മലയൻകീഴ്: മേലുദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കസബ എസ്‌ഐ ഗോപകുമാറിന്റെ കഥ ആരുടെയും കരളലിയിക്കുന്നതാണ്. അഞ്ചു ഡിപ്പാർട്ടുമെന്റുകളിൽ തനിക്ക ലഭിച്ച ജോലി ഉപേക്ഷിച്ചാണ് സ്വപ്‌ന സാക്ഷാത്കാരമായ എസ്‌ഐ ജോലി ഗോപകുമാർ തിരഞ്ഞെടുത്തത്.

പഠിക്കാൻ മിടുക്കനായിരുന്ന ഗോപകുമാർ തനിക്ക് കിട്ടിയ മറ്റു ജോലികൾ ഉപേക്ഷിച്ച് ഒന്നര വർഷം മുൻപാണ് എസ്‌ഐ പോസ്റ്റ് തിരഞ്ഞെടുക്കുന്നത്. ജയിലറായിട്ടായിരുന്നു ആദ്യ ജോലി. അതു കഴിഞ്ഞ് ഫോറൻസ്റ്ററായി ജോലി കിട്ടി. പിന്നെ അഗ്രികൾച്ചർ ഡപ്പാർട്ടമെന്റിലും ജോലി ലഭിച്ചു. പിന്നീട് എക്സൈസ് വകുപ്പിൽ പ്രിവന്റീവ് ഓഫീസറായിരിക്കെയാണ് എസ് ഐ സെലക്ഷൻ കിട്ടിയത്. ഇതോടെ നല്ല പോസ്റ്റിൽ തന്നെ ഇരുന്നിട്ടും ഇഷ്ടപ്പെട്ട ജോലി എസ്‌ഐയുടേത് ആയതിനാൽ തിരഞ്ഞെടുക്കുകയായിരുന്നു.

ഊരൂട്ടംമ്പലം ഗോവിന്ദമംഗലത്ത് തട്ടാം വിളയിലാണ് ഗോപകുമാർ കുടുംബ സമേതം കഴിഞ്ഞിരുന്നത്. ഗോപകുമാർ-വിജിത ദമ്പതികളുടെ ഇളയ കുട്ടിക്ക് എട്ടു മാസമാണ് പ്രായം. തന്റെ മക്കളെ അവസാനമായി ഒന്നു കാണണമെന്ന ആഗ്രഹം ബാക്കി വച്ചാണ് ഗോപകുമാർ യാത്രയായത്. അത്രമേലുണ്ടായിരുന്നു ഇദ്ദേഹത്തിനു മേൽ ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം.

പഠനത്തിൽ മികവ് പുലർത്തിയിരുന്ന ഗോപകുമാർ മണൽവാരി വിറ്റ് പുസ്തകങ്ങൾ വാങ്ങി പഠിച്ചാണ് അഞ്ച് ഡിപ്പാർട്ടുമെന്റുകളിൽ ജോലി നേടിയതും അവസാനം എസ്‌ഐ പോസ്റ്റ് തിരഞ്ഞെടുത്തതു. പ്രൊബേഷൻ പീരിയഡ് പൂർത്തിയാക്കാൻ രണ്ടര മാസം ബാക്കിയിരിക്കവേ ആണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ഏഴിനു ഗോപകുമാർ വീട്ടിലെത്തിയിരുന്നു. ഞായറാഴ്‌ച്ച വൈകിട്ടോടെയാണ് തിരികെ പോയത്. അഞ്ചു വർഷം മുമ്പാണ്് വിജയൻ നായരുടെ മകൾ വിജിതാനായരെ(സൗമ്യ) വിവാഹം ചെയ്തത്. ഇരുവരുടെയും പുനർവിവാഹം ആയിരുന്നു. ഗോപകുമാറിന് ആദ്യ ഭാര്യയിൽ ഏഴു വയസ്സുള്ള ഒരു മകനുണ്ട്. ബന്ധം വേർപ്പെടുത്തിയതിനു ശേഷമാണ് വിജിതയെ വിവാഹം ചെയ്തത്.

ഗോപകുമാർ-വിജിത ദമ്പതികൾക്ക് രണ്ട് ആൺ മക്കളാണ്. നന്ദഗോപൻ(4) അന്തഗോപൻ(8 മാസം). എത്ര വൈകിയാലും ഗോപകുമാർ വീട്ടലേക്ക് ഫോൺ വിളിക്കുമായിരുന്നുവെന്ന വിജയൻ നായർ പറഞ്ഞു. ശനിയാഴ്‌ച്ച ഗോപകുമാർ ബന്ധുവിനെ ഫോൺ ചെയ്ത് ജോലി സംബന്ധമായ പീഡനങ്ങളെക്കുറിച്ചു പറഞ്ഞിരുന്നു.

സ്വകാര്യ സ്ഥാപനത്തിൽ നഴ്സായിരുന്ന വിജിത കുട്ടികളെ നോക്കാനായി ജോലി ഉപേക്ഷിച്ചു. മകനെപ്പോലെയാണ് ഗോപകുമാറിനെ കണ്ടിരുന്നതെന്നും വിജയൻനായർ പറഞ്ഞു. യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത ഗോപകുമാറിന്റെ വാക്കുകളാണ് തന്നെ പുകവലിയിൽ നിന്നും മാറ്റിയത്. ബി എസ് എൻ എൽ റിട്ടയേഡ് ജീവനക്കാരനായ വിജയൻ നായർ ഗോവിന്ദമംഗലത്ത് നൽകിയ സ്ഥലത്താണ് വീടു നിർമ്മിച്ചത്. ഇന്നലെ വൈകിട്ട് ഗോപകുമാറിന്റെ മൃതദ്ദേഹം ഗോവിന്ദമംഗലത്ത് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. നിരവധി പേർ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.