൽ അത് സിപിഎമ്മിന് വലിയ തിരിച്ചടിയാകും. പിന്നീട് പാർട്ടി പ്രവർത്തകർ 2020 ആദ്യം തന്നെ തട്ടിപ്പിനെക്കുറിച്ചു നേതൃത്വത്തോട് വീണ്ടും സൂചിപ്പിച്ചിരുന്നു. പരാതികൾ ഏറിയതോടെ സഹകരണ ജില്ലാ ജോയിന്റ് രജിസ്റ്റ്രാർ അന്വേഷണം തുടങ്ങി.

ഇതുവരെ കേസിലെ പ്രതികൾ ബാങ്ക് ഉദ്യോഗസ്ഥർ മാത്രമാണ്. നേതാക്കളെ രക്ഷിച്ചെടുക്കാനാണ് അണിയറയിലെ നീക്കങ്ങൾ. ഇതിന് സുരേഷിന്റെ മൊഴി തടസ്സമാകുമോ എന്ന ഭയം സിപിഎമ്മിനുണ്ട്. തട്ടിപ്പ് സിപിഎമ്മിനെ അറിയിച്ച സുരേഷിന് ആദ്യം ജോലിയും പിന്നെ പാർട്ടിയിലെ സ്ഥാനവും നഷ്ടമായിയിരുന്നു. ബാങ്കിന്റെ സിവിൽ സ്റ്റേഷൻ എക്സ്റ്റൻഷൻ ബ്രാഞ്ചിന്റെ മാനേജറായിരുന്നു എം വി സുരേഷ്. 15 വർഷം സിപിഎമ്മിന്റെ തണ്ടാരത്തറ ബ്രാഞ്ച് സെക്രട്ടറിയും ഒൻപതുവർഷം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു സുരേഷ്. തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോൾ സുരേഷിന് അങ്കലപ്പായി. അങ്ങനെയാണ് നേതൃത്വത്തെ എല്ലാം അറിയിച്ചത്.

2019 ഓഗസ്റ്റ് 31നു സമർപ്പിച്ച റിപ്പോർട്ടിൽ അഴിമതിയുടെ വിശദമായ ചിത്രമുണ്ട്. ഇതിന്റെ കോപ്പി ബാങ്കിനും അതുവഴി സിപിഎം നേതാക്കളായ ബാങ്ക് ഡയറക്ടർമാർക്കും കിട്ടിയിട്ടുണ്ട്. മറ്റു നേതാക്കൾക്കും പിന്നീട് ഇതിന്റെ കോപ്പി കിട്ടി. റിപ്പോർട്ടിലെ കാര്യങ്ങൾ ചർച്ച ചെയ്യാതെ 2 വർഷത്തോളം മൂടിവച്ചു. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കു പോലും ഇതേക്കുറിച്ചു വ്യക്തമായ അറിവുണ്ടായിരുന്നു.

ചില മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ഏരിയ സെക്രട്ടറിമാരുമാണു ബാങ്ക് നിയന്ത്രിച്ചിരുന്നത്. കുറ്റക്കാരുണ്ടെങ്കിൽ നടപടിയെടുക്കുമെന്നു 3 ദിവസം മുൻപാണു സിപിഎം ജില്ലാ െസക്രട്ടറി എം.എം. വർഗീസ് പറഞ്ഞത്. ഒരു മുൻ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്തിലെ മുൻ അംഗവും ഏരിയ കമ്മിറ്റി മുൻ സെക്രട്ടറിയും അണിയറയിലുണ്ടായിരുന്നെന്ന പരാതി ശക്തമാണ്.

2019ൽ അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോണിനാണ് സുരേഷ് പരാതി അയച്ചത്. സത്യസന്ധമായ അന്വേഷണം നടത്താൻ ബേബി ജോൺ നിർദ്ദേശം നൽകി. പിന്നീട് നടന്നത് അട്ടിമറിയും. പരാതി നൽകിയശേഷം തന്നെ കള്ളക്കേസിൽ കുടുക്കി പുറത്താക്കുകയായിരുന്നുവെന്ന് സുരേഷ് പറയുന്നു. ഇതിനെതിരേ സുരേഷ് നൽകിയ കേസ് കോടതിയിലാണ്. പുറത്താക്കിയതിനു പിന്നാലെ അധിക്ഷേപവും തുടങ്ങി.

സുരേഷ് സഹകരണവകുപ്പിന്റെ ഇൻസ്പെക്ടർ റാങ്ക് പട്ടികയിൽ മുന്നിലുണ്ടായിരുന്നു. സുരേഷിനെതിരേ മൂന്ന് കള്ളക്കേസുകൾ കൊടുക്കുകയും സസ്‌പെൻഷനാവുകയും ചെയ്തതു. ഇതോടെ ഈ ജോലിയും നഷ്ടമായി. എങ്കിലും പരാതിയിലെ സത്യം പുറത്തു കൊണ്ടു വരാൻ അക്ഷീണം പ്രയത്നിച്ചു. ഇതോടെ ഇരിങ്ങാലക്കുടക്കാരെ എല്ലാം ഞെട്ടിച്ച് എല്ലാം പുറത്തെത്തി.