കാസർകോട്: കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഒരുതരത്തിലുമുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മത, സാമുദായിക പൊതുപരിപാടികളും അനുവദനീയമല്ലെന്ന് കളക്ടർ സ്വാഗത് ആർ. ഭണ്ഡാരിയുടെ ഉത്തവ്. ഉത്തരവിനുപിന്നാലെ അത് റദ്ദുചെയ്‌തെന്ന അറിയിപ്പും പുറത്തുവന്നു. സിപിഎം കാസർകോട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കവേയാണ് രാഷ്ട്രീയ പരിപാടികളും അനുവദിക്കില്ലെന്ന അറിയിപ്പു വന്നത്. ഇതോടെ സിപിഎം നേതാക്കൾ കലിപ്പിലായി. ഉടൻ തന്നെ ഉത്തരവ് റദ്ദു ചെയ്തു കൊണ്ടുള്ള അറിയിപ്പും എത്തി.

മൂന്നുദിവസത്തെ ശരാശരി രോഗസ്ഥിരീകരണനിരക്ക് 30.5 ആയതിനാലാണ് നടപടിയെന്നുപറഞ്ഞായിരുന്നു കളക്ടറുടെ ഉത്തരവ്. നിശ്ചയിച്ച പരിപാടികൾ സംഘാടകർ അടിയന്തരമായി മാറ്റിവെക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ പരമാവധി 50 ആളുകളെ പങ്കെടുപ്പിച്ച് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുമാത്രം നടത്തണം.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കും. സർക്കാർനിർദ്ദേശം പാലിക്കാത്ത സാഹചര്യം പലയിടങ്ങളിലുമുണ്ട്. ഉത്സവാഘോഷച്ചടങ്ങുകൾ നടത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും അതത് സ്റ്റേഷൻ ഹൗസ് ഓഫീസറിൽനിന്നും അനുമതി വാങ്ങണം. കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നുറപ്പാക്കാൻ ഇത്തരം ചടങ്ങുകളിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.

രാത്രി ഒൻപതോടെയാണ് ഈ ഉത്തരവ് റദ്ദുചെയ്തുകൊണ്ടുള്ള കളക്ടറുടെ അറിയിപ്പ് ലഭിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണെന്നും അതിനാൽ നേരത്തേയുള്ള ഉത്തരവ് റദ്ദുചെയ്യുന്നുവെന്നുമാണ് കളക്ടറുടെ അറിയിപ്പിൽ പറയുന്നത്. ഇതിനിടെ കളക്ടറുടെ ആദ്യ ഉത്തരവ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ചാനലുകളിൽ വാർത്തയും വന്നു.

രാഷ്ട്രീയപരിപാടികളും അനുവദനീയമല്ലെന്ന ഉത്തരവിലെ പരാമർശമാണ് ഇത് റദ്ദാക്കാൻ കാരണമെന്നാണ് സൂചന. അതസമയം സിപിഎം 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള കാസർകോട് ജില്ലാ സമ്മേളനം ഇന്നാണ് ആരംഭിക്കുന്നത്. മടിക്കൈ അമ്പലത്തുകരയിലാണ് മൂന്ന്ദിവസം സമ്മേളനം നടക്കുക. മടിക്കൈ ബാങ്കിനുസമീപം കെ ബാലകൃഷ്ണൻ നഗറിൽ രാവിലെ 10ന് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കരുണാകരൻ, പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, എം വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, ടി പി രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. 26,120 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 150 പേരും 35 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുക.

മടികൈ പഞ്ചായത്തിൽ നിലവിൽ 30 ശതമാനമാണ് ടിപിആർ. 200ൽ താഴെ ആളുകൾ മാത്രമേ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കയുള്ളുവെന്നാണ് സിപിഎം പറയുന്നത്. എന്നാൽ വൊളണ്ടിയർമാർ കൂടി ചേരുമ്പോൾ 300നടുത്ത് ആളുകൾ സമ്മേളനത്തിന്റെ ഭാഗമാകും. 600 പേർക്ക് ഇരിക്കാൻ കഴിയുന്ന വേദിയാണെന്നും സാമൂഹിക അകലം ഉൾപ്പെടെയുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുമെന്നുമാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്. ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും ജില്ലാ സമ്മേളനം മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.