കാസർകോട്: പ്രവാസിയായ പുത്തിഗെ മുഗുവിലെ അബൂബക്കർ സിദ്ദീഖിനെ (26) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്തിന് പിന്നിൽ ഡോളർ കടത്തുമായി ബന്ധപ്പെട്ട് തർക്കമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ തെളിയുന്നത് ഡോളർ കള്ളക്കടത്തിലെ അധോലോക വഴികൾ. പൈവളിഗെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അധോലോക സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചു. കൊല്ലപ്പെട്ട സിദ്ദിഖുമായി ബന്ധപ്പെട്ടു ഈ സംഘം ഡോളർ കടത്ത് നടത്തിയിരുന്നു. ഇതിൽ തിരിമറി നടത്തിയതാണ് കൊലക്ക് കാരണമെന്നാണ് വ്യക്തമാകുന്നത്.

സ്വർണക്കടത്തും കുങ്കുമപ്പൂ കടത്തുമൊക്കെ കാസർകോട് പതിവുള്ളതാണെങ്കിലും കറൻസി കടത്ത് ഇതുവരെ അന്വേഷണ സംഘങ്ങളുടെ പരിധിയിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഡോളർ കടത്തുമായി ബന്ധപ്പെട്ട് തർക്കത്തെത്തുടർന്ന് ക്വട്ടേഷൻ സംഘം ഉപ്പളയിലെ അബൂബക്കർ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെയാണ് ഡോളർ കള്ളക്കടത്തിലെ അധോലോക ബന്ധം വ്യക്തമാകുന്നത്.

ഡോളർ കടത്തിലൂടെ ലാഭം നേടുക എന്നതിനപ്പുറം സ്വർണക്കടത്ത്, അഴിമതിപ്പണം, മനുഷ്യക്കടത്ത്, വന്യ മൃഗക്കടത്ത് തുടങ്ങി പല മേഖലകളുമായും ബന്ധപ്പെട്ട പണം വെളുപ്പിച്ചെടുക്കുന്നതിനാണ് ഇങ്ങനെ വിദേശത്തേക്ക് എത്തിക്കുന്നത്. ഒന്നിലേറെ ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു സ്വരൂപിക്കുന്ന പണമാണ് ഡോളറായി കടത്തുന്നത് എന്നു ചുരുക്കം. അതിനാൽ അധോലോകഗുണ്ടാ മാഫിയാ സംഘങ്ങളുടെ വലിയ നെറ്റ്‌വർക്കാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്.

ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ സ്വരൂപിക്കുന്ന പണത്തിന്റെ ഉറവിടം കാണിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് രഹസ്യമായി കടത്തുക എന്ന വഴി സ്വീകരിക്കുന്നത്. അതിനാൽ വെറും സാമ്പത്തിക കുറ്റകൃത്യം മാത്രമായി ഇത് ചുരുക്കാനാവില്ല.

അമേരിക്കൻ ഡോളർ മാറ്റിയെടുക്കുമ്പോൾ ബാങ്കിൽ നിന്നു നൽകുന്ന വിനിമയ നിരക്കിനേക്കാൾ കൂടുതലായ തുക നൽകിയാണ് ഹവാല സംഘങ്ങൾ പലരിൽ നിന്നായി അമേരിക്കൻ ഡോളർ സ്വരൂപിക്കുന്നത്. ബാങ്കിൽ കൊടുത്താൽ കിട്ടുന്ന തുകയേക്കാൾ ഉയർന്ന തുക ലഭിക്കുമെന്നതിനാൽ വിദേശത്തു നിന്നെത്തുന്നവർ കൈവശമുള്ള ഡോളർ ഇവർക്കു കൈമാറും. ഇത് ഒന്നിച്ചു ചേർത്താണ് വിദേശത്തേക്ക് അയയ്ക്കുന്നത്.

വിദേശത്തേക്കു കടത്തുന്ന ഡോളർ തിരികെ സ്വർണമായാണ് പലപ്പോഴും എത്തുന്നത്. കൊണ്ടുപോകുന്ന പണവും തിരികെയെത്തുന്ന സ്വർണവും രേഖകളില്ലാതെ ആവുമ്പോൾ ലാഭം ഇരട്ടിയാവും.വിമാനത്താവളങ്ങൾ വഴിയുള്ള കറൻസി കള്ളക്കടത്ത് സജീവമാകുന്നതായാണു കസ്റ്റംസ് അധികൃതരും കരുതുന്നത്.

ട്രാവൽ ഏജൻസികളാണ് ഡോളർ കടത്തിനു പിന്നിലെ പ്രധാന കണ്ണികൾ. വിദേശത്തേക്കു പോകാൻ ടിക്കറ്റെടുക്കാനെത്തുന്ന യാത്രക്കാരോട് ടിക്കറ്റ് നിരക്കിൽ ഇളവും കമ്മിഷനും വാഗ്ദാനം ചെയ്താണ് ഡോളർ അടങ്ങിയ ബാഗും കൊടുത്തു വിടുന്നത്. ഇങ്ങനെ ഡോളർ കൊണ്ടുപോകുന്നതിനുള്ള നിയമപരമായ തടസ്സത്തെക്കുറിച്ച് പലപ്പോഴും ഈ യാത്രക്കാർക്ക് അറിവുണ്ടാവില്ല.

പിടിക്കപ്പെട്ടാൽ കോടതിയിൽ പോയി പിഴ അടച്ച് പണം തിരികെ ലഭ്യമാക്കുകയും ചെയ്യും. നിയമത്തെക്കുറിച്ച് അറിവില്ലായ്മ അടക്കമുള്ള കാര്യങ്ങളാണ് ഇത്തരം സാഹചര്യങ്ങളിൽ കടത്തുകാർ കോടതിയിൽ വാദിക്കുക.

സ്വർണക്കടത്ത് വിമാനത്താവളത്തിലെ ഡിറ്റക്ടറിൽ പിടിക്കപ്പെടുന്നപോലെ കറൻസി പിടിക്കാനാവില്ല. സ്‌കാനിങ്ങാണു കറൻസി കണ്ടെത്താനുള്ള വഴി. എന്നാൽ പേപ്പറും പുസ്തകങ്ങളും എല്ലാം തെളിയുന്ന പോലെ മാത്രമേ കറൻസി ഉണ്ടെങ്കിലും സ്‌കാനറിൽ കാണിക്കുകയുള്ളു. പേപ്പറാണോ കറൻസിയാണോ എന്ന് തിരിച്ചറിയുക എളുപ്പമല്ലെന്ന് ചുരുക്കം.

ഇത് കറൻസി കടത്തുകാർക്ക് സഹായകരമാവുന്നു. ഡോളർ കൈവശം വച്ചിട്ടുണ്ടെന്ന സംശയം തോന്നിയാൽ ചെക്ക്-ഇൻ ബാഗേജുകൾ വിശദമായി പരിശോധിക്കുമ്പോൾ മാത്രമാണ് വ്യാജ അറകളിൽ ഒളിപ്പിച്ച വിദേശ കറൻസികളുടെ കെട്ടുകൾ കണ്ടെത്താറ്.

ഇന്ത്യയിൽ നിന്നു പ്രത്യേക അനുമതി ഇല്ലാതെ വിദേശത്തേക്കു കൊണ്ടു പോകാവുന്നതു പരമാവധി 5,000 അമേരിക്കൻ ഡോളറാണ്. നാട്ടിലേക്കു വരുമ്പോഴും ഇതേ അളവ് ഡോളർ തന്നെ കൈവശം വയ്ക്കാം. 5,000 ഡോളറിനു മുകളിലാണെങ്കിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് റെഗുലേഷൻസ് ആക്ട് പ്രകാരം പ്രത്യേക ഡിക്ലറേഷൻ വേണം. അംഗീകൃത എക്‌സ്‌ചേഞ്ചിൽ നിന്നോ ബാങ്കിൽ നിന്നോ വാങ്ങിയതാണെന്ന രേഖ കാണിക്കണം. ദുബായിൽ വർക്കിങ് വീസ ഉള്ളവർ കറൻസി ശമ്പളം വഴി കിട്ടിയതാണെന്നു തെളിയിക്കുന്ന രേഖ കാണിക്കണം.

അല്ലാത്തപക്ഷം വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ കറൻസി തടഞ്ഞു വയ്ക്കും. അതേ സമയം ഇന്ത്യയിൽ ഒരാൾക്ക് പരമാവധി കൈവശം വയ്ക്കാവുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിബന്ധന പ്രകാരം 2,000 ഡോളർ മാത്രമാണ്. ഇന്ത്യൻ കറൻസിയാണെങ്കിൽ പരമാവധി 25,000 രൂപയാണ് ഡിക്ലറേഷൻ ഇല്ലാതെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനോ തിരികെ കൊണ്ടുവരുന്നതിനോ അനുമതിയുള്ളത്.

നഷ്ടപ്പെട്ട 50 ലക്ഷം രൂപ വില വരുന്ന അമേരിക്കൻ ഡോളർ അബൂബക്കർ സിദ്ദിഖിൽ നിന്നു തിരികെ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ സംഘത്തിനു വാഗ്ദാനം ചെയ്തത് 10 ലക്ഷം രൂപ. ഇതിൽ 5 ലക്ഷം രൂപ സംഘത്തിലെ പ്രധാനിക്കു കൈമാറുകയും ചെയ്തു. ഇതിൽ 4.5 ലക്ഷം സംഘാംഗത്തിന്റെ വീട്ടിൽ നിന്നാണ് പൊലീസ് പിടിച്ചെടുത്തത്,.കൊലപ്പെടുത്തുക എന്ന ലക്ഷ്യം ക്വട്ടേഷൻ ഏൽപ്പിച്ചവർക്ക് ഉണ്ടായിരുന്നില്ല എന്നാണ് പൊലീസ് കരുതുന്നത്.

എന്നാൽ ലഹരി ഉപയോഗിച്ച ശേഷം നടത്തിയ ക്വട്ടേഷൻ സംഘത്തിന്റെ മർദനം അതിരു വിട്ടു കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു. ഉപ്പളയിലെ ട്രാവൽ ഏജൻസി ഉടമയാണ് ഡോളർ സിദ്ദീഖിനു കൈമാറാൻ ഏൽപ്പിച്ചതെങ്കിലും ഇത് ഇദ്ദേഹത്തിന്റെ തന്നെ പണമാണോ അതോ മറ്റാരുടെയെങ്കിലുമാണോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത് മറ്റാരുടെയോ പണമാണെന്നാണ് പൊലീസ് കരുതുന്നത്.

ഇന്നലെ 2 പേരെയാണ് അറസ്റ്റ് ചെയ്തതെങ്കിലും 3 പേർ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. പൊലീസ് സംഘം സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണത്തിന്റെ ഭാഗമായി പുറപ്പെട്ടിട്ടുണ്ട്.ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന, ഡിവൈഎസ്‌പിമാരായ പി.ബാലകൃഷ്ണൻ നായർ, യു.പ്രേമൻ, സിഐമാരായ പി.പ്രമോദ്, സി.കെ.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനു നേതൃത്വം. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

പുത്തിഗെ മുഗു റോഡിലെ അബൂബക്കർ സിദ്ദീഖ്(31)നെ കഴിഞ്ഞ ഞായറാഴ്ചയാണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ദുബായിലേക്ക് കടത്തുന്നതിനായി ഉപ്പളയിലെ സംഘം സിദ്ദീഖിനെ ഏൽപിച്ച അരക്കോടിയോളം രൂപ വില വരുന്ന ഡോളർ കാണാതായതാണ് കൊലപാതകത്തിനു കാരണം.

രഹസ്യമായി ഡോളർ തുന്നിപ്പിടിപ്പിച്ച ബാഗ് ദുബായിലെ ഏജന്റിനെ ഏൽപിച്ചുവെന്നാണു സിദ്ദീഖ് പറഞ്ഞത്. എന്നാൽ പണം അവിടെ ലഭിച്ചില്ലെന്ന് ഏൽപിച്ചവരും പറഞ്ഞു. തുടർന്ന് സിദ്ദീഖിനെ ചർച്ചയ്ക്കായെന്നു പറഞ്ഞ് ദുബായിൽ നിന്ന് നാട്ടിലേക്കു വിളിച്ചുവരുത്തിയ ശേഷം മർദിച്ച് കൊല ചെയ്യുകയായിരുന്നു.