കാസർഗോഡ്: കാസർഗോഡ് ലോകസഭാ മണ്ഡലം തിരിച്ച് പിടിക്കാൻ യു.ഡി.എഫ് ഒറ്റക്കെട്ടായി ഇറങ്ങി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ബഹുദൂരം മുന്നേറിയിരിക്കയാണ് ജില്ലയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയക്കുറിച്ച് തീരുമാനമായില്ലെങ്കിലും ബൂത്ത് മുതൽ ജില്ല വരെ ചലിപ്പിക്കാൻ നേതാക്കളും അണികളും രംഗത്തിറങ്ങി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിന്റെ ആദ്യ ജില്ലാ കൺവെൻഷൻ നടന്നത് കാസർഗോഡാണ്. ജില്ലാ തല കൺവെൻഷന് ശേഷം ഘടക കക്ഷികൾ തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹാരിക്കാനായിരുന്നു നേതൃത്വത്തിന്റെ ശ്രമം. അത് ഏറെക്കുറെ പരിഹരിക്കപ്പെട്ടു. നിയോജക മണ്ഡലം തലത്തിൽ കോൺഗ്രസ്സും മുസ്ലിം ലീഗും തമ്മിലുള്ള ഭിന്നതകൾക്ക് പരിഹാരമായതോടെ മണ്ഡലം കൺവെൻഷനുകൾ പൂർത്തീകരിക്കപ്പെട്ടു.

തുടർന്ന് പഞ്ചായത്ത് തലത്തിലുള്ള പ്രശ്നങ്ങളും പറഞ്ഞ് തീർത്ത് ഒരുമിച്ച് മുന്നേറാൻ ശ്രമിക്കുകയാണ് യു.ഡി.എഫ്. അടുത്ത മാസം 10 ഓടെ പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തീകരിക്കപ്പെടും. തുടർന്ന് ബൂത്ത് കമ്മിറ്റികളെ ശക്തമാക്കാനുള്ള പ്രവർത്തനങ്ങളിലേക്ക് തിരിക്കും. ചരിത്രത്തിൽ ഒരിക്കലുമില്ലാത്ത പ്രവർത്തനത്തിന് യു.ഡി.എഫ്. ഒരുങ്ങിയത് മണ്ഡലം തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്. യു.ഡി.എഫിന്റെ സ്ഥാനാർത്ഥിക്കാര്യത്തിൽ അന്തിമ തീരുമാനമായില്ലെങ്കിലും മുൻ കോൺഗ്രസ്സ് എം. പി. രാമറൈയുടെ മകൻ സുബ്ബയ്യറൈക്കാണ് മുൻ തൂക്കം. മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളിലെ അദ്ദേഹത്തിന്റെ സ്വാധീനവും ആദർശ പരിവേഷവുമാണ് റാമറൈക്ക് പാർട്ടി എ. പ്ലസ് നൽകുന്നത്.

മാത്രമല്ല ഭാഷാ ന്യൂനപക്ഷങ്ങൾക്കും കന്നഡികർക്കും അവരുടേതായ ഒരു സ്ഥാനാർത്ഥിയെ ലഭിക്കുക എന്നത് ഏറെക്കാലത്തെ ആഗ്രഹമാണ്. മുമ്പ് രാമറൈയും രമാണ്ണറൈയും ഒക്കെയായിരുന്നു കാസർഗോഡ് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. എന്നാൽ ഏറെക്കാലമായി ഈ സപ്ത ഭാഷാ ഭൂമിയിൽ ലോകസഭയിൽ ഒരു ഭാഷാ ന്യൂനപക്ഷ പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടിട്ട്. രാമണ്ണറൈ സിപിഎം. ടിക്കറ്റിൽ ജയിച്ചാണ് എംപി. യായത്. ഭാഷാ ന്യൂനപക്ഷങ്ങളെ നിയമസഭാ, ലോകസഭാ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിത്വത്തിൽ തുടർച്ചയായി അവഗണിക്കുന്നുവെന്ന പരാതിയും പ്രത്യേകിച്ച് കാസർഗോഡ് , മഞ്ചേശ്വരം ഭാഗത്തു നിന്ന് ഉയരാറുണ്ട്. അതിന് പരിഹാരമെന്നോണം സുബ്ബയ്യറൈക്ക് ടിക്കറ്റ് നൽകാൻ കോൺഗ്രസ്സ് മുതിർന്നേക്കും. മംഗലാപുരത്തെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു വരികയാണ് സുബ്ബയ്യറൈ. കെപിസിസി. എക്സിക്യൂട്ടീവ് മെമ്പറാണ്. നേരത്തെ ജില്ലാ സെക്രട്ടറിയുമായിരുന്നു. കഴിഞ്ഞ തവണ സിപിഎം. സ്ഥാനാർത്ഥി സിറ്റിങ് എംപി.യുമായ പി.കരുണാകരനെ വിറപ്പിച്ച സ്ഥാനാർത്ഥിയായിരുന്നു കോഴിക്കോട് ഡി.സി.സി. പ്രസിഡണ്ടായ ടി.സിദ്ദിഖ്.

65,000 ലീഡുണ്ടായിരുന്ന കരുണാകരനെ 6921 ലേക്ക് താഴ്‌ത്തിയത് സിദ്ദിഖിന്റെ മികച്ച പ്രകടനം കൊണ്ടായിരുന്നു. ഇക്കാരണങ്ങളാൽ ടി. സിദ്ദിഖിനെ വീണ്ടും കാസർഗോഡ് മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിലവിൽ കോൺഗ്രസ്സ് എ. ഗ്രൂപ്പിന്റെ സീറ്റാണിത്. ടി. സിദ്ദിഖും സുബ്ബയ്യറൈയും എ.വിഭാഗത്തിലെ നേതാക്കളാണ്. പോരാത്തതിന് ഉമ്മൻ ചാണ്ടിയുമായി ഏറ്റവും അടുപ്പമുള്ളവരും. അതിനാൽ ഈ രണ്ട് സ്ഥാനാർത്ഥികളിൽ ആരെ നിർത്തുന്നുവെന്ന കാര്യത്തിൽ കോൺഗ്രസ്സിൽ വലിയ പ്രശ്നങ്ങളുണ്ടാവില്ല. ഈ രണ്ട് പേരിൽ ആര് വന്നാലും യു.ഡി.എഫ് സ്വീകരിക്കും.

സ്ഥാനാർത്ഥിയെ സംബന്ധിച്ച കാര്യങ്ങളൊന്നും പുറത്ത് പറയുന്നില്ലെങ്കിലും യു.ഡി.എഫ് ചെയർമാൻ കെ.സി. കമറുദ്ദീനും കൺവീനർ എ. ഗോവിന്ദൻ നായരും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഇറങ്ങി തിരിച്ചിരിക്കയാണ്. സ്ഥാനാർത്ഥിയെ സംബന്ധിച്ച് സംസ്ഥാനത്തു തന്നെ പ്രശ്നങ്ങളില്ലാത്ത മണ്ഡലമായിരിക്കും കാസർഗോഡ്.