തിരുവനന്തപുരം: കേരള ഭരണസർവീസിലേക്ക് (കെ.എ.എസ്.) നിയമനഃശുപാർശ ലഭിച്ചവർക്കുള്ള ഒന്നരവർഷം നീളുന്ന പരിശീലനം തിങ്കളാഴ്ച ഐ.എം.ജി.യിൽ തുടങ്ങും.കേരള ഭരണസർവീസിലേക്ക് (കെ.എ.എസ്.) നിയമനഃശുപാർശ ലഭിച്ചവരിൽ രണ്ടുപേർ സിവിൽ സർവീസ് സ്വീകരിച്ചു. ബാക്കി 103 പേരിൽ 97 പേർ സത്യപ്രതിജ്ഞചെയ്ത് വെള്ളിയാഴ്ച കെ.എ.എസിൽ പ്രവേശിച്ചു.അഞ്ചുപേർ സമയം നീട്ടിച്ചോദിച്ചിട്ടുണ്ട്.

എന്നാൽ കെ.എ.എസ്.നേരിട്ടുള്ള കാറ്റഗറിയിൽ ഒന്നാം റാങ്ക് നേടിയ എസ്. മാലിനി, എട്ടാം റാങ്ക് നേടിയ വി. മേനഗ എന്നിവരാണ് യു.പി.എസ്.സി.യുടെ സിവിൽ സർവീസ് സ്വീകരിച്ചത്. ഇവരുടെ ഒഴിവ് പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യണം.കെ.എ.എസിൽ പ്രവേശിച്ചവരിൽ മൂന്നുപേർ പിഎച്ച്.ഡിക്കാരാണ്. ബി.ടെക്കുകാർ 22 പേരുണ്ട്. ബിരുദാനന്തര ബിരുദക്കാർ 28 പേരാണ്. വെറ്ററിനറി സയൻസുകാർ ഏഴുപേരുണ്ട്. എൽഎൽ.ബി., എം.ബി.എ. യോഗ്യതയുള്ളവർ അഞ്ചുവീതം. യുജിസി. നെറ്റ് ഉള്ളവർ മൂന്നുപേർ. എം.ടെക്. രണ്ടുപേർക്ക്. ഒരാൾ ബി.ആർക്ക്. പഞ്ചായത്ത് സെക്രട്ടറിമാരായിരുന്ന എട്ടുപേർ കെ.എ.എസിലെത്തി. സെക്രട്ടേറിയറ്റിൽനിന്ന് ഒരു ഡെപ്യൂട്ടി സെക്രട്ടറിയും ധനവകുപ്പിൽനിന്ന് ഒരു ഫിനാൻസ് ഓഫീസറും കെ.എ.എസ്. സ്വീകരിച്ചു.

ഹയർ സെക്കൻഡറി അദ്ധ്യാപകരും വെറ്ററിനറി സർജന്മാരും അഞ്ചുപേർ വീതമുണ്ട്. സെക്രട്ടേറിയറ്റിലെ സെക്ഷൻ ഓഫീസർമാരും ഗ്രാമവികസനവകുപ്പിലെ ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മിഷണർമാരും നാലുപേർ വീതം കെ.എ.എസിലെത്തി. തൊഴിൽവകുപ്പിൽനിന്ന് രണ്ട് ഡെപ്യൂട്ടി ലേബർ കമ്മിഷണർമാരും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരായ രണ്ടുപേരും കെ.എ.എസ്. പുതിയ കർമരംഗമായി സ്വീകരിച്ചു.

കെ.എ.എസിന്റെ മൂന്നു ബാച്ചുകളിലെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.ചുമതലയേൽക്കുന്ന ആദ്യറാങ്കുകാരായ നന്ദന എസ്. പിള്ള, അഖില ചാക്കോ, പി. അനൂപ് കുമാർ എന്നിവർ മുഖ്യമന്ത്രിയിൽനിന്ന് തിരിച്ചറിയൽ കാർഡ് ഏറ്റുവാങ്ങി. കഠിനമായ പരീക്ഷയിലൂടെയും അനുഭവപരിചയത്തിലൂടെയും കടന്നുവന്നവരാണ് കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസിന്റെ ഭാഗമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിവും അറിവും പരിഗണിച്ചുള്ള ശമ്പളമാണ് അവർക്കു നിശ്ചയിച്ചിട്ടുള്ളത്.കെ.എ.എസും ഐ.എ.എസും രണ്ടു കേഡറായി നിലനിന്നു പ്രവർത്തിക്കുന്ന രീതിയല്ല വേണ്ടത്. ഒരുമിച്ചുനിന്ന് ജനങ്ങൾക്കു സേവനം ഉറപ്പാക്കാനാകണം. വകുപ്പുകളുടെ ഏകോപനം വികസനത്തിനും അഭിവൃദ്ധിക്കും ഒഴിച്ചുകൂടാനാവാത്തതാണ്. എല്ലാത്തിനെയും ബന്ധിപ്പിക്കുന്ന രാസത്വരകമായി കെ.എ.എസുകാർക്കു മാറാൻ കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.പുതിയ തുടക്കമെന്ന നിലയിൽ മുഖ്യമന്ത്രി ഒരു ഇലഞ്ഞിത്തൈയും നട്ടു.

മന്ത്രി കെ.രാജൻ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രി ആന്റണി രാജു, വി.കെ.പ്രശാന്ത് എംഎ‍ൽഎ., ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പ്രൊഫ. വി.കെ.രാമചന്ദ്രൻ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, കൗൺസിലർ മേരിപുഷ്പം, ഐ.എം.ജി. ഡയറക്ടർ കെ. ജയകുമാർ എന്നിവർ പങ്കെടുത്തു.