കാഞ്ഞങ്ങാട്: വിദേശത്ത് നഴ്സിങ് നിയമനത്തിന്റെ പേരിൽ കോടികൾ തട്ടിയ ഇടനിലക്കാർക്ക് അന്താരാഷ്ട്ര ബന്ധമെന്ന് പൊലീസ് ബെംഗളൂരു, ഡൽഹി, കൊച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ബ്രിട്ടൻ, അമേരിക്ക, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഇവരുടെ കണ്ണികൾ പ്രവർത്തിക്കുന്നതായാണ് വിവരം.

ഇംഗ്ലണ്ടിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തുന്നുവെന്ന് പറഞ്ഞ് അനേകം പേരിൽ നിന്നും പണം വാങ്ങിയ യുകെ മലയാളിക്കെതിരെയുള്ള പരാതിയിലാണ് പൊലീസ് അന്താരാഷ്ട്ര ഗൂഢാലോചന കണ്ടെത്തുന്നത്. കാസർഗോഡ് കരിവേടകം സ്വദേശിയായ ജോഷി തോമസിനെതിരെയാണ് തട്ടിപ്പിനിരകളായ കേരളത്തിന്റെ വിവിധ ജില്ലകളിലുള്ളവർ സംഘടിച്ച് പരാതി നൽകിയിരിക്കുന്നത്. ജോഷി അവധിക്ക് നാട്ടിലെത്തിയിട്ടുണ്ടെന്ന് അറിഞ്ഞ് പണം നഷ്ടപ്പെട്ടവർ കാണാനായി എത്തിയപ്പോഴേക്കും ഇയാൾ മുങ്ങിയിരുന്നു.

മാവേലിക്കര, ചങ്ങനാശ്ശേരി, മുണ്ടക്കയം, തിരുവല്ല സ്വദേശികളായ പത്തിലേറെപ്പേരാണ് തട്ടിപ്പിന് ഇരയായത്. രണ്ട് മുതൽ മൂന്ന് ലക്ഷം രൂപവരെ നൽകി തട്ടിപ്പിനിരയായ അഞ്ചുപെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ ഡിസംബർ 31ന് കാസർഗോഡ് കരിവേടകത്ത് എത്തിയതോടെ ഇയാൾ മുങ്ങുകയായിരുന്നു. കരിവേടകത്തെ വീട്ടിലേക്ക് പലതവണ അന്വേഷിച്ചെത്തിയെങ്കിലും ഇടനിലക്കാരനെ കാണാൻ സാധിക്കാത്തതിനാൽ നിറകണ്ണുകളോടെ എല്ലാവരും വ്യാഴാഴ്ച വൈകീട്ടോടെ മടങ്ങി. ഇതിനിടെ സൈബർസെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ അങ്കമാലിയിലുള്ളതായി വ്യക്തമായി.

ചങ്ങനാശ്ശേരി സ്വദേശികളായ ലിജോമോൾ, സുനിത, മവേലിക്കരയിലെ രമ്യ, മുണ്ടക്കയത്തെ അനു, തിരുവല്ല സ്വദേശികളായ സുജിത്ത്, ജോസഫ്, മലപ്പുറത്തെ ബെറ്റി തുടങ്ങിയവരാണ് ഇടനിലക്കാരനെ അന്വേഷിച്ചെത്തിയത്. ഇവരിൽനിന്ന് 15-ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തതായി ഇവർ ബേഡകം പൊലീസിനോട് പറഞ്ഞു. ഇംഗ്ലണ്ടിലെ എച്ച്.സി.വൺ ലിമിറ്റഡ് കമ്പനിയുടെ പേരിലാണ് ഇടനിലക്കാരൻ പ്രത്യക്ഷപ്പെട്ടത്. ഡൽഹിയിലായിരുന്നു ആദ്യ അഭിമുഖം. മലയാളിയായ നിമേഷ് ആണ് ഫോണിൽ ബന്ധപ്പെട്ടും മറ്റും ഉദ്യോഗാർഥികളെ അഭിമുഖത്തിന് വിളിച്ചത്. ഡൽഹിയിലെ അഭിമുഖത്തിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി 250-ലേറെ പേർ പങ്കെടുത്തതായി ഉദ്യോഗാർഥികൾ പറഞ്ഞു. അഞ്ചുലക്ഷം രൂപയാണ് നിമേഷ് ഓരോരുത്തരോടും ആവശ്യപ്പെട്ടത്. എന്നാൽ, റിക്രൂട്ട്‌മെന്റ് നടപടിയിൽനിന്ന് നിമേഷ് പിന്മാറി.

തുടർന്ന് ജോഷി തോമസ് ഇവരെ നേരിട്ടുവിളിച്ചു. ജോലികിട്ടിയതിന് ശേഷം അഞ്ചുലക്ഷം തന്നാൽ മതിയെന്നു പറഞ്ഞു. ഇയാൾ നേരിട്ട് കൊച്ചിയിലെത്തി അഭിമുഖം നടത്തുകയും ചെയ്തു. പിന്നീട് എംബസി സർവീസ് ചാർജ്, മറ്റ് അനുബന്ധ സേവനങ്ങൾ തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് പണം വാങ്ങി. എറണാകുളത്തെ രണ്ട് ബാങ്കുകളിലായി കരിവേടകം സ്വദേശിയുടെ പേരിൽ ഉദ്യോഗാർഥികൾ പണം നിക്ഷേപിച്ചു. ഇത്തരത്തിൽ പലരോടായി രണ്ടു ലക്ഷവും മൂന്നുലക്ഷവും വാങ്ങിയശേഷം ഇയാൾ ഫോൺ നമ്പർ റദ്ദാക്കി. ഇടനിലക്കാരനുമായുള്ള ഫോൺബന്ധം പോലും സാധ്യമാകാതെ വന്നപ്പോൾ ഇവർ അതത് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. അതിനിടെ മറ്റൊരു ബാച്ചിനെ സംഘടിപ്പിച്ച് ചെന്നൈയിൽ അഭിമുഖം നടത്താനുള്ള ശ്രമം നടത്തുകയായിരുന്നു ഇടനിലക്കാരനെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. ഒന്നിന് പിറകെ ഒന്നായി തട്ടിപ്പ് നടത്തി കോടികൾ കൈക്കലാക്കുന്ന വൻശൃംഖലയുടെ കണ്ണിയാണ് കരിവേടകം സ്വദേശിയെന്ന് സംശയിക്കുന്നു.

ലിജോമോൾ ചാക്കോയുടെ പരാതിയിലാണ് ജോഷി തോമസിനെതിരെ ചങ്ങനാശ്ശേരി പൊലീസ് കേസെടുത്തത്. ബഹ്റൈനിലെ ജോലി ഉപേക്ഷിച്ചാണ് ലിജോമോൾ ലണ്ടനിലേക്ക് പോകാനായി നാട്ടിലെത്തിയത്. ജോഷിയുടെ വാഗ്ദാനത്തിൽ കുടുങ്ങി നാട്ടിലെത്തിയ ഇവർ 92,000 രൂപയും നൽകി. ഭർതൃസഹോദരി സുനിത പി. ജോസ് മുഖേനയാണ് ലിജോമോൾ ജോഷിയെ പരിചയപ്പെട്ടത്. ഇവരുടെ ഭർത്താവ് സുബിനോടും ജോലി ഉപേക്ഷിച്ചെത്താൻ ഇയാൾ പറഞ്ഞിരുന്നു. എന്നാൽ, ആദ്യം ഭാര്യയ്ക്ക് ജോലി ശരിയാകട്ടെയെന്ന് തീരുമാനിച്ചതിനാൽ സുബിന് ജോലി നഷ്ടമായില്ല. ബെംഗളൂരുവിൽ നഴ്സായിരുന്ന സുനിതയും ഇതേ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മാവേലിക്കര സ്വദേശികളായ രമ്യ ചന്ദ്രൻ, ജയപ്രകാശ്, മലപ്പുറത്തെ ബെറ്റി, റെറ്റി എന്നിവരും ജോലി ഉപേക്ഷിച്ചെത്തിയവരാണ്. ഇവർക്കൊപ്പം ബെംഗളൂരുവിലുണ്ടായിരുന്ന അനുമോളും ജോലി രാജിവച്ചിരുന്നു.

ഉദ്യോഗാർഥികൾക്ക് ഒരു സംശയത്തിനും ഇട നൽകാത്തവിധമായിരുന്നു തട്ടിപ്പ്. സംഭവത്തിൽ തോമസിനെതിരെ ചങ്ങനാശ്ശേരി പൊലീസ് കേസെടുത്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. നിയമനത്തിന് പത്രപ്പരസ്യങ്ങളോ ഓൺലൈൻ അറിയിപ്പുകളോ ഇവർ കൊടുക്കാറില്ല. ഫോണിലോ ഇ-മെയിലിലോ ഉദ്യോഗാർഥികളെ സമീപിക്കുകയാണ് രീതി. ആരെങ്കിലും വലയിൽ വീണാൽ അവരുടെ സുഹൃത്തുക്കളുണ്ടെങ്കിൽ അവർക്കും അവസരം നൽകാമെന്നുപറഞ്ഞ് ഇതിൽ ഉൾപ്പെടുത്തും. ഒരു ഗ്രൂപ്പിൽ 25 വരെ ഉദ്യോഗാർഥികളെ ചേർക്കും. മാസം ഒന്നേമുക്കാൽലക്ഷം രൂപ ശമ്പളമാണ് പ്രലോഭനം. അഞ്ചുലക്ഷമാണ് കമ്മിഷനായി ചോദിക്കുന്നത്. ഇത് ജോലികിട്ടിയശേഷം ഗഡുക്കളായി നൽകിയാൽ മതിയെന്നും പറയും.

മെഡിക്കൽ സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങി വിസ ലഭ്യമാകുന്നതിനാവശ്യമായ എല്ലാ കാര്യങ്ങളും മുറപോലെ നടത്തും. ജോലി നൽകുന്ന സ്ഥാപനത്തിന്റെ വിവരങ്ങളും ഇ-മെയിലിൽ ലഭ്യമാക്കുന്നതിനാൽ തട്ടിപ്പാണെന്ന് സംശയം തോന്നില്ല. അപേക്ഷ തയ്യാറാക്കുന്നതിന് 20,000 രൂപയും വിസാനടപടികൾക്ക് 72,000 രൂപയും വേണമെന്ന് പറയുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഈ തുക കിട്ടിയാൽ നടപടികൾ ഇഴയും. ഫോൺനമ്പറും ഇ-മെയിൽ വിലാസവും മാറ്റുന്നതോടെ ഉദ്യോഗാർഥികൾക്ക് പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവുമുണ്ടാകില്ല. ഇത്തരത്തിൽ നൂറുകണക്കിന് ഉദ്യോഗാർഥികൾക്ക് പണം നഷ്ടമായിട്ടുണ്ട്.