- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട്ട് നടന്നത് ആൾക്കൂട്ട കൊലപാതകത്തിന്റെ ഭീതിത രൂപം; മർദ്ദനമേറ്റിട്ടില്ലെന്ന പറഞ്ഞ പൊലീസ് ശ്രമിക്കുന്നത് ആൾക്കൂട്ട കൊല അല്ലാതാക്കാനുള്ള ശ്രമമെന്നും ആക്ഷേപം; റഫീഖിനെ പിടിച്ചു തള്ളുന്നതും കുഴഞ്ഞു വീഴുന്നതും സിസി ടി വി ദൃശ്യങ്ങളിൽ വ്യക്തം; കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് രാഷ്ട്രീയ നേതാക്കൾ
കാസർകോട്: പട്ടാപ്പകൽ ആൾക്കൂട്ടം ഒരാളെ മർദ്ദിച്ചു കൊന്നതിന്റെ ഞെട്ടലിലാണ് കേരളം. ഉത്തരേന്ത്യൻ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് സമാനാണ് ഇതെന്ന ആക്ഷേപം ഉയരുമ്പോഴും അല്ലെന്ന് വരുത്താനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസെന്നും വിമർശനം ഉയരുന്നു. ഏറെ നാളുകളായി ശാന്തമായിരുന്ന കാസർകോട് നഗരത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായത് സമാധാന അന്തരീക്ഷത്തെ തകർക്കുന്നതാണെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
ദേശീയപാതയോരത്തെ ആശുപത്രിയിൽ സ്ത്രീയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവമാണ് ഒരാളുടെ മരണത്തിൽ കലാശിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലും നഗരത്തിൽ സംഘട്ടനങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, ശനിയാഴ്ച നടന്ന സംഭവം ഞെട്ടിച്ചു. ശക്തമായ പൊലീസ് നടപടിയിലൂടെ പ്രതിക്ക് മാതൃകാപരമായ ശിക്ഷ നൽകി പരിഹരിക്കാമായിരുന്ന പ്രശ്നമാണ് മരണത്തിൽ കൊണ്ടുചെന്നെത്തിച്ചത്. ആശുപത്രിയിൽ ശല്യം ചെയ്തുവെന്ന് പരാതി പറഞ്ഞ സ്ത്രീ തത്സമയം പ്രതികരിച്ചിരുന്നു. മകന്റെ ബെൽറ്റ് അഴിച്ചെടുത്ത് മർദിക്കുകയായിരുന്നു. അതിനു പുറമെ അവർ പിന്നാലെ ഓടി മർദിക്കുകയും ചെയ്തിരുന്നു.
നാട്ടുകാർ 'പ്രതി'യെ പിടികൂടി പൊലീസിൽ ഏൽപിക്കുന്ന പതിവുരീതിക്ക് മാറ്റം വന്നു. നിരവധിയാളുകൾ പിന്തുടരുകയും കാമറ പതിയാത്ത സ്ഥലത്തുവെച്ച് മർദിക്കുകയുമായിരുന്നുവെന്ന് പറയുന്നു. അതേസമയം, ആൾക്കൂട്ട മർദനം പൊലീസ് അംഗീകരിച്ചിട്ടില്ല. റഫീഖിന്റെ ദേഹത്ത് പാടുകളില്ലാത്തതിനാൽ പോസ്റ്റ് മോർട്ടത്തിന് കാത്തിരിക്കുകയാണ് പൊലീസ്. ആൾക്കൂട്ട കൊലയല്ലാതാക്കാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട് എന്ന സംശയവും മരിച്ചയാളുടെ ബന്ധുക്കൾക്കുണ്ട്.
അതേസമയം, സംഭവത്തിൽ ഗൗരവപൂർവമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ടി.ഇ. അബ്ദുല്ലയും ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാനും ആവശ്യപ്പെട്ടു. കുറച്ചുകാലമായി നഗരത്തിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനും ആക്രമണത്തിനും അറുതി വന്നിരുന്നു. വീണ്ടും കൊലപാതകം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആൾക്കൂട്ടക്കൊലപാതകം. നിയമം കൈയിലെടുക്കാനും കൊല്ലാനും ആർക്കും അധികാരമില്ല. കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ നൽകാതെ സത്യസന്ധമായ അന്വേഷണം നടത്താൻ പൊലീസ് തയാറാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
റഫീഖിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 1.45 നാണ് സംഭവം. മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയ 35 കാരിയെ റഫീഖ് അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. യുവതി ചോദ്യം ചെയ്തതോടെ റഫീഖ് ആശുപത്രിയിൽ നിന്ന് ഇറങ്ങി പുറത്തേക്ക് ഓടി. യുവതി പുറത്തിറങ്ങി ബഹളം വച്ചതോടെ, ഇതുകേട്ട് വന്ന റോഡരികിലുണ്ടായിരുന്ന ആളുകളിൽ ചിലർ റഫീഖിനെ കയ്യേറ്റം ചെയ്തു.
പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ഓടിയ റഫീഖിനെ ഒരു സംഘം പിന്തുടർന്ന് മർദിച്ചതായി ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പിടിച്ചു തള്ളുന്നത് സിസി ടിവി ദൃശ്യങ്ങളിൽ കാണാം. നിലത്ത് കുഴഞ്ഞു വീണു കിടന്ന റഫീഖിനെ ആംബുലൻസ് ഡ്രൈവർമാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. റഫീഖിന്റെ മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. കൊലപാതക വിവരമറിഞ്ഞ് കാസർകോട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇതിനിടെ റഫീഖിനെ ആളുകൾ മർദ്ദിക്കുന്ന സമയത്ത് പൊലീസുകാർ അവിടെ എത്തിയിരുന്നു. പൊലീസുകാർ ബൈക്കിൽ പോകുകയായിരുന്നു. രണ്ട് പൊലീസുകാർ ആണ് ബൈക്കിൽ പോയത്. റഫീഖിനെ മർദ്ദിക്കുന്നത് കണ്ടിട്ടും പൊലീസ് ബൈക്ക് നിർത്താൻ തയ്യാറാകുകയോ എന്താണ് പ്രശ്നമെന്ന് അന്വേഷിക്കാൻ തയ്യാറാകുകയോ ചെയ്തില്ല.
സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ ആണ് പൊലീസിന് എതിരെ ആ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ, ഈ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു. സംഭവം നടക്കുന്ന സമയക്ക് പൊലീസ് ബൈക്കിൽ പ്രദേശത്തു കൂടി കടന്നുപോയെന്നും എന്നാൽ റഫീഖിനെ മർദ്ദിക്കുന്നത് കണ്ടിട്ടും ഇടപെട്ടില്ലെന്നും ആയിരുന്നു ആരോപണം. എന്നാൽ, ഈ ആരോപണങ്ങൾ പൊലീസ് നിഷേധിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ