കാസർകോട്: മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കൾക്ക് നൽകിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിനിടെ കാസർകോട് നഗരത്തിൽ ഉണ്ടായ വെടിവെപ്പിന് ഇന്നേക്ക് 11 വർഷം തികയുന്നു. പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരു മുസ്ലിംലീഗ് പ്രവർത്തകൻ കൈതക്കാട്ടെ മുസ്തഫ ഹാജിയുടെ മകൻ ഷഫീഖ് (18) കൊല്ലപ്പെടുകയും കറന്തക്കാട് വെച്ച് കുത്തേറ്റ് മരിച്ച നിലയിൽ ആരിക്കാടി സ്വദേശി മുഹമ്മദ് അസ്ഹറിന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇടത് നെഞ്ചിൽ വെടിയുണ്ട കയറിയ ഷഫീഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റാലി കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ കറന്തക്കാട് വച്ചാണ് അസർ കുത്തേറ്റ് മരിച്ചത്.

രണ്ട് പൊലീസ് ജീപ്പുകൾ പ്രവർത്തകർ തകർക്കുകയും മറിച്ചിടുകയും ചെയ്തിരുന്നു. അക്രമത്തിൽ എസ് ഐ സിബി മാത്യുവിന് പരിക്കേറ്റ് നിരവധി ദിവസങ്ങളാണ് മംഗലാപുരം ആശുപത്രിയിൽ കഴിയേണ്ടി വന്നത്. കല്ലേറിൽ സംഘർഷത്തിലും കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ടടക്കം ഒട്ടേറെ പൊലീസുകാർക്കും പരിക്കേറ്റു. വൈകിട്ട് നാലിനായിരുന്നു മുസ്‌ലിം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾക്കും ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കും സ്വീകരണം നിശ്ചയിച്ചിരുന്നത്. മൂന്നുമണിയായപ്പോഴേക്കും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ലീഗ് പ്രവർത്തകർ ചെറിയ പ്രകടനങ്ങളായി എത്തിത്തുടങ്ങി. ഇതിനിടെ ബൈക്കിലെത്തിയ പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി നഗരത്തിൽ പ്രദക്ഷിണം തുടങ്ങി.

എം പി അബ്ദുസമദ് സമദാനി ഉദ്ഘാടന പ്രസംഗിക്കുമ്പോൾ പുറത്ത് ഒരുസംഘം പ്രസ്‌ക്ലബ്ബിന് താഴെ നിന്ന് കോഓപ്പറേറ്റീവ് ബാങ്കിന് നേരെ കല്ലേറു നടത്തി. തുടർന്ന് ലീഗ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായതാണ് തുടക്കം. ഇതിനിടെ പുതിയ സ്റ്റാൻഡ് പരിസരത്തെ സലഫി സെന്റർ പൂർണമായും അക്രമികൾ തകർത്തു. ഒരു കെ എസ് ആർ ടി സി ബസ്സിനും കേടുപറ്റി. സംഘർഷമുണ്ടാക്കിയവരെ പിരിച്ചുവിടാനാണ് പൊലീസ് വെടിവെപ്പ് നടത്തിയതെന്ന് രാംദാസ് പോത്തന്റെ വാദം പിന്നീട് സിബിഐ അംഗീകരിക്കുകയുണ്ടായി. എന്നാൽ ലീഗ് സമ്മേളനം അലങ്കോലപ്പെടുത്താൻ ചിലർ നേരത്തെ ആസൂത്രണം ചെയ്തിരുന്നെന്നും അവരാണ് അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും മുസ്‌ലിം ലീഗ് പറയുന്നത്. പൊലീസ് വെടിവെപ്പിലും സംഘർഷത്തിലും രണ്ടുപേർ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് തൊട്ടടുത്ത ദിവസം തിങ്കളാഴ്ച കാസർകോട് ജില്ലയിൽ ഹർത്താൽ ആചരിക്കുകയും ചെയ്തു.

നിസാർ കമ്മീഷനെ രൂപകരിച്ചതും പിരിച്ചുവിട്ടതും എന്തിന്?

വെടിവെപ്പ് സംഭവത്തെക്കുറിച്ച് ജുഡീഷ്വൽ അന്വേഷണം വേണമെന്ന് മുസ് ലിം ലീഗും കോൺഗ്രസും ആവശ്യപ്പെട്ടതിനെ തുടർന്ന് ജസ്റ്റിസ് നിസാർ അധ്യക്ഷനായി എൽ ഡി എഫ് സർക്കാർ കമ്മീഷനെ വെച്ചു. യു.ഡി.എഫ് അധികാരത്തിലത്തിയപ്പോൾ കമ്മീഷൻ കാലാവധി നീട്ടിക്കൊടുത്തു. എന്നാൽ പിന്നീട് കമ്മീഷന്റെ പ്രവർത്തനം അവസാനിപ്പിച്ചതായി മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കമ്മീഷനെ പിരിച്ചുവിട്ടതിനെതിരെ അന്നുതന്നെ വലിയ ആരോപണമുയർന്നു. എന്നാൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജുഡീഷ്വൽ കമ്മീഷനെ പിരിച്ചുവിട്ടതെന്ന് ഉമ്മൻ ചാണ്ടി സർക്കാർ പറഞ്ഞു ഒഴിയുകയിരുന്നു.

സിബിഐ അന്വേഷണം

രാംദാസ് പോത്തൻ ഗൺമാന്റെ കയ്യിൽ നിന്ന് തോക്കുവാങ്ങി വെടിവെയ്ക്കുകയായിരുന്നെന്നാണ് ലീഗിന്റെയും കുടുംബത്തിന്റെയും ആരോപണം. വെടിവെപ്പിനെ തുടർന്ന് ഷഫീക്കിന്റെ വീട്ടുകാർ സ്റ്റേഷൻ എസ്‌ഐയ്ക്ക പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് ജെ.എഫ്.സി.എം കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് എസ്‌പിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അന്വേഷണം കാര്യക്ഷമമായല്ല നടക്കുന്നതെന്ന് പറഞ്ഞ് ഷഫീക്കിന്റെ പിതാവ് മുസ്തഫ ഹാജി ഹൈക്കോടതിയെ സമീപിച്ചു.തുടർന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ഷഫീക്കിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. അന്വേഷണത്തിനൊടുവിൽ പൊലീസ് വെടിവെപ്പ് കേസിൽ അന്നത്തെ കാസർഗോഡ് എസ്‌പി രാംദാസ് പോത്തനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ. എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു. തിരുവനന്തപുരം യൂണിറ്റ് എസ്‌പി വി.കെ രഘുകുമാർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആർ സമർപ്പിച്ചത്.

രാംദാസ് പോത്തന്റെ കോടതിയിൽ നൽകിയ മൊഴി

വൈകീട്ട് 4.30ഓടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാണ് മുസ്‌ലിം ലീഗ് പ്രവർത്തകർ പ്രകടനം നടത്തിയത്. പ്രവർത്തകരിലെ ഒരു വിഭാഗമാണ് ആദ്യം പ്രകടനത്തിനും ആക്രമണത്തിനും നേതൃത്വം നൽകിയത്. പിന്നീട് പല ഗ്രൂപ്പുകളായി തിരിഞ്ഞ് ടൗണിൽ വ്യാപകമായ ആക്രമണം നടത്തുകയായിരുന്നു. കല്ല്, ഇരുമ്പ് ദണ്ഡ് തുടങ്ങിയ ആയുധങ്ങൾ പ്രവർത്തകരുടെ കയ്യിലുണ്ടായിരുന്നു. അക്രമികളെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊലീസ് എയ്ഡ് പോസ്റ്റ് ഉൾപ്പെടെ ആക്രമിക്കപ്പെട്ടു.

തുടർന്ന് ടൗണിലെ പട്ടിക ജാതിക്കാർ താമസിക്കുന്ന കോളനിക്ക് നേരെ ആക്രമണമുണ്ടായി. പിന്നീട് ഷൺമുഖ മന്ദിരം ഭജനമ മഠം ആക്രമിക്കപ്പെട്ടു. ഇവിടത്തെ ത്രിശൂലം നശിപ്പിച്ചു. ഇതെല്ലാം മനപ്പൂർവ്വം വർഗ്ഗീയ കലാപത്തിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ആക്രമണം ശക്തമായതോടെ മറുഭാഗത്ത് ഹിന്ദു വിഭാഗത്തിൽപ്പെട്ടവരും സംഘടിച്ചു. സലഫി മസ്ജിദിന് നേരെ ആക്രമണമുണ്ടായി.പൊലീസ് ജീപ്പ്, കെ.എസ്.ആർ.ടി.സി ബസ്സുകൾ തകർത്ത് ആക്രമണം ശക്തമായതോടെ പൊലീസ് കണ്ണീർ വാതകവും ലാത്തി ചാർജ്ജും പ്രയോഗിച്ചെങ്കിലും അക്രമികൾ പിരിഞ്ഞു പോയില്ല. ഈ സമയത്ത് ആവശ്യമായ പൊലീസും സ്ഥലത്തില്ലായിരുന്നു. തന്റെയും സഹപ്രവർത്തകരുടെയും ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന് വ്യക്തമായതോടെ സർവ്വീസ് റിവോൾവർ പുറത്തെടുത്ത് വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. എന്നിട്ടും അക്രമികൾ പിരിഞ്ഞുപോകാതിരുന്നതിനെ തുടർന്ന് മൂന്ന് റൗണ്ട് വെടിവെക്കുകയായിരുന്നു. ഈ വെടിവെപ്പിൽ ഒരു മുസ്‌ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ഹിന്ദു സംഘങ്ങളുടെ ആക്രമണത്തിലും ഒരാൾ കൊല്ലപ്പെട്ടു.കാസർകോഡ് സാധാരണഗതിയിൽ കാണാത്ത കല്ലുകളും മറ്റുമാണ് അക്രമണത്തിന് ഉപയോഗിക്കപ്പെടാറുള്ളത്. കാസർകോഡിന് പുറത്തുള്ള ചില തീവ്രവാദ സംഘടനകളും ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നു. കാസർക്കോഡ് സംഘർഷമുണ്ടായ സമയത്ത് തന്നെ തളിപ്പറമ്പിലും നാദാപുരത്തും സംഘർഷമുണ്ടായിരുന്നു. മലബാറിൽ ഒന്നാകെ വർഗ്ഗീയ കലാപമുണ്ടാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും മൊഴിയിൽ പറയുന്നു.

വെടിവെപ്പ് കേസിൽ കോടതി വിധി എന്തായിരുന്നു

ലീഗ്‌ പ്രവർത്തകൻ കൈതക്കാട്ടെ ഷെഫീഖ്‌ (21) വെടിയേറ്റ്‌ മരിച്ച സംഭവത്തിൽ റിട്ട. എസ്‌.പി. രാംദാസ്‌ പോത്തൻ കുറ്റക്കാരനല്ലെന്ന്‌ സിബിഐ അന്വേഷണ റിപ്പോർട്ടണ് 2013 എറണാകുളം സിജെഎം കോടതിയിലാണ്‌ സിബിഐ അഡീഷണൽ സൂപ്രണ്ട്‌ നന്ദകുമാർ സമർപ്പിച്ചത്. നന്ദകുമാറിനു പുറമെ ഡിഐജി സൈനുഗതറും എസ്‌പി ജോസ്‌ മോഹനുമാണ്‌ കേസിൽ അന്വേഷണം നടത്തിയത്‌.

സ്വയരക്ഷാർത്ഥമാണ്‌ വെടിവെച്ചതെന്ന രാംദാസ്‌ പോത്തന്റെ വാദം സിബിഐ റിപ്പോർട്ടിൽ ശരിവെക്കുന്നു. സ്വയരക്ഷയ്ക്കും സഹപ്രവർത്തകരുടെ രക്ഷയ്ക്കും അക്രമം തടയുന്നതിനുമാണ്‌ വെടിവെപ്പ്‌ നടന്നത്‌. കൃത്യനിർവ്വഹണത്തിന്റെ ഭാഗമായ നടപടിയാണ്‌ രാംദാസ്‌ പോത്തന്റെ ഭാഗത്തുനിന്നും ഉണ്ടായത്ന്നും അതിനാൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ സാധിക്കില്ലന്നും സി ബി ഐ കോടതിയെ അറിയിച്ചു. ജില്ലയിലെ ലീഗ്‌ നേതാക്കളായ ചെർക്കളം അബ്ദുല്ല, എം.സി. ഖമറുദ്ദീൻ, എ. ഹമീദ്‌ ഹാജി എന്നിവരുൾപെടെയുള്ളവരിൽ നിന്നും രാംദാസ്‌ പോത്തനിൽ നിന്നും ഷഫീഖിന്റെ ബന്ധുക്കളിൽ നിന്നും ദൃക്‌സാക്ഷികളായവരിൽ നിന്നും സിബിഐ ഉദ്യോഗസ്ഥർ തെളിവെടുപ്പ്‌ നടത്തിയിരുന്നു.

വെടിവെപ്പും നിസാർ കമ്മീഷനും ബിജെപി വാദവും..

മുസ്ലിംലീഗ് പ്രവർത്തകൻ വെടിയേറ്റുമരിച്ച സംഭവത്തിൽ എസ്‌പിയായിരുന്ന രാംദാസ് പോത്തൻ കുറ്റക്കാരനല്ലെന്ന് സിബിഐ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു . വെടിവെപ്പ് സംബന്ധിച്ച അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ താലൂക്ക് ഓഫീസ് ധർണ നടത്തുകയുണ്ടായി. ലീഗ് നേതാക്കൾക്കെതിരെ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിസാർ കമ്മീഷനെ പിരിച്ചുവിട്ടത് ആരോപണമാണ് സുരേന്ദ്രൻ ഉയർത്തിയത്.