- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്ഷേപകർക്ക് പണം തിരിച്ചു കിട്ടില്ലെന്ന ആധി ആത്മഹത്യ കൂട്ടുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; നിയന്ത്രണം ഏറ്റെടുക്കാൻ കേരളാ ബാങ്ക്; സിബിഐ അന്വേഷണ ആവശ്യവും ശക്തം; ഇഡി ഉടൻ എത്തും; കരുവന്നൂരിൽ കേന്ദ്ര ഇടപെടൽ
തൃശൂർ: ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുക്കും. സിപിഎം ഭരിക്കുന്ന ബാങ്കിലെ തട്ടിപ്പിൽ കേന്ദ്ര സർക്കാർ നിർദ്ദേശം അംഗീകരിച്ചാണ് തീരുമാനം. തട്ടിപ്പിൽ അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീളുമെന്നാണ് സൂചന. അതിവേഗം കേസ് രജിസ്റ്റർ ചെയ്യാനാണ് തീരുമാനം.
കേസെടുത്ത ഇരിങ്ങാലക്കുട പൊലീസിൽ നിന്ന് ഇഡി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ശരിവച്ചാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഇഡിയുടെ അന്വേഷണ ഉത്തരവ് ദിവസങ്ങൾക്കകം ഇറങ്ങും. കരുവന്നൂർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നുണ്ട്. സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുള്ളവർക്ക് സിപിഎം നേതാക്കളുമായി ബന്ധമുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.
മുഖ്യപ്രതികളായ ബാങ്കിന്റെ മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാറും മുൻ മാനേജർ എം.കെ. ബിജുവും സിപിഎം ലോക്കൽ കമ്മിറ്റി മുൻ ഭാരവാഹികളും നിലവിലെ അംഗങ്ങളുമാണ്. ഇവർക്കെതിരെ പാർട്ടി നടപടി എടുത്തിട്ടില്ല. പ്രതികൾക്കു മുൻനിര നേതാക്കളുമായി അടുപ്പമുണ്ടെന്ന ആരോപണവും ശക്തമാണ്. തട്ടിപ്പുവിവാദം നീറിപ്പുകയുകയും ക്രൈം ബ്രാഞ്ച് കേസെടുക്കുകയും ചെയ്തിട്ടും പ്രതികളിൽ ആരെയും അറസ്റ്റ് ചെയ്യാത്തതും ചർച്ചയായിട്ടുണ്ട്. ബാങ്കിനു മുന്നിൽ വിവിധ രാഷ്ട്രീയ കക്ഷികൾ സമരം തുടങ്ങി.
കരുവന്നൂർ സഹകരണ ബാങ്കിന്റെ സാമ്പത്തിക നിയന്ത്രണം കേരള ബാങ്ക് ഏറ്റെടുക്കും എന്നാണ് സൂചന. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിച്ച് പാക്കേജ് തയ്യാറാക്കും. ഇതനുസരിച്ചുള്ള ഫണ്ട് കേരള ബാങ്ക് നൽകും. 150 കോടിരൂപയെങ്കിലും അടിയന്തരമായി നൽകും. കേരള ബാങ്കിലെ ഒരു ഉദ്യോഗസ്ഥനെ കരുവന്നൂർ ബാങ്കിന്റെ ഇനിയുള്ള സാമ്പത്തിക ഇടപാടുകളുടെ മേൽനോട്ടത്തിനു നിയോഗിക്കും.
നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടില്ലെന്ന ആധി ആത്മഹത്യയ്ക്കുവരെ കാരണമാക്കുമെന്ന വിവരം രഹസ്യാന്വേഷണ വിഭാഗവും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കിന്റെ അധീനതയിലുള്ള ഭൂമിയും ബാങ്ക് കെട്ടിടവും കേരളബാങ്കിൽ പണയത്തിലാണ്. 42 കോടിരൂപ കേരളബാങ്കിന് നൽകാനുമുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളിൽ പണയവസ്തുവിന്റെ മൂല്യം നിശ്ചയിക്കാൻ പ്രത്യേകം ഓഫീസറില്ലെന്നതാണ് തട്ടിപ്പിനു കാരണമാകുന്നതെന്ന പരാതി ഉയർന്നിട്ടുണ്ട്.
സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകളിൽ 'വാല്വേഷൻ ഓഫീസർ' ഉണ്ട്. ഇവരാണ് പണയവസ്തുവിന്റെ മൂല്യം നിശ്ചയിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ